ജോഷിമഠ്
ജോഷിമഠ് എന്നും ജ്യോതിർമഠ് എന്ന പേരിലും അറിയപ്പെടുന്ന ഈ സ്ഥലം സമുദ്രനിരപ്പിൽ നിന്നും 1875 മീറ്റർ ഉയരത്തിലാണുള്ളത്. ചാർ ദാം തീർത്ഥാടന സ്ഥാനമായ ബദ്രിനാഥിലേക്കും മറ്റുപല ഹിമാലയൻ യാത്രകളിലേക്കുമുള്ള കവാടം എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ഹിമാലയ കാഴ്ചകൾക്കൊപ്പം തന്നെ അതിപുരാതനങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളും നിറഞ്ഞ ക്ഷേത്രങ്ങളും ആശ്രമങ്ങളുമാണ് ഇവിടുത്തെ മറ്റൊരാകർഷണം.
PC:Abhidev Vaishnav/ Unsplash
സ്കീയിങ്ങും ട്രക്കിങ്ങും
നിരവധി സാഹസിക വിനോദങ്ങള് മനംനിറയെ ആസ്വദിച്ചു ചെയ്യുവാനുള്ള സ്ഥലമാണ് ജോഷിമഠ്. ഉതത്രാഖണ്ഡ് യാത്രയിൽ മിക്കവരും ഇവിടം ഒരു ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുന്നു. പർവ്വതാരോഹണത്തിന് നിരവധി സാധ്യതകൾ ഇവിടെയുണ്ട്.
പല ട്രക്കിങ്ങുകളുടെയും ബേസ് ക്യാംപ് ഇവിടെയുണ്ട് എന്നു മാത്രമല്സ, മറ്റു പല ട്രക്കിങ് സ്പോട്ടുകളും ജോഷിമഠിനോട് ചേർന്നാണുള്ളത്. ഇവിടെ നിന്നു വേണമെങ്കിലും പൂക്കളുടെ താഴ്വരയിലേക്കുള്ള ട്രക്കിങ് ആരംഭിക്കാം. ഈ സ്ഥലത്തു നിന്നും വെറും 12 കിലോമീറ്റര്‍ മാത്രം അകലെയാണ് സ്കീയിങ് ലക്ഷ്യസ്ഥാനമായ ഔലി സ്ഥിതി ചെയ്യുന്നത്.
PC:Maninder Sidhu/ Unsplash
ജ്യോതിർമഠവും ശങ്കരാചാചാര്യരും
ജോഷിമഠ് അതിന്റെ ആശ്രമത്തിന് പണ്ടുമുതലേ പ്രസിദ്ധമാണ്. ആദിശങ്കരൻ സ്ഥാപിച്ച നാല് പ്രധാന മഠങ്ങളിൽ വടക്കു ദിശയിലുള്ളതാണ് ഈ ജ്യോതിർമഠ് അഥവാ ഉത്തരാമ്യനായ മഠം എന്നാണ് വിശ്വാസം. മറ്റുള്ളവ ശൃംഗേരി, പുരി, ദ്വാരക എന്നിവിടങ്ങളിലാണ്.. ഈ മഠങ്ങളുടെ അധിപതികൾ ശങ്കരാചാര്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദിശങ്കരൻ ആരംഭിച്ച പാരമ്പര്യമനുസരിച്ച്, ഈ മഠമാണ് അഥർവ്വവേദത്തിന്റെ ചുമതല വഹിക്കുന്നത്. എട്ടാം നൂറ്റാണ്ടിലാണ് ശങ്കരാചാര്യർ ഈ മഠം സ്ഥാപിച്ചതെന്നാണ് ചരിത്രം പറയുന്നത്.
PC:Raji Srinivas
ബദരിനാഥ് ക്ഷേത്രവും ജോഷിമഠും
ബദരിനാഥ് ക്ഷേത്രം ശൈത്യകാലത്ത് അടച്ചിടുന്ന പതിവുണ്ടല്ലോ. മേയ് മുതൽ നവംബർ മാസം വരെ യാണ് ക്ഷേത്രം തീർത്ഥാടനത്തിനായി തുറന്നിരിക്കുന്നത്. അതിനു ശേഷം അക്ഷയത്രിതീയയിൽ ക്ഷേത്രം അടക്കും. ഈ സമയം ഇവിടുത്തെ വിഗ്രഹം കമ്പിളികൊണ്ട് മൂടി പുതപ്പിച്ചാണ് സൂക്ഷിക്കുന്നത്. ജോഷിമഠിലെ നരസിംഹ ക്ഷേത്രത്തിലാണ് ശൈത്യകാലത്തെ പൂജകൾ നടക്കുന്നത്. നരസിംഹ ക്ഷേത്രത്തിൽ ബദരീനാരായണ പ്രതിഷ്ഠിയുണ്ട്. പിന്നീട് വിജയദശമിയിലാണ് ക്ഷേത്രം തുറക്കുന്നത്.
ജോഷിമഠിലെ ശൈത്യകാലം
വിന്‍റർ ടൂറിസത്തിന് ഏറെ പ്രാധാന്യം നല്കുന്ന പ്രദേശമാണ് ജോഷിമഠ്. മലാരി, നീതി വാലി എന്നീ അതിമനോഹരങ്ങളായ രണ്ട് താഴ്വരകളിലേക്കുള്ള പ്രവേശനകവാടമായും ഈ സ്ഥലം പ്രവർത്തിക്കുന്നു. ലഡാക്കിനോടും സ്പിതിയുടെ ഏറെ സാദൃശ്യമുള്ള ഭൂപ്രകൃതിയാണ് ഈ ഇടങ്ങളിലുള്ളത്. നിങ്ങൾക്ക് ജോഷിമഠ് സന്ദർശിക്കുവാൻ ഒരവസരം ലഭിച്ചാൽ ഈ ഇടങ്ങൾ കൂടി സന്ദർശിക്കുവാൻ മറക്കരുത്.
PC:Diwaker Singh/ Unsplash
നരസിംഹ ക്ഷേത്രം
ജോഷിമഠിൽ സ്ഥിതി ചെയ്യയുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് നരസിംഹ ക്ഷേത്രം. ശങ്കരചാര്യർ സ്ഥാപിച്ചതായി കരുതപ്പെടുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണുവിനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടുത്തെ നരസിംഹപ്രഭുവിന്റെ വിഗ്രഹത്തിന്റെ വലതുകൈ മുടിപോലെ നേർത്തതായി മാറിയിരിക്കുന്നു. എപ്പോഴെങ്കിലും ഭാവിയിൽ ഈ വിഗ്രഹം തകർക്കപ്പെടുകയാണെങ്കിൽ ബദ്രിനാഥിലേക്കുള്ള വഴിയിൽ സ്ഥിതിചെയ്യുന്ന ജയ്-വിജയ് പർവ്വതങ്ങൽ ഒന്നാവുകയും ബദരീനാഥ് ക്ഷേത്രത്തിലെ ബദരീനാഥ് ഇപ്പോഴത്തെ ക്ഷേത്രത്തിൽ നിന്ന് അപ്രത്യക്ഷമായി വീണ്ടും സാളഗ്രാമമായി ഇവിടുന്ന് പത്ത് കിലോമീറ്റർ അകലെയുള്ള ഭവിഷ്യ ബദ്രി എന്ന പുതിയ സ്ഥലത്ത് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും എന്നാണ് വിശ്വാസം.
PC:ArmouredCyborg
ഭൂമിയിടിയുന്ന ജോഷിമഠ്
കഴിഞ്ഞ കുറച്ചു നാളുകളായി തീർത്തും പരിഭ്രാന്തമായ ഒരവസ്ഥയിലൂടെയാണ് ജോഷിമഠ് കടന്നുപോകുന്നത്. കഴിഞ്ഞ ഡിസംബർ 264 മുതൽ ഇവിടെ പലയിടങ്ങളിലും ഭൂമി ഇടിയുകയും റോഡുകളിലും വീടുകളിലുമെല്ലാം വിള്ളലുകൾ രൂപപ്പെടുകയും ചെയ്യുവാന്‍ തുടങ്ങി. ജനുവരി ആദ്യമായപ്പോള്‍ ക്ഷേത്രവും വീടുകളും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ തകർന്നു വീണു. കണക്കുകളനുസരിച്ച് ഇതുവരെ 507 വീടുകള്‍ക്കാണ് വിള്ളലുകൾ വീണത്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അശാസ്ത്രീയമായ നിർമ്മാണരീതികളാണ് കാരണമെന്നാണ് കരുതപ്പെടുന്നത്.