നൃത്തം ഒരു ഉത്സവമായി കൊണ്ടാടുന്ന സ്ഥലങ്ങൾ ഇന്ത്യയിൽ പലതാണ്. അതിൽ ഒരു സ്ഥലമാണ് കൊണാർക്ക്. കൊണാർക്കിലെ പ്രശസ്തമായ സൂര്യ ക്ഷേത്രത്തെ സാക്ഷി നിർത്തി വർഷം തോറും ഇവിടെ നൃത്ത ഉത്സവം നടക്കാറുണ്ട്. കൊണാർക്ക് ഡാൻസ് ഫെസ്റ്റിവൽ (Konark Dance Festival) എന്നാണ് ഈ നൃത്ത ഉത്സവം അറിയപ്പെടുന്നത്.
എല്ലാവർഷവും ഡിസംബർ മാസത്തിൽ അരങ്ങേറാറുള്ള ഈ കലാവിരുന്ന് 2013ൽ ഡിസംബർ ഒന്ന് മുതൽ അഞ്ച് വരേയാണ് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കലാകാരൻമാരാണ് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ എത്താറുള്ളത്. ഈ നൃത്ത ഉത്സവത്തിലെ ഏറ്റവും ആകർഷിപ്പിക്കുന്ന കലാവിരുന്ന് തീർച്ചയായും ഒറീസയിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന ഒഡീസി തന്നെയായിരിക്കും. ഒറീസയിലെ പുരി ജില്ലയിലെ കൊണാർക്കിലാണ് ഈ നൃത്തം അരങ്ങേറാറുള്ളത്.

കിഴക്കൻ ഗംഗാ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന നരസിംഹദേവാൾ ഒന്നാമനാണ് കൊണാർക്കിലെ പ്രശസ്തമായ സൂര്യക്ഷേത്രം നിർമ്മിച്ചത്. സൂര്യ ദേവന്റെ രഥത്തിന്റെ രൂപത്തിലാണ് ഈ ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ശിൽപ്പികൾ 13 വർഷക്കാലത്തോളം ജോലി ചെയ്താണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ നൃത്ത മണ്ഡപമായ നട മണ്ഡപത്തിലാണ് വർഷാവർഷം നൃത്ത ആഘോഷം നടക്കാറുള്ളത്.
ശിലയിൽ തീർത്ത പന്ത്രണ്ട് ചക്രങ്ങൾ, പന്ത്രണ്ട് തൂണുകൾ, ഏഴ് ജോഡി കുതിരകൾ തുടങ്ങിയവയും ക്ഷേത്രത്തിന്റെ ഭാഗമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇവിടുന്ന് നൃത്തം കാണുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ഇവിടെ നൃത്തം അവതരിപ്പിക്കുന്ന എന്നത് പല നർത്തകരുടേയും സ്വപ്നമാണ്.

ഒറീസ ടൂറിസം ഡിപ്പാർട്ട്മെന്റാണ് ഈ നൃത്തോത്സവത്തിന്റെ സംഘാടകർ. ഒഡീസിക്ക് പുറമേ ഭരതനാട്യം, മണിപ്പൂരി, കഥക്, ചൗ നൃത്തം തുടങ്ങിയ നൃത്തരൂപങ്ങളും ഇവിടെ അവതരിപ്പിക്കാറുണ്ട്. ഈ ദിവസങ്ങളിൽ കരകൗശല മേളയും നടക്കാറുണ്ട്.
കൊണാർക്ക് നൃത്ത ഉത്സവത്തോനുബന്ധിച്ച് ലോകപ്രശസ്തമായ സാൻഡ് ആൻഡ് ആർട്ട് ഫെസ്റ്റിവലും( Sand and Art Festival) നടക്കാറുണ്ട്. ആഗോള പ്രശസ്തി നേടിയ കലാകാരൻമാർ ഈ നാളുകളിൽ കൊണാർക്കിൽ എത്തി മണലിൽ അത്ഭുതങ്ങൾ വിരിയിക്കാറുണ്ട്.

തനത് കലകൾക്ക് പേരുകേട്ട സംസ്ഥനമായ ഒറീസയിലേക്ക് ഈ ഡിസംബറിൽ ഒരു ട്രിപ്പ് നടത്തിയാലോ? പുരിയിൽ നിന്ന് 35 കിലോമീറ്ററും ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 65 കിലോമീറ്ററുമാണ് കൊണാർക്കിലേക്കുള്ള ദൂരം. ഇന്ത്യയിലേ എല്ലാ നൃത്ത രൂപങ്ങളും ഒറ്റ വേദിയിൽ കാണാൻ ഇതുപോലൊരു അവസരം വേറെ കിട്ടില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












