കാടും മേടും കടന്നുള്ള യാത്രകൾ എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ നാട് കാണാനിറങ്ങുമ്പോൾ എവിടേക്കാണ് പോകേണ്ടത് എന്നാണ് സംശയം. സോഷ്യൽ മീഡിയയിലൂടെയും റീല്‍സുകളിലൂടെയും പരിചയപ്പെട്ട ഇടങ്ങൾ ഇഷ്ടം പോലെയുണ്ടെങ്കിലും എങ്ങനെ പോകും, എന്തൊക്കെ കാണണം, എപ്പോൾ പോകണം തുടങ്ങി നൂറുകൂട്ടം കാര്യങ്ങൾ മനസ്സിൽ കാണും. അങ്ങനെ നാട്ടുയാത്രയിൽ പോകാൻ പറ്റിയ ഒരിടമാണ് കട്ടിക്കയം വെള്ളച്ചാട്ടം.
കോട്ടയത്ത് ഇല്ലിക്കൽ കല്ലിനു സമീപത്തായി സ്ഥിതി ചെയ്യുന്ന കട്ടിക്കയം കോട്ടയത്ത് പോകാനുള്ള ഏകദിന യാത്രകളിൽ ഉൾപ്പെടുത്താൻ പറ്റിയ ഇടമാണ്. ഇടുക്കിയുടെയും കോട്ടയത്തിന്‍റെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന കട്ടിക്കയം പ്രകൃതിയിൽ ഒരു ദിവസം ചെലവഴിക്കാനും അല്പം സാഹസികതയും ആവേശവും ഒക്കെ യാത്രകളിൽ ഉൾപ്പെടുത്താനും പറ്റിയവർക്കുള്ള സ്ഥലമാണ്.

മിക്കപ്പോഴും വാഗമണ്ണും പറ്റുമെങ്കിൽ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽ കല്ലും മാത്രം കണ്ടു പോകാൻ എത്തുന്നവരാണ് കേട്ടറിഞ്ഞ് കട്ടിക്കയം വെള്ളച്ചാട്ടം കൂടി കാണാനെത്തുന്നത്. കോട്ടയത്തെ മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇവിടം വഴി മാറി വന്നാലും നിങ്ങളെ ഒട്ടും നിരാശരാക്കില്ല എന്നതിന് ഇവിടെ വരുന്നവരുടെ എണ്ണവും ഈ സ്ഥലത്തെക്കുറിച്ചുള്ള ആളുകളുടെ മികച്ച അഭിപ്രായവും മാത്രം മതി.
വെള്ളച്ചാട്ടമെന്നു പറയുമ്പോൾ അത്ര വേഗത്തിൽ ഇവിടേക്ക് എത്താനാകില്ല. കുറച്ചു നടന്നും കല്ലുകളിൽ പിടിച്ചിറങ്ങിയും കുത്തനെയുള്ള ഇറക്കമിറങ്ങിയും ഒക്കെ ചെന്നിറങ്ങുന്നത് കാടിന്‍റെ പച്ചപ്പിനു നടുവിലെ വെള്ളച്ചാട്ടത്തിന്‍റെ അത്ഭുത ലോകത്തേയ്ക്കാണ്. വെള്ളച്ചാട്ടം കാണുന്നതിനു മുൻപു തന്നെ വെള്ളം വീഴുന്ന ഒച്ച കേൾക്കാം. ആ ഹുങ്കാര ശബ്ദത്തിനു പിന്നിലെ കാഴ്ച കണ്ണു തിരയുമ്പോഴേയ്ക്കും വെള്ളച്ചാട്ടം മുന്നിലെത്തിയിരിക്കും.
മരങ്ങൾ ചുറ്റപ്പെട്ടു നിൽക്കുന്ന ഇടത്തിനു നടുവിലൂടെ കറുത്ത പാറക്കെട്ടുകളിൽ തട്ടിയുലഞ്ഞ് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കണ്ണിനും മനസ്സിനും ഒരുണർവ് നല്കുന്ന കാഴ്ചയാണ്. ഏകദേശം 50 അടിയോളം ഉയരത്തിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതച്ചൊഴുകുന്നത്.
താഴേക്ക് വേഗം പതിച്ച് ഒഴുകിപ്പോവുകയല്ല, മറിച്ച് വെള്ളം പതിക്കുന്നിടത്ത് ചെറിയൊരു തടാകം തന്നെ രൂപപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുക. ഇതും കൂടിയാകുമ്പോൾ മറ്റേതോ സ്ഥലത്തു നിൽക്കുന്ന പ്രതീതി തോന്നും.
കൂടാതെ വഴിയിലെ വണ്ടികളുടെയോ ആളുകളുടെയോ ശബ്ദമൊന്നും ഇവിടെ എത്തില്ല. മറിച്ച് നിങ്ങളും വെള്ളച്ചാട്ടത്തിന്റെ സ്വരവും പിന്നെ കാടും മരങ്ങളും മാത്രം ചേർന്നൊരു ലോകമാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ സമയം പോലെ കോടമഞ്ഞും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.
എന്നാൽ കാഴ്ചകളൊക്കെ കണ്ട് വെള്ളച്ചാട്ടത്തിലങ്ങ് ഇറങ്ങാമെന്ന് വിചാരിച്ച് പോകേണ്ട. അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമായിരിക്കും ഇത്. കാണുമ്പോൾ പ്രശ്നമൊന്നുമില്ല എന്നു തോന്നിപ്പിക്കുമെങ്കിലും സംസ്ഥാനത്തെ തന്നെ ഏറ്റവും അപകടകരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്. കരയോട് ചേർന്നുള്ള ഇടങ്ങളില്‍ നിന്നും വെറുതേ ഒന്നു വെള്ളച്ചാട്ടത്തിലിറങ്ങാനേ നോക്കാവൂ. വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് പോകും തോറും അപകട സാധ്യത കൂടുതലാണ് ഇവിടെ. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാ എന്നത് ഇവിടുത്തെ ഒരു പോരായ്മയാണ്.
കാണുമ്പോള്‍ ആഴമൊട്ടും ഇല്ലെന്ന് തോന്നിക്കുമെങ്കിലും കാൽവെക്കുമ്പോൾ ആഴത്തിലേക്ക് പോകാനുള്ള സാധ്യതയും ഇവിടെയുണ്ട്. തണുത്ത വെള്ളത്തിൽ മുഖവും കാലും കഴുകി ഫ്രെഷ് ആകുന്ന പോലത്തെ സാഹസികത മാത്രമേ കട്ടിക്കയം വെള്ളച്ചാട്ടത്തിൽ നിങ്ങൾ ചെയ്യാവൂ. മാത്രമല്ല, അധികൃതരുടെ നിർദ്ദേശങ്ങള് കൃത്യമായി പാലിക്കുകയും വേണം.
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ എത്തിച്ചേരുവാൻ
ഇല്ലിക്കൽ കല്ല് യാത്രയിൽ കട്ടിക്കയം വെള്ളച്ചാട്ടം കൂടി ഉൾപ്പെടുത്തി വരുന്നതാണ് നല്ലത്. മറിച്ച് കട്ടിക്കയം മാത്രം കാണാനായി വന്നാൽ ആ യാത്ര നഷ്ടമാകും. ഇല്ലിക്കൽ കല്ലിൽ നിന്നും നാല് കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. മെയിൻ റോഡിൽ നിന്നും ഇവിടേക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കണം. കാറിനും ബൈക്കിനും ഒക്കെ ഇറങ്ങിപ്പോകുവാൻ കഴിയുന്ന വഴിയാണുള്ളത്. എന്നാൽ വലിയ വണ്ടിയിൽ വരുന്നവരാണെങ്കിൽ മെയിൻ റോഡിൽ നിന്നും നടന്നിറങ്ങേണ്ടി വരും.
താഴേക്കുള്ള ഈ നടത്തം അത്ര എളുപ്പമായിരിക്കില്ല. കുറച്ചു ദൂരം ചെറിയ നടപ്പാത കാണാൻ സാധിക്കുമെങ്കിലും ബാക്കി ദൂരം ഇറക്കമാണ്. കല്ലിൽ പിടിച്ചു കഷ്ടപ്പെട്ട് വേണം വരാൻ. വീഴാതിരിക്കാൻ ചെടികളും വേരുകളും ഒക്കെയാവും നിങ്ങളെ സഹായിക്കുക. കോട്ടയത്തു നിന്നും തൊടുപുഴയിൽ നിന്നും ഇവിടേക്ക് വരാൻ കഴിയും. എന്തായാലും യാത്രയിൽ ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും മർമല വെള്ളച്ചാട്ടവും ഒഴിവാക്കരുത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












