കാന്തല്ലൂര്‍.. കോടമഞ്ഞിന്‍റെ തണുപ്പിൽ പൊതിഞ്ഞു നിൽക്കുന്ന അതിമനോഹരമായ ഭൂപ്രദേശം. മൂന്നാറിൽ നിന്നും 53 കിലോമീറ്റർ ദൂരം മാത്രമേയുള്ളുവെങ്കിലും കാന്തല്ലൂരിലേക്ക് പോകണമെന്ന് ആലോചിച്ച് വരുന്നവർ പൊതുവേ കുറവാണ്. എന്നാൽ ഇനി ഈ സീസണിൽ ഇടുക്കി നിങ്ങൾ സന്ദർശിക്കുന്നുണ്ടെങ്കിൽ ഉറപ്പായും കാന്തല്ലൂരിലേക്ക് വരണം. എന്താണ് കാരണമെന്നല്ലേ.. പറയാം
കേരളത്തിന്‍റെ ആപ്പിൾ വാലി എന്നറിയപ്പെടുന്ന കാന്തല്ലൂരിലെ ആപ്പിളും ആപ്പിൾ തോട്ടങ്ങളും സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്. വ്യാവസായികാടിസ്ഥാനത്തിൽ ആപ്പിൾ കൃഷി ചെയ്യുന്ന കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ വിളവെടുപ്പിന് ഒരുങ്ങുകയാണ്.
പഴുത്തു തുടങ്ങിയ ആപ്പിളുകൾ ഒരു മാസത്തിനുള്ളിൽ വിളവെടുക്കും. അതുകൊണ്ടു തന്ന ഈ സീസണിൽ കാന്തല്ലൂരിലേക്ക് വരുന്നവർക്ക് പ്രദേശത്തിന്‍റെ ഭംഗിക്കൊപ്പം ആപ്പിൾ തോട്ടങ്ങളുടെ കാഴ്ചയും കലർപ്പില്ലാത്ത ആപ്പിൾ രുചിയും അനുഭവിച്ചറിയാം.

കാശ്മീരിലോ ഹിമാചൽ പ്രദേശിലോ പോകാതെ നമ്മുടെ സ്വന്തം നാട്ടിൽ ആപ്പിൾ മരങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നത് കാണുകയും കോടമഞ്ഞും തണുപ്പു നിറഞ്ഞു നില്‌ക്കുന്ന കാലാവസ്ഥ ആസ്വദിക്കുകയും ചെയ്യാമെന്നതാണ് കാന്തല്ലൂരിന്റെ പ്രത്യേകത. സ്വാതന്ത്ര ദിനം, ഓണം തുടങ്ങിയഅവധികളോട് അനുബന്ധിച്ച് കാന്തല്ലൂരിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവര്‍ക്ക് ഇന്ത്യയുടെ ഗോൾഡന്‍ ടൂറിസം വില്ലേജിന്‍റെ പകരംവയ്ക്കാനാവാത്ത കാഴ്ചകൾ കാണാം.
ജൈവകൃഷിരീതിയിൽ ഉത്പാദിപ്പിച്ച, കലർപ്പും മായവും ഇല്ലാത്ത ആപ്പിളുകളാണ് ഇത്തവണ കാന്തല്ലൂരിൽ സന്ദർശകരെ കാത്തിരിക്കുന്നത്. കാന്തല്ലൂരിലുടനീളമുള്ളഅൻപതോളം ഫാമുകളിലാണ് ഇത്തവണ ആപ്പിൾ കൃഷി ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളിയെപേക്ഷിച്ച് വിളവ് ഇത്തവണ കുറവാണെങ്കിലും ഇവിടെ ആപ്പിൾ തോട്ടങ്ങൾ കാണാനെത്തുന്നവരെ അതൊരിക്കലും നിരാശപ്പെടുത്തില്ല.
സഞ്ചാരികളെത്തിത്തുടങ്ങി
വിളവെടുപ്പിന് സമയമാകുന്നതേയുള്ളൂവെങ്കിലും കാന്തല്ലൂരിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. മരം നിറയെ കായ്ച്ചു കിടക്കുന്ന ആപ്പിൾ കുലകള്‍ ആസ്വദിച്ച് കണ്ടും ചിത്രങ്ങളെടുത്തും മടങ്ങുവാൻ ഇഷ്ടംപോലെ പേരെത്തുന്നു. മഞ്ഞ, പച്ച, ചുവപ്പ് എന്നിങ്ങനെ മൂന്നു നിറങ്ങളിലുള്ള ആപ്പിളുകളാണ് കാന്തല്ലൂരിൽ ഉള്ളത്.
ഒരു രാത്രി കാന്തല്ലൂരിൽ ചെലവഴിക്കുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്താൽ ഈ ട്രിപ്പ് വേറെ ലെവൽ ആകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജൂലൈ അവസാനത്തോടെ ആയിരിക്കും കാന്തല്ലൂർ ആപ്പിളിന്‍റെ വിളവെടുപ്പ് ആരംഭിക്കുക. . ഒരു മരത്തിൽ നിന്ന് പരമാവധി 30 കിലോ വരെ വിളവ് ലഭിക്കും എന്നാണ് പ്രതീക്ഷ.
ഒരുകാലത്ത് ഹിമാചൽ പ്രദേശ്, കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആപ്പിള് ആയിരുന്നു കേരളത്തിലെത്തിയിരുന്നതെങ്കിൽ ഇന്നത് ഇറക്കുമതി ചെയ്ത ആപ്പിളിന് വഴമാറിയിരിക്കുകാണ്. എന്നാൽ ഗുണത്തിലും രുചിയിലും എല്ലാം ഇപ്പോഴത്തെ കേമൻ കാന്തല്ലൂർ ആപ്പിൾ ആണ്, കാശ്മീരിൽ നിന്നു കൊണ്ടുവന്ന തൈ ഉപയോഗിച്ച് വളര്‍ത്തിയ ആപ്പിൾ മരങ്ങളാണ് ഇവിടെ ഭൂരിഭാഗവും. കാന്തല്ലൂർ കൂടതെ പുത്തൂർ, പെരുമല, ഗുഹനാഥപുരം എന്നിവിടങ്ങളിലും ആപ്പിൾ ഫാമുകളുണ്ട്.
വേനലെത്ര കടത്താലും മഴയെത്ര പെയ്താലും കാന്തല്ലൂരിൽ എന്നും മഞ്ഞുമയമാണ്. കോടമഞ്ഞിൽ മുങ്ങി ഉദിച്ചുയരുന്ന പ്രഭാതങ്ങളും തണുപ്പുള്ള ഉച്ചനേരവും ഒക്കെ ഇവിടുത്തെ പ്രത്യേക അനുഭവങ്ങളാണ്.
കേരള-തമിഴ്‌നാട് അതിർത്തിയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കാന്തല്ലൂർ നിങ്ങളുടെ യാത്രാ ലിസ്റ്റിൽ ഉറപ്പാും ഉൾപ്പെടുത്തണം.
ഇ-പാസും മഴയും ഊട്ടിയിലേക്കും കൊടൈനാലിലേക്കുമുള്ള യാത്രയ്ക്ക് വിലങ്ങുതടിയായപ്പോൾ സഞ്ചാരികൾ തിരഞ്ഞെടുത്തത് മൂന്നാർ ആയിരുന്നു. മൂന്നാറിലെ കനത്ത തിരക്ക് കാരണം ഇവിടെയെത്തിയവർ പലരും സമീപ ഇടങ്ങളാണ് യാത്ര ചെയ്യാൻ തെരഞ്ഞെടുത്തത്. അതിലൊന്ന് കാന്തല്ലൂർ ആയിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












