മഞ്ഞിറങ്ങി പൊതിഞ്ഞു നിൽക്കുന്ന മലനിര
അധികമാരും അറിഞ്ഞുതുടങ്ങിയിട്ടില്ലാത്ത സ്ഥലങ്ങളിലൊന്നായ കാപ്പിമല ഗ്രാമത്തിന്‍റെ ഭംഗിയും വിശുദ്ധിയും ഒരുപോലെ കൺമുന്നിൽ എത്തിക്കുന്ന ഇടമാണ്. മഞ്ഞിറങ്ങി പൊതിഞ്ഞു നിൽക്കുന്ന മലനിരകളുടെ കാഴ്ചയാണ് ഇവിടെ എപ്പോൾ വന്നാലും നിങ്ങളെ സ്വാഗതം ചെയ്യുവാനായി നിൽക്കുന്നത്. ഒട്ടും മടുപ്പിക്കാത്ത കാഴ്ചകളും വെള്ളച്ചാട്ടവും താഴ്വാരങ്ങളുമാണ് ഇവിടെ കാണുവാനുള്ളത്.
PC: Jan Schulz
സ്വല്പം സാഹിസകതയും ഒപ്പം
എളുപ്പത്തിൽ ഒരു യാത്ര ആഗ്രഹിച്ച് കാപ്പിമലയിലേക്ക് പോരേണ്ട. സ്വല്പം സാഹിസകതയും ഒപ്പം രസകരവുമായിരിക്കും ഇവിടേക്കുള്ള വഴി. കണ്ണൂർ ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ തളിപ്പറമ്പിൽ നിന്നുമാണ് കാപ്പിമലയിലേക്ക് വേഗത്തിലും എളുപ്പത്തിലും എത്തിച്ചേരുവാൻ സാധിക്കുന്നത്. തളിപ്പറമ്പിൽ നിന്നും 50 കിലോമീറ്റര് ദൂരം സഞ്ചരിക്കണം കാപ്പിമലയിലെത്തുവാൻ.
കേട്ടറിഞ്ഞെത്തുന്നവർ
ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും യാത്രാ ഗ്രൂപ്പുകളിലൂടെയും വീഡിയോകളിലൂടെയുമെല്ലാം പരിചയപ്പെട്ടാണ് മിക്കവരും കാപ്പിമലയെ നേരിട്ടുകാണുവാനായി എത്തുന്നത്. കണ്ണൂർ ജില്ലയിൽ നിന്നു മാത്രമല്ല, കോഴിക്കോട് നിന്നും കാസർകോഡ് നിന്നുമെല്ലാം ഏകദിന യാത്രയ്ക്കായി ഇവിടേക്ക് വരാം. ഇത്രയും കേട്ടപ്പോൾ കാപ്പിമലയിൽ എന്താണ് ഇത്രയും കാണാനുള്ളതെന്ന് അറിയേണ്ടെ??
PC:Darcey Beau/Unsplash
കാപ്പിമല വെള്ളച്ചാട്ടം
കാപ്പിമല അറിയപ്പെടുന്നതു തന്നെ ഇതിന്റെ വെള്ളച്ചാട്ടത്തിന്‍റെ പേരിലാണ്. ഇതു തേടിയാണ് ആളുകളിലധികവും ഇവിടേക്ക് വരുന്നത്. അങ്ങനെ താഴെനിന്ന് എളുപ്പത്തിലൊന്നും ഈ വെള്ളച്ചാട്ടം കാണുവാൻ സാധിക്കില്ല. വെള്ളച്ചാട്ടം ആരംഭിക്കുന്നത് ഒരു മലയുടെ മുകളിൽ നിന്നുമാണ്. അവിടേക്ക് കയറിച്ചെല്ലണമെങ്കിൽ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുവാനുണ്ട്. ഇരുചക്രവാഹനങ്ങൾക്കു മാത്രമേ ഇവിടേക്ക് കടന്നുപോകുവാൻ സാധിക്കുകയുള്ളൂ. ഒരു ചെറിയ മൺപാത മാത്രമേ ഇവിടെയുള്ളൂ. ചെളി നിറഞ്ഞു കിടക്കുന്ന വഴിയിലൂടെ വേണം ഇവിടേക്ക് പോകുവാൻ,
മുകളിലെത്തുന്നതിനു മുൻപു
മുകളിലെത്തുന്നതിനു മുൻപു തന്നെ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാര ശബ്ദം താഴെ കേൾക്കാം. ഈ വഴിയിൽ ആളും താമസവും എല്ലാം കുറവാണെങ്കിലും ഒറ്റപ്പെട്ടു കുറച്ചു വീടുകളും പണിസ്ഥലങ്ങളും കൃഷിയിടങ്ങളും കാണുവാൻ കഴിയും. ഉറവ പൊട്ടി വെള്ളമൊഴുകുന്ന കാഴ്ചയും വഴിയരികിലുണ്ട്.
PC:Punid Ramesh
കുളത്തിലേക്ക് പതിക്കുന്ന വെള്ളം
മുകളിൽ നിന്നും താഴേക്ക് വെള്ളം പതിക്കുന്ന ഇടത്ത് ഒരു ചെറിയ കുളം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഒരു ചെറിയ പാറക്കെട്ടുകൊണ്ട് മതിൽ തീർത്ത പോലെ ഉള്ള കാഴ്ച ഈ കുളത്തിനു ചുറ്റിലുമായി കാണാം. സാധാരണ സമയങ്ങളിൽ വലിയ ശക്തിയിൽ വെള്ളം പതിക്കില്ലെങ്കിലും മഴക്കാലത്ത് കഥ മാറും. ആഞ്ഞുകുത്തി വെള്ലം ചാടുന്ന ഈ സമയത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമായിരിക്കും.
വ്യൂ പോയിന്‍റിലേക്ക്
കഷ്ടപ്പെട്ട് കുന്നുകയറി എത്തുന്നത് വെള്ളച്ചാട്ടം മാത്രം കാണുവാനല്ല. നല്ല കിടിലനൊരു വ്യൂ പോയിന്റും ഈ കുന്നുകളുടെ മുകളിലുണ്ട്. ഒരുപാട് മലകളുടെയും കുന്നുകളുടെയും മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന കാഴ്ചകൾ ഇവിടെ നിന്നാൽ കണ്ട് ആസ്വദിക്കുവാൻ സാധിക്കും.
പൈതല്‍മലയുടെ കവാടം...
പൈതൽ മല കയറുവാൻ പോകുമ്പോൾ മിക്കവരും കാപ്പിമലയെ കണ്ടിട്ടുണ്ടാകും. ഇറങ്ങികാഴ്ചകൾ കാണുവാൻ സമയം ലഭിച്ചില്ലെങ്കിലും പേരു പരിചിതമാകുവാൻ സാധ്യതയുണ്ട്. കണ്ണൂര്‍ ജില്ലയിടെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ പൈതൽമല സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിലാണുള്ളത്. മുകളിൽ മുഴുവനും കാട് നിറഞ്ഞുകിടക്കുന്ന ഇവിടേക്കുള്ള വഴിയും യാത്രയും വളരെ രസകരമാണ്. ഈ പൈതൽ മലയുടെ കവാടം എന്നാണ് കാപ്പിമലയെ വിശേഷിപ്പിക്കുന്നത്. കണ്ണൂരിൽ നിന്ന് 65 കിമിയും തളിപ്പറമ്പിൽ നിന്ന് 44 കിമിയും അകലെയാണ് പൈതൽമല.
കൊടിയ വേനലിലും മഞ്ഞിറങ്ങുന്ന സ്ഥലമാണിത്. കണ്ണൂരിന്റെ മൂന്നാർ എന്നും കണ്ണൂരിന്റെ കൂർഗ് എന്നുമെല്ലാം പൈതൽമല അറിയപ്പെടുന്നു. ട്രക്കിങ്ങിനു യോജിച്ച സ്ഥലമാണിത്.
PC:Rawbin