സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ഇനി ചുരുക്കം ദിവസങ്ങളേയുള്ളൂ. രാജ്യമെങ്ങും ഒരേ മനസ്സോടെ വിജയം കൊണ്ടാടുന്ന ദിവസം. അതോടൊപ്പമുള്ള മറ്റൊരു സന്തോഷമാണ് അവധി. ഇത്തവണ ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് വരുന്നത്. അതിനാൽ ഒരവധി എടുക്കാൻ പറ്റിയാൽ സുഖമായി നീണ്ട വാരാന്ത്യം ആഘോഷിക്കാം. അവധി കിട്ടിയാലും ഇനി പ്ലാൻ ചെയ്യാൻ സമയമില്ലല്ലോ എന്നായിരിക്കും കുറച്ചു പേരുടെയെങ്കിലും ആശങ്ക.
ഇന്ന് മുതൽ നോക്കിയാൽ നമുക്ക് ഇനി 9 ദിവസമുണ്ട് സ്വാതന്ത്ര്യ ദിനത്തിലേക്ക്. അവസാന നിമിഷ ഓഫറുകളും ഡീലുകളും സ്വന്തമാക്കാൻ പറ്റിയ ലാസ്റ്റ് ചാൻസ് കൂടിയാണ് ഈ ദിവസങ്ങൾ. പിന്നെയും കാത്തു നിന്നാൽ പിന്നെ യാത്രകൾ വിചാരിച്ചതുപോലെ പോകാൻ പറ്റിയില്ലെന്നു വരും. ഇതാ ഓഗസ്റ്റിലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള നീണ്ട വാരാന്ത്യത്തിൽ അവസാന നിമിഷ പ്ലാനുകൾക്കായി തിരഞ്ഞെടുക്കാൻ പറ്റിയ വിദേശ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം.

മാലദ്വീപ്
ഒരു സമയത്ത് ഇന്ത്യയിൽ നിന്നുള്ള വിദേശയാത്രകളിൽ ഏറ്റവും കൂടുതല്‍ ആളുകൾ തിരഞ്ഞെടുത്തിരുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു മാലദ്വീപ്. കുറഞ്ഞ ചെലവും അതിനേക്കാൾ മികച്ച കാഴ്ചകളും ഉൾപ്പെടെ നിരവധി കാരണങ്ങൾ ഇന്ത്യക്കാരെ മാലദ്വീപിലേക്ക് ആകർഷിച്ചിരുന്നു. ഹണിമൂൺ യാത്രകൾക്കും വീക്കെൻഡ് യാത്രകൾക്കും ഒക്കെ മുന്‍പന്തിയിൽ നിന്നിരുന്ന ഇടമായിരുന്നു. എന്നാൽ പിന്നീട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും പിന്നാലെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പ്രതികരണവും മൂലം ഇന്ത്യൻ സഞ്ചാരികൾ മാലദ്വീപിനെ തീർത്തും ഉപേക്ഷിക്കുന്ന അവസ്ഥയും വന്നിരുന്നു.
എന്തുതന്നെയായാലും കടലും ബീച്ചും ഇഷ്ടപ്പെടുന്നവർക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് മാലദ്വീപ് എന്ന കാര്യത്തിൽ സംശയമില്ല. ചിലവാക്കുന്ന കാശിന് ഒത്ത മൂല്യം ഇവിടം നിങ്ങൾക്ക് തരുന്നു. ഒരു മാലയിൽ കൊരുത്തിട്ട മുത്തുകൾ പോലെ ചേർന്നു കിടക്കുന്ന ദ്വീപുകളും വൈവിധ്യമാർന്ന കാഴ്ചകളും ബീച്ച് ലൈഫും എല്ലാം ഇവിടെ ആസ്വദിക്കേണ്ടവയാണ്. വെള്ളത്തിലെ സാഹസികൾക്ക് ഇവിടം മികച്ച ഇടമാണ്. സ്വാതന്ത്ര്യ ദിന വാരാന്ത്യ യാത്രയിൽ ഇവിടം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ശ്രീലങ്ക
അവസാന നിമിഷ യാത്രാ പ്ലാനുകളിൽ സ്ഥിരം ഇടം നേടുന്ന രാജ്യമാണ് ശ്രീലങ്ക. കുറഞ്ഞ ദൂരവും ചെലവും വിസാ നടപടികളിലെ എളുപ്പവും എല്ലാം ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നു. അത് മാത്രമല്ല, അവസാന നിമിഷമാണ് യാത്ര പോകാൻ തീരുമാനിക്കുന്നതെങ്കിലും പോക്കറ്റ് കീറാതെ പോയി വരാനും കഴിയും. അത് മാത്രമല്ല, ശ്രീലങ്ക നിങ്ങളെ ഒരു സഞ്ചാരിയെന്ന നിലയിൽ ഒട്ടും നിരാശപ്പെടുത്തുകയുമില്ല. ബീച്ചുകൾ, ക്ഷേത്രങ്ങൾ, മനോഹരമായ ട്രെയിൻ യാത്രകൾ, പഴയ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ, വൈൽഡ് ലൈഫ് സഫാരികൾ എന്നിങ്ങനെ കുറേ കാര്യങ്ങൾ ഇവിടെ ആസ്വദിക്കാനുമുണ്ട്.
ദുബായ്
പണ്ട് കൈ നിറയെ കാശുണ്ടെങ്കിൽ മാത്രം കറങ്ങാൻ കഴിഞ്ഞിരുന്ന ലക്ഷ്യസ്ഥാനമായ ദുബായ് ഇന്ന് സാധാരണക്കാർക്കും പോകാൻ പറ്റുന്ന ഇടമായി മാറി. ഒരു ലക്ഷം രൂപയിൽ താഴെ മാത്രം മതി ദുബായ് കറങ്ങിയടിച്ച് എക്സ്പ്ലോർ ചെയ്തു വരുവാൻ. ഇവിടേക്കുള്ള വിമാന സർവീസുകളുടെ എണ്ണം, പെട്ടന്നു കിട്ടുന്ന വിസ, ചെറിയ നിരക്കിലുള്ള ടൂർ പാക്കേജുകള്‍, എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട് അവസാന നിമിഷ യാത്രകള്‍ക്ക് ദുബായ് തിരഞ്ഞെടുക്കുവാൻ.ബുർജ് ഖലീഫ,ഡെസേര്‍ട്ട് സഫാരി, ഷോപ്പിങ്, മറ്റു വിനോദങ്ങള് തുടങ്ങി ദുബായ് ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളെല്ലാം സാധിച്ചുവേണം തിരികെ വരാനും.
നേപ്പാൾ
സമാധാനപൂർണ്ണമായ വാരാന്ത്യ യാത്രകൾ പ്ലാന്‍ ചെയ്യുമ്പോൾ നമുക്ക് നേപ്പാളിനെയും പട്ടികയിൽ ഉൾപ്പെടുത്താം. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളോ പാർട്ടികളോ ഷോപ്പിങ്ങോ ഒക്കെയാണ് തേടുന്നതെങ്കിൽ ഇത് നിങ്ങൾക്ക് യോജിച്ച ഇടമല്ല. മറിച്ച് പ്രകൃതിഭംഗി, ട്രെക്കിങ്, ഓഫ്ബീറ്റ് ഇടങ്ങൾ തേടിയുള്ള യാത്ര, ഗ്രാമങ്ങൾ എന്നിവയൊക്കെ കുറഞ്ഞ ദിവസത്തിൽ ആസ്വദിക്കണമെങ്കിൽ നിങ്ങൾക്ക് നേപ്പാൾ തിരഞ്ഞെടുക്കാം. പക്ഷേ, ഏറ്റവും കുറഞ്ഞത് ഒരാഴ്ച മുൻപേയെങ്കിലും ബുക്കിങ്ങും മറ്റും നടത്തുവാൻ മറക്കരുത്.
സിംഗപ്പൂർ
തൊട്ടുമുകളിൽ പറഞ്ഞ നേപ്പാളിൽ നിങ്ങൾക്ക് കിട്ടാത്തത് ഇവിടെ സിംഗപ്പൂരിൽ ലഭിക്കും. പ്രകൃതിയല്ല, ഷോപ്പിങ്, സിറ്റി ലൈഫ്, നൈറ്റ് ലൈഫ്, മാളുകൾ, കെട്ടിടങ്ങൾ എന്നിവയൊക്കെയാണ് ഈ വാരാന്ത്യത്തിൽ നിങ്ങൾ കാണുവാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിന് സിംഗപ്പൂരിലേക്ക് വരാം. ലോകത്തിലെ തന്നെ മികച്ച സിറ്റി- സ്റ്റേറ്റുകളിലൊന്നായ സിംഗപ്പൂർ അതിന്‌റെ വൃത്തിക്കാണ് പേരുകേട്ടിരിക്കുന്നത്. ഭക്ഷണനും ഷോപ്പിങ്ങും പൊതുഗതാഗതവുമെല്ലാം ഇവിടെ മറ്റൊരിടത്തും കാണാത്തതരത്തിലുള്ള മികച്ച രീതിയിലാണുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













