ഓരോ വിശ്വാസങ്ങൾക്കും അവരുടേതായ ഓരോ ചിട്ടകളും അനുഷ്ഠാനങ്ങളും ഉണ്ട്. ഒരിക്കലും ഒരു മതത്തിന്‍റെ വിശ്വാസങ്ങളോട് മറ്റൊരു മതം ബന്ധപ്പെട്ടു നിൽക്കില്ല. എന്നാൽ ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഒരു ക്ഷേത്രത്തിന്‍റെ മതിൽക്കെട്ടിനുള്ളിൽ ഇസ്ലാം മത വിശ്വാസികൾക്കായി നിസ്കരിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു പറഞ്ഞാലോ? വിശ്വസിക്കാനിത്തിരി പാടുപെടും. മതത്തിന്റെ വേലിക്കെട്ടില്ലാത്ത ഒരു ക്ഷേത്തിന്റെ കഥയാണ് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപം സ്ഥിതി ചെയ്യുന്ന വേങ്കമല ഭഗവതി ക്ഷേത്രത്തിന് പറയുവാനുള്ളത്.

വേങ്കമല ഭഗവതി ക്ഷേത്രം
മതവിശ്വാസങ്ങൾക്കും ഉപരിയായി മറ്റുള്ളവരിൽ തങ്ങളെത്തന്നെ കാണുന്ന വിശ്വാസത്തിവ്‍റെ ഉന്നതിയിൽ നിൽക്കുന്ന ക്ഷേത്രമാണ് വേങ്കമല ഭഗവതി ക്ഷേത്രം. വനദുർഗ്ഗാ സങ്കല്പത്തിൽ ഭഗവതിയെ ആരാധിക്കുന്ന ഈ ക്ഷേത്രം ഗിരിവര്‍ഗ്ഗക്കാരുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ്. കാണിവിഭാഗക്കാർ പൂജകൾ നടത്തുന്ന ഈ ക്ഷേത്രം ദ്രാവിഡ ആചാരങ്ങളാണ് പൂജകൾക്കും പ്രാർത്ഥനകൾക്കുനായി പിന്തുടരുന്നത്. പ്രത്യേക മന്ത്രങ്ങളോ തന്ത്രങ്ങളോ ഒന്നുമില്ലാതെ ഗൗളി മന്ത്രം മാത്രം ആരാധനയായി സ്വീകരിക്കുന്നതാണ് ഇവിടുത്തെ ദേവിയെന്നാണ് വിശ്വാസം.
മുഖത്തോട് മുഖം നോക്കി
വിശ്വസിച്ച് പ്രാർത്ഥിക്കുന്നവർക്ക് എന്തും നല്കുന്ന അമ്മയാണ് വേങ്കമല ഭഗവതി എന്നാണ് വിശ്വാസം. ശാന്തരൂപത്തിൽ വാഴുന്ന ദേവിയും ഉഗ്രരൂപം പൂണ്ട കരിങ്കാളിമൂർത്തിയും ഒരുമിച്ച് അഭിമുഖമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം കൂടിയാണിത്. അപൂർവ്വമായ ഈ പ്രതിഷ്ഠയിൽ വന്ന് പ്രാർത്ഥിക്കുന്നവർക്ക് ദേവി അനുഗ്രഹം നല്കും. മാത്രമല്ല, ആവശ്യക്കാർക്ക് മുന്നിൽ അമ്മയായും അപരാധികൾക്കു ദുർഗ്ഗയായും ആണ് ദേവിയെന്നാണ് പറയപ്പെടുന്നത്.

ക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാം
കേരളത്തിൽ തന്നെ ഇസ്ലാം മത വിശ്വാസികൾക്ക് ക്ഷേത്രത്തിനുള്ളില്‍ നിസ്കരിക്കുവാൻ സാധിക്കുന്ന ക്ഷേത്രം എന്നതാണ് വേങ്കമല ഭഗവതി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ തന്നെ നിസ്കരിക്കുവാനുള്ള സൗകര്യങ്ങൾ ഉണ്ട്. ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു ആചാരമല്ല ഇത്. മറിച്ച് പതിറ്റാണ്ടുകളായി ഇവിടെ ഇങ്ങനെയൊരു പാരമ്പര്യം പിന്തുടർന്നു പോരുന്നു. ഇവിടുത്തെ കാരണവ പ്രതിഷ്ഠയായ മുത്തന്റെ അമ്പലത്തിനു മുന്നിലാണ് നിസ്കരിക്കുവാനുള്ള സൗകര്യമുള്ളത്. മാത്രമല്ല, ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ പൊങ്കാലയുടെ സമയത്ത് ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെയെത്തുന്നത്. ഇവർക്ക് മരുതുംമൂട്ടിലുള്ള മുസ്ലീം പള്ളിയുടെ മുന്നിൽ പൊങ്കാല ഇടുവാനുള്ള സൗകര്യങ്ങൾ പള്ളിയും ചെയ്തു നല്കുന്നു. പൊങ്കാല ആയാലും റംസാൻ ആയാലും ഒരേ പ്രാധാന്യത്തിൽ, മതത്തിന്റെ വേലിക്കെട്ടുകളില്ലാതെയാണ് ഇവിടെ ആഘോഷിക്കുന്നതും ആളുകൾ സഹകരിക്കുന്നതും. ക്ഷേത്രത്തിലെ നോമ്പുതുറയും ഇതിനുദാഹരണമാണ്. ഇസ്ലാം മത വിശ്വാസികള്‍ ധാളാളമായി വസിക്കുന്ന പ്രദേശം കൂടിയാണിത്.

ഇവിടെയെത്തി പ്രാർത്ഥിച്ചാൽ
ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ ഒരുപാട് അനുഗ്രഹങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം പൊങ്കാല സമർപ്പിച്ച് പ്രാർത്ഥിച്ചാല് ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്നും ആൽമരത്തിൽ പാവകളും കരിവളയും കെട്ടി പ്രാര്‍ത്ഥിച്ചാൽ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുമെന്നുമാണ് വിശ്വാസം. മുത്തൻ കാരണവരുടെ പ്രതിഷ്ഠയിൽ തോര്‍ത്തും മുണ്ടും രുദ്രാക്ഷവും ചൂരലും സമർപ്പിച്ചാൽ എല്ലാ തടസ്സങ്ങളം മാറി കാര്യങ്ങൾ ഭംഗിയായി നടക്കുമത്രെ. പട്ടും കരിങ്കോഴിയും ആടും ദേവിക്ക് നേർന്നാൽ ശത്രുക്കളുടെ മേൽ വിജയം നേടാമത്രെ.
കാരണവര്‍, കന്യാവ്, ഗണപതി, ആയിരവില്ലി, കുട്ടിച്ചാത്തന്‍, നാഗരാജാവ്, ബ്രഹ്മക്ഷസ് , പഞ്ചിയമ്മ, അപ്പൂപ്പന്‍ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠകൾ.
ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലാണ് ക്ഷേത്രത്തിലെ പ്രധാന പൂജകൾ നടക്കുന്നത്. മറ്റു വിശേഷ ദിവസങ്ങളിലും ഇവിടേക്ക് വരാം.

വേങ്കമല ഭഗവതി ക്ഷേത്രത്തിലെത്തുവാൻ
തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂടിന് സമീപം പുല്ലമ്പാറ പഞ്ചായത്തിലാണ് ക്ഷേത്രമുള്ളത്. നെടുമങ്ങാട്ടേക്കു പോകുന്ന റോഡില്‍ മരുതുമ്മൂട് നിന്നും വലതുവശത്തുള്ള റോഡിലൂടെ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. ഗോത്രാചാരങ്ങൾ മനസ്സിലാക്കുവാനും അവരുടെ പാരമ്പര്യങ്ങൾ മനസ്സിലാക്കുവാനും ആളുകൾ ഇവിടെ എത്തുന്നു. അപൂർവ്വമായ പല ദ്രാവിഡ ആചാരങ്ങളും ഇവിടെ കാണാം. കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ സാധിക്കാത്ത വിളിച്ചുചൊല്ലി പ്രാർത്ഥന, കരിക്കേറ് ചാറ്റ് പാട്ട്, കുടിയേറിത്തുള്ളൽ, തുടങ്ങിയവ ഇവിടെയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












