നാഗചന്ദ്രേശ്വർ ക്ഷേത്രം, ഉജ്ജയിൻ
വർഷത്തിലൊരിക്കൽ നാഗപഞ്ചമി ദിനത്തിൽ മാത്രം നടതുറക്കുന്ന അപൂർവ്വ ക്ഷേത്രമാണ് ഉജ്ജയിനിലെ നാഗചന്ദ്രേശ്വർ ക്ഷേത്രം. നാഗദേവതകൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം തുറക്കുന്ന ദിവസം ആയിരക്കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലെത്തുന്നത്. നാഗരാജാവായ തക്ഷൻ ഇവിടെ വസിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം. എന്നാൽ ഇത് പ്രത്യേകമായൊരു ക്ഷേത്രമല്ല, പകരം മഹാകാൽ ക്ഷേത്രത്തിന്റെ മൂന്നാം നിലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്ത് തലയുള്ള നാഗരാജാവിന് മുകളിൽ മഹാദേവനായ ശിവൻ ഇരിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠയുള്ളത്. ഇത്തരത്തിലുള്ള അപൂർവ്വ ക്ഷേത്രം കൂടിയാണിത്. സർപ്പദോഷങ്ങളിൽ നിന്നു മോചനം നേടുവാന് ഇവിടെ ദര്‍ശനം നടത്തിയാൽ മതിയെന്നാണ് വിശ്വാസം.
ഹസനാംബ ക്ഷേത്രം
വർഷത്തിൽ ഒരേ ഒരാഴ്ച മാത്രം തുറക്കുന്ന മറ്റൊരു അപൂർവ്വ ക്ഷേത്രമാണ് കർണ്ണാടകയിലെ ഹാസനിൽ സ്ഥിതി ചെയ്യുന്ന ഹസനാംബ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ദീപാവലിയോട് അനുബന്ധിച്ച് ഒരാഴ്ചക്കാലമാണ് ക്ഷേത്രം വിശ്വാസികൾക്കായി തുറക്കുന്നത്. കന്നഡയിലെ അശ്വിജ മാസത്തിലെ പൗർണ്ണമി ദിവസത്തിനു ശേഷം വരുന്ന വ്യാഴാഴ്ചയാണ് ക്ഷേത്രം തുറക്കുന്നത്. ഇവിടെ ചിതൽപ്പുറ്റിനുള്ളിലാണ് ദേവി വസിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രം തുറക്കുന്ന സമയത്ത് മുൻപു അടച്ചപ്പോൾ കത്തിച്ചുവെച്ച നെയ്ത്തിരി ജ്വലിച്ചുകൊണ്ടിരിക്കുന്നത് കാണുവാന് കഴിയുമെന്നാണ് മറ്റൊരു വിശ്വാസം.
PC: Kishore328
ഹസനാംബയിലെത്തുവാൻ
ഒൻപതു തലകൾ മാത്രമുള്ള രാവണന്‍റെ അസധാരണമായ ഒരു ചിത്രവും ഇവിടെ ക്ഷേത്രത്തിനുള്ളിലുണ്ട്. വീണ വായിച്ചിരിക്കുന്ന രൂപത്തിലാണ് രാമൻ ഇവിടെയുള്ളത് എന്താണ് അതിനു പിന്നിലുള്ള കഥയെന്ന് ഇതുവരെയും ആർക്കുമറിയില്ല.
മംഗലാപുരത്തു നിന്നും ബെംഗളുരുവിലേക്കുള്ള വഴിയിൽ ഹാസനില്‍ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.
PC:Kishore328
മംഗളാദേവി ക്ഷേത്രം
വിശ്വാസികൾക്ക് വർഷത്തിൽ ഒരു ദിവസം മാത്രം പ്രവേശനം അനുവദിക്കുന്ന കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലായാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അത്യപൂർവ്വമായ കണ്ണകി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗർണ്ണമി ദിവസം മാത്രമേ വിശ്വാസികൾക്ക് പോകുവാൻ അനുമതിയുള്ളൂ. ഈ ദിവസം പ്രത്യേകപ്രാർത്ഥനകളും പൂജകളും ഇവിടെ നടക്കും, കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വിശ്വാസികളും സഞ്ചാരികളുമെല്ലാം ഈ ദിവസം എത്താറുണ്ട്.
PC:Vishnubonam
എത്തിച്ചേരുവാൻ
ഇടുക്കിയിൽ തേക്കടിക്ക് അടുത്തുള്ള കുമളിയിൽ നിന്നും ഇവിടേക്ക് വരാം. ജീപ്പ് സർവീസുകൾ ഈ ദിവസം ലഭ്യമായിരിക്കും.
2023 ലെ മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവം മെയ് 5 ന് ആണ് നടത്തപ്പെടുന്നത്. സാധാരണയായി സന്ദര്‍ശകര്‍ക്കും വിശ്വാസികൾക്കും രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്
PC:Reji Jacob
ചെറുവാളൂർ കൂട്ടാല ഭദ്രകാളി ക്ഷേത്രം
തൃശൂർ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചെറുവാളൂർ കൂട്ടാല ഭദ്രകാളി ക്ഷേത്രവും വർഷത്തിലൊരിക്കൽ മാത്രം ദർശനം സാധ്യനാകുന്ന ക്ഷേത്രമാണ്. കുംഭമാസം 1 മുതൽ 30 വരെ വർഷത്തിൽ ഒരു മാസം ഇവിടെ നട തുറക്കും. ബാക്കി സമയങ്ങളിൽ ആരും ക്ഷേത്രപരിസരത്തേയ്ക്ക് പോകാറുപോലുമില്ല. അല്ലാത്ത സമയത്ത് ഇവിടെ എത്തിയാൽ ദേവി ഉഗ്രമൂർത്തി ആയേക്കുമെന്ന് ഭയന്ന് ആരു വരാറില്ല. നട തുറക്കുന്ന 30 ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ജീവിതത്തിലുടനീഴം ഐശ്വര്യവും അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. ഇവിടുത്തെ മറ്റൊരു വിശ്വാസം നടതുറക്കുന്ന 30 ദിവസവും ഐരാണിക്കുളം ദേവി ഇവിടെ പാട്ടംപിരിവിനായി വരുമെന്നതാണ്.
തിരുവൈരാണിക്കുളം ക്ഷേത്രം
വർഷത്തിലൊരിക്കൽ മാത്രം പാര്‍വ്വതി ദേവിയുടെ നട വിശ്വാസികൾക്കായി തുറക്കുന്ന ദിവസമാണ് തിരുവൈരാണിക്കുളം ക്ഷേത്രം. എറണാകുളം ജില്ലയിൽ ആലുവയ്ക്ക് സമീപം ശ്രീമൂലനഗരം പഞ്ചായത്തിന്‍റെ ഭാഗമായ വെള്ളാരപ്പള്ളിയിലാണ് ഈ ക്ഷേത്രമുള്ളത്. ഒരേ ശ്രീകോവിലിൽ പാർവ്വതിയും പരമശിവനും അനഭിമുഖമായി വ്യത്യസ്ത ദിശകളിലേക്ക് ദർശനം നല്കുന്ന ക്ഷേത്രമാണിത്. . ശിവൻ കിഴക്കു ദിശയിലേക്കും പാർവ്വതി പടിഞ്ഞാറ് ദിശയിലേക്കും ആണ് ഇവിടെയുള്ളത്. വർഷത്തിൽ 12 ദിവസം ഇവിടെ പാർവ്വതി ദേവിയുടെ നട തുറക്കുന്നതാണ് പ്രധാന ആഘോഷം. ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ പാർവ്വതി ദേവിയുടെ നട തുറന്നുള്ള ദർശനം തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പു മഹോത്സവം എന്നാണ് അറിയപ്പെടുന്നത്.