കേരളം മൂന്നാം വന്ദേ ഭാരത് സർവീസിനായുള്ള കാത്തിരിപ്പിലാണ്. വരുമെന്നും വരില്ലെന്നും ഒക്കെ നിരവധി അഭ്യൂഹങ്ങളുണ്ടെങ്കിലും വരാനുള്ള സാധ്യതകൾ ഇല്ലതായിട്ടില്ല. വന്ദേ ഭാരത് ഏറ്റവും ലാഭകരമായി സർവീസ് നടത്തുന്ന, ആളൊഴിഞ്ഞ ഒരു ദിവസം പോലുമില്ലാത്തതാണ് കേരളത്തിലേ രണ്ട് ട്രെയിനുകളും. കഴിഞ്ഞ വർഷം താത്കാലികായി സർവീസ് നടത്തിയ എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് സ്ഥിരമാകുമെന്ന് യാത്രക്കാര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ഇപ്പോഴിതാ വീണ്ടും കേരളത്തിന് വീണ്ടും വന്ദേ ഭാരത് വരുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. കേരളത്തിൽ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നതിനുന് അനുയോജ്യമായ റൂട്ടുകൾ ദക്ഷിണ റെയിൽവേ പരിശോധിക്കുകയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. വന്ദേ ഭാരത് സർവീസുകൾക്ക് യാത്രക്കാരുടെ ഭാഗത്തുനിന്നു മാത്രമല്ല, ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ആവശ്യം ശക്തമാകുന്നുണ്ട്.

ട്രാക്ക് ലഭ്യതയെ അടിസ്ഥാനമാക്കിയായിരിക്കും മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ അവതരിപ്പിക്കുകയെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മികച്ചതും വേഗതയേറിയതുമായ ട്രെയിൻ യാത്രകൾ സാധ്യമാക്കുന്നതിനായി വേഗം കൂട്ടുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തികൾ കേരളത്തിലെ ട്രാക്കുകളിൽ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ഒരു ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മംഗളൂരു-ഷൊർണൂർ റൂട്ടിൽ, സിഗ്നൽ നവീകരണത്തോടൊപ്പം മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ ഒരുക്കങ്ങൾ നടക്കുന്നു. ഈ തയ്യാറെടുപ്പുകൾ പൂര്‍ത്തിയായിക്കഴിഞ്ഞാൽ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലെത്തുന്നതിന് വലിയ താമസമുണ്ടായേക്കില്ല.
നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് സർവീസുകളും മികച്ച ഒക്യുപൻസി നിരക്ക് സൂക്ഷിക്കുന്നു. രാവിലെയും വൈകിട്ടും ആണ് കൂടുതലും ആളുകൾ ഇതിൽ സഞ്ചരിക്കുന്നത്. നിലവിലുള്ള ട്രെയിനുകളുടെ ഷെഡ്യൂളിനെ ബാധിക്കാതെ പുതിയ സർവീസുകൾ ആരംഭിക്കുന്നതിനുള്ള വഴികൾ അധികൃതർ പരിശോധിച്ചുവരികയാണ്..
കഴിഞ്ഞ വർഷം താത്കാലികമായി സർവീസ് നടത്തിയ ബെംഗളൂരു- എറണാകുളം- ബെംഗളൂരു വന്ദേ ഭാരതിനും മികച്ച ട്രാക്ക് റെക്കോർഡ് ആയിരുന്നുവെങ്കിലും പല കാരണങ്ങൾ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് സ്പെഷ്യൽ സർവീസിന് 105 %, ബെംഗളൂരു എറണാകുളം സർവീസിന് 88 % ഒക്യുപെൻസി ഉണ്ടായിരുന്നു.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (20631/20632), കാസർഗോഡ്-തിരുവനന്തപുരം സെൻട്രൽ (20633/20634) എന്നീ രണ്ട് വന്ദേ ഭാരത് സർവീസുകളാണ് കേരളത്തിൽ നിലവില്‍ ഉള്ളത്. അതേസമയം, കഴിഞ്ഞ ദിവസം വടക്കൻ കോയമ്പത്തൂർ - മംഗളൂരു വന്ദേ ഭാരത് സർവീസ് എന്ന നിർദ്ദേശവും വന്നിട്ടുണ്ട്. പാർലമെന്‍റിലെ ബജറ്റ് സെഷനിൽ ധനാഭ്യർഥന ബില്ലിലുള്ള ചർച്ചയിൽ പങ്കെടുത്ത കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനാനാണ് കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചുള്ള ഈ വന്ദേ ഭാരത് ആവശ്യപ്പെട്ടത്. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലക്കാർക്ക് തമിഴ്നാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് യാത്ര എളുപ്പമാക്കുന്ന സർവീസായി ഇത് മാറും.

ഇതിനു മുൻപ് തിരുവനന്തപും- ബെംഗളൂരു വന്ദേ ഭാരത് സർവീസ് വന്നേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബെംഗളൂരു ഡിവിഷനിൽ നടക്കുന്ന സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതനുസരിച്ച് തിരുവനന്തപുരം - ബാംഗ്ലൂർ സെക്ടറിൽ പുതിയ വന്ദേ ഭാരത സർവീസ് ആരംഭിക്കുവാനുള്ള സാധ്യത പരിശോധിക്കും എന്നായിരുന്നു റിപ്പോർട്ട് പുറത്തു വന്നത്. തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും യാത്രക്കാർക്കാണ് ഈ സർവീസ് വന്നാല് ഏറ്റവും പ്രയോജനം.
വന്ദേ ഭാരത് സ്ലീപ്പർ വരുന്നു
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് ശേഷം ഇന്ത്യക്കാർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. ഈ വർഷം തന്നെ ഇന്ത്യൻ ട്രാക്കുകളിൽ വന്ദേ ഭാരത് സ്ലീപ്പർ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. വന്ദേ ഭാരത് നികച്ച സർവീസ് നടത്തുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിനും സ്ലീപ്പർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കണമെന്നാണ് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പാർലമെൻ്റിൽ ആവശ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും തിരികെയും സർവീസ് നടത്തുവാൻ കഴിയുന്ന വിധത്തില്‍ രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വേണമെന്നാണ് ആവശ്യം.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ വർഷം അവസാനത്തോടെ തന്നെ സാധാരണ സർവീസുകൾ തുടങ്ങുമെന്നാണ് കരുതുന്നത്. ഇതിനോടം തന്നെ ഇവ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് റെയിൽവേ പുറത്തിറക്കുന്നത്. 11 എസി 3 ടയർ കോച്ചുകളും 4 എസി 2 ടയർ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചുമുണ്ട്.ആകെ 823 യാത്രക്കാർക്കുള്ള ബെർത്ത് ശേഷിയാകും ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിനുണ്ടാവുക.
ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ യാത്രക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. നിലവിലെ പ്രീമിയം ട്രെയിനായ തേജസ് എക്സ്പ്രസ്, രാജധാനി തുടങ്ങിയവയേക്കാൾ മികച്ച സൗകര്യങ്ങളാണ് ഇതിനുള്ളത്. രാത്രിയാത്ര സുഖമാക്കുന്ന, കുലുക്കങ്ങളില്ലാതെ പോകാൻ സഹായിക്കുന്ന ജെർക്ക് ഫ്രീ യാത്രയാണ് ഇതിൽ പ്രധാനം. കുലുക്കമില്ലാതെ പോകാൻ സഹായിക്കുന്ന പ്രത്യേകതരം കപ്ലറാണ് ഇതിലുള്ളത്.
കുഷ്യനിങ് ബെർത്തുകളും സ്ലീപ്പർ സൗകര്യങ്ങളും എടുത്തുപറയേണ്ട മറ്റൊന്നാണ്. യാത്രക്കാർക്ക് പരമാവധി പ്രയോജനം നല്കുന്ന വിധത്തിലുള്ള കുഷ്യനിങ്ങാണ്. ഭിന്നശേഷിയുള്ള ആളുകൾക്കായി പ്രത്യേക ബെർത്തുകളും സജ്ജമാണ്. അപ്പർ ബർത്തുകളിലേക്ക് കയറേണ്ടവർക്ക് അതിനായി പ്രത്യേകം രൂപകല്പന ചെയ്ത ഗോവണി ഉപയോഗിക്കാം. മുതിർന്ന യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ സൗകര്യങ്ങൾ ഇതിലുണ്ട്.
സെൻസർ അടിസ്ഥാനമാക്കിയുള്ള ലൈറ്റിംഗ്, രാത്രിയിൽ കോച്ചിലൂടെ നടക്കുമ്പോൾ ബുദ്ധിമുട്ടാകാതിരിക്കാൻ നടപ്പാതയിൽ സ്ട്രിപ്പുകൾ, ഓവർഹെഡ് ലൈറ്റിംഗ്, ആൻറി സ്പിൽ ഫീച്ചറുകൾ ഉള്ള വാഷ് ബേസിനുകൾ, എയറോഡൈനാമിക് എക്സ്റ്റീരിയർ ലുക്ക്, ഇൻ-ക്ലാസ് ഇന്റീരിയറുകൾ, സെൻസർ അടിസ്ഥാനമാക്കിയുള്ള ഇന്റർ കമ്മ്യൂണിക്കേഷൻ വാതിലുകൾ, ഓട്ടോമാറ്റിക് എക്സ്റ്റീരിയർ പാസഞ്ചർ വാതിലുകൾ, മോഡ്യൂലാർ പാന്‌ട്രി, ഫസ്റ്റ് എസി ക്ലാസിൽ ചൂടുവെള്ളം വരുന്ന ഷവർ, വിശാലമായ ലഗേജ് മുറി, ദുർഗന്ധ രഹിത ടോയ്‌ലറ്റ് സംവിധാനം,പൊതു അറിയിപ്പും ദൃശ്യ വിവര സംവിധാനം എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വന്ദേ ഭാരത് എക്സ്പ്രസ് പോലെ തന്നെ വന്ദേ ഭാരത് സ്ലീപ്പറിൽ യാത്രക്കാർക്കായി ഓട്ടോമാറ്റിക് എൻട്രി , എക്സിറ്റ് ഡോറുകൾ ഉണ്ടായിരിക്കും. ഇവ നിയന്ത്രിക്കുന്നത് ലോക്കോ പൈലറ്റ് ആയിരിക്കും. ഫ്രണ്ട്, ഇന്‍റർമീഡിയറ്റ് സൈഡ് ക്രാഷ് ബഫറുകൾ, ഡിഫോർമേഷൻ ട്യൂബുകളുള്ള ഫ്രണ്ട്, ഇന്‍റർമീഡിയറ്റ് കപ്ലറുകൾ എന്നിവയും വന്ദേ ഭാരത് സ്ലീപ്പറിന്‍റെ സുരക്ഷിതത്വം വർധിപ്പിക്കുന്നു.
കോച്ചുകൾക്കിടയിൽ ഓട്ടോമാറ്റിക് ഇൻ്റർകണക്റ്റിംഗ് ഡോറുകളും, പൊടിയില്ലാത്ത അന്തരീക്ഷവും മികച്ച എയർ കണ്ടീഷനിംഗിനായി പൂർണ്ണമായും അടച്ച ഗാംഗ്‌വേകളും ഇതിലുണ്ടാകും. സൈഡ് ഭിത്തികൾ, ഫ്‌ലോർ ഷീറ്റ്, ക്യാബ് എന്നിവയ്‌ക്കായി ഓസ്റ്റെനിറ്റിക് സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












