യാത്രാരംഗത്ത് വൻ മാറ്റങ്ങളിലൂടെയും പുരോഗതിയിലൂടെയുമാണ് ഇന്ത്യ കടന്നു പോകുന്നത്. ആഭ്യന്തര യാത്രകളാണെങ്കിലും അന്താരാഷ്ട്ര യാത്രകളാണെങ്കിലും ഈ മാറ്റങ്ങൾ ദൃശ്യമാണ്. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യയ്ക്കും ശ്രീ ലങ്കയ്ക്കും ഇടയിൽ കപ്പൽ സർവീസ് പുനരാരംഭിച്ചിരിക്കുകയാണ്. വിനോദസഞ്ചാര രംഗത്ത് മാത്രമല്ല, വാണിജ്യ രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യമാകുന്ന ഒന്നാണ് ഇന്ത്യ-ശ്രീലങ്ക കപ്പൽ സർവീസ്.
തമിഴ്നാട് നാഗപട്ടിണം തുറമുഖത്തു നിന്നും ശ്രീലങ്കയിലെ ജാഫ്‌നയിലെ കാങ്കേശൻതുറയിലേക്ക് സർവീസ് നടത്തുന്ന കപ്പൽ ശനിയാഴ്ച ആദ്യ സർവീസ് നടത്തി. ഏകദേശം നാല്പതോളം വർഷങ്ങൾക്കു ശേഷമാണ് ശ്രീലങ്കയിലേക്ക് ഇന്ത്യയിൽ നിന്നും സ്ഥിരം കപ്പൽ സർവീസ് ആരംഭിക്കുന്നത്. 1980 കളിൽ ആയിരുന്നു ഇന്ത്യ-ശ്രീലങ്ക കപ്പൽ സർവീസ് അവസാനമായി നടന്നത്.

ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ചെറിയപാണി എന്ന കപ്പലാണ് ഇന്ത്യ- ശ്രീ ലങ്ക കപ്പൽ സർവീസ് നടത്തുന്നത്. നാഗപട്ടിണം തുറമുഖത്തു നിന്നും നടത്തിയ ആദ്യ യാത്രനിയാഴ്ച രാവിലെ 8.15 ന് പുറപ്പെട്ട് ഉച്ചയ്ക്കു മുൻപായി കാങ്കേശൻതുറയിലെത്തി. ആദ്യ യാത്രയിൽ 50 സഞ്ചാരികളും 12 കപ്പൽ ജീവനക്കാരും ഉണ്ടായിരുന്നു. ആദ്യ യാത്ര സൗജന്യ നിരക്കിലാണ് യാത്രക്കാർ പോയത്.
ഇന്ത്യ-ശ്രീലങ്ക കപ്പൽ യാത്രാ സമയം
ചെറിയ പാണി കപ്പലിൽ ഒരു യാത്രയിൽ ആകെ 150 പേര്‍ക്ക് യാത്ര ചെയ്യാം. നിലവിൽ ഒക്ടോബർ 13 വരെ യാത്ര ചെയ്യാനുള്ള അനുമതിയാണുള്ളത്. അതിനു ശേഷം കടലിലെ കാലാവസ്ഥയും കാറ്റും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് നിർത്തി വയ്ക്കുന്ന സർവീസ് 2024 ജനുവരി മുതൽ സ്ഥിരം സർവീസിലേക്ക് മാറും. വരുന്ന ദിവസങ്ങളിൽ രാവിലെ 7 മണിക്ക് നാഗപട്ടണത്തു നിന്നും പുറപ്പെടുന്ന സര്‍വീസ് 11 മണിയോടെ കാങ്കേശൻതുറയിലെത്തും. മടക്ക യാത്രയിൽ കങ്കേശൻ തുറയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.00 മണിയോടെ പുറപ്പെട്ട് വൈകിട്ട് അഞ്ച് മണിയോടെ നാഗപട്ടിണത്തെത്തും.

ഇന്ത്യ-ശ്രീലങ്ക കപ്പൽ യാത്രാ ബുക്കിങ്
കെപിവി ശൈഖ് മുഹമ്മദ് റാവുത്തർ എന്ന സ്വകാര്യ ഏജൻസി വഴിയാണ് കപ്പൽ യാത്രാ ടിക്കറ്റ് ബുക്കിങ് സാധ്യമാവുകയുള്ളൂ. ഇവരുടെ www.kpvs.in എന്ന വെബ്സൈറ്റിൽ പാസ്പോർട്ട്, വിസ ഉൾപ്പെടെയുള്ള വിവരങ്ങൾ നല്കിയാൽ ടിക്കറ്റ് ലഭിക്കും. വിസ ലഭിക്കുവാനും വലിയ ബുദ്ധിമുട്ടില്ല. ശ്രീ ലങ്കൻ സര്‍ക്കാരിന്‍റെ വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്തുോ അല്ലെങ്കിൽ ട്രാവൽ ഏജൻസികളോ വഴി വിസയ്ക്ക് അപേക്ഷിക്കാം. വിനോദസഞ്ചാരി എന്ന നിലയിൽ അപേക്ഷിച്ചാൽ ഒറ്റ ദിവസത്തിനുള്ളിൽ വിസ ലഭിക്കും. നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വിസയും പാസ്പോർട്ടും നാഗപട്ടിണം പോർട്ട് പാസഞ്ചർ ടെർമിനലിൽ ഹാജരാക്കണം.
ഇന്ത്യ-ശ്രീലങ്ക ഫെറി ടിക്കറ്റ് നിരക്ക്
ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 13,000 രൂപയും നികുതിയുമാണ് നിരക്ക് വരിക. ഒരു വശത്തേയ്ക്കാണ് യാത്രയെങ്കിൽ നിരക്ക് 7670 രൂപേ നികുതിയടക്കം ആവുകയുള്ളൂ. കൂടാതെ യാത്രക്കാർക്ക് 50 കിലോ ഭാരം വരെ ലഗേജ് ആയി കൊണ്ടുപോവുകയും ചെയ്യാം.
പിടിഐ റിപ്പോർട്ട് അനുസരിച്ച് 60 നോട്ടിക്കൽ മൈൽ അഥവാ 110 കിലോമീറ്റർ ദൂരമാണ് ഫെറി സഞ്ചരിക്കുന്നത്. മൂന്നര മണിക്കൂറാണ് യാത്രാ സമയമെങ്കിലും കാറ്റും കാലാവസ്ഥയും കണക്കിലെടുത്ത് ഇതിൽ വ്യത്യാസം വന്നേക്കാം.
1980 ൽ ശ്രീലങ്കയിൽ നടന്ന ആഭ്യന്തര യുദ്ധത്തെ തുടർന്നാണ് ഇന്ത്യയിലേക്കുള്ള കപ്പൽ സർവീസുകൾ അവസാനിപ്പിച്ചതെന്നാണ് ചരിത്രം പറയുന്നത്. തമിഴ്നാട്ടിലെ രാമേശ്വരത്തിനും ശ്രീലങ്കയിലെ തലൈ മാന്നാറിനും ഇടയിലായിരുന്നു അന്ന് സർവീസുകൾ നടത്തിയിരുന്നത്. ഇന്തോ-സിലോൺ എക്സ്പ്രസ് എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











