എത്ര കണ്ടാലും എത്ര പോയാലും കാഴ്ചകൾ അവസാനിക്കാത്ത കൊച്ചി. കായലും കടലും ഷോപ്പിങ്ങും ഭക്ഷണവും മെട്രോയും ട്രെയിനും ഒക്കെയായി ഒന്നല്ല ഒരാഴ്ചയെടുത്താലും കണ്ടുതീരാത്ത കൊച്ചി കാഴ്ചകൾ കണ്ടുവന്നാലോ.. അതും പ്രധാന കാഴ്ചകൾ മാത്രം ഉള്‍പ്പെടുത്തിയുള്ള ഒറ്റ ദിവസ എറണാകുള യാത്ര. ഓ.. ഒരു പകലിൽ കൊച്ചിയിൽ എന്തൊക്കെ കണ്ടുതീർക്കും എന്നല്ലേ നിങ്ങൾ ഇപ്പോൾ ചോദിക്കുന്നത്? നിങ്ങൾ കൊച്ചിയിൽ ഒരു ദിവസം കൊണ്ട് കാണാനാഗ്രഹിക്കുന്ന കാഴ്ചകൾ മുഴുവൻ കണ്ടുവരുന്ന ഒരു പാക്കേജ് ഉണ്ട്.
കൊച്ചി മെട്രോ വൈബ്സ് യാത്ര. കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന മെട്രോ വൈബ്സ് യാത്ര കൊച്ചിയിലെ പ്രധാ ന കാഴ്ചകൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള യാത്രയാണ്. കുറഞ്ഞ ചെലവിൽ കൊച്ചി കറങ്ങാം എന്നതു മാത്രമല്ല, മെട്രോ ട്രെയിനിലും വാട്ടർ മെട്രോയിലും കയറുവാനും കൊച്ചിയിൽ ഷോപ്പിങ്ങും നടത്തി മടങ്ങുവാൻ സാധിക്കുന്ന വിധത്തിൽ എല്ലാം ഉൾപ്പെടുത്തിയ യാത്രയാണ് കൊല്ലം ബിടിസി അവതരിപ്പിക്കുന്നത്.

കൊച്ചി കാണാൻ ഇനി വേറേ വഴി വേണ്ട
കൊച്ചി നഗരവും അവിടുത്തെ കാഴ്ചകളും കാണാൻ ആഗ്രഹമുണ്ടായിട്ടും അതിനൊരു സൗകര്യം കിട്ടാത്തവർക്ക് ഉപയോഗപ്പെടുത്തുവാൻ പറ്റിയ പാക്കേജാണിത്. കൊല്ലത്തു നിന്ന് രാവിലെ പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തുന്ന യാത്രയിൽ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം നഗരം, വാട്ടർ മെട്രോ, റെയിൽ മെട്രോ, ലുലു മാൾ എന്നിവിടങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്. ഇതാ പാക്കേജിനെക്കുറിച്ചും ബുക്കിങ്, സന്ദർശിക്കുന്ന ഇടങ്ങൾ എന്നിവ വിശദമായി അറിയാം.
കൊച്ചി മെട്രോ വൈബ്സ് യാത്ര
സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 5.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്ര ആദ്യം എത്തുന്നത് ഫോർട്ട് കൊച്ചിയിലാണ്. ഇവിടുത്തെ ദേവാലയങ്ങൾ, ഷൂട്ടിങ് സ്ഥലങ്ങൾ, ഫോർട്ട് കൊച്ചി ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് യാത്ര മട്ടാഞ്ചേരിക്ക് പോകും. ജ്യൂ സിനഗോഗ്, ഡച്ച് കൊട്ടാരം, ജൂതത്തെരുവ് എന്നിവിടങ്ങൾ ആണ് മട്ടാഞ്ചേരിയിൽ സന്ദർശിക്കുന്നത്.
ഇത്രയും സ്ഥലങ്ങൾ കണ്ടുകഴിയുമ്പോഴേയ്ക്കും വിശപ്പും എത്തിയിട്ടുണ്ടാകും. പ്രസിദ്ധമായ കായീസ് ബിരിയാണിയാണ് ഉച്ചഭക്ഷണത്തിനായി ഒരുക്കുന്നത്. ഭക്ഷണം കഴിച്ച് ക്ഷീണം മാറ്റിയ ശേഷം നേരേ വാട്ടർ മെട്രോ കാണാനാണ് പോകുന്നത്. ഹൈക്കോർട്ട് ജംങ്ഷനിലേക്കാണ് വാട്ടർ മെട്രോയിലുള്ള യാത്ര. അവിടുന്ന് മറൈൻ ഡ്രൈവിലേക്ക് എത്തുമ്പോഴേയ്ക്കും കെഎസ്ആർടിസി ബസും വന്നിട്ടുണ്ടാകും. തുടർന്ന് മെട്രോ ട്രെയിനിലാണ് യാത്ര. വാട്ടർ മെട്രോയും റെയിൽ മെട്രോയും ഒറ്റ യാത്രയിൽ കയറി ആഗ്രഹം പൂർത്തിയാക്കാം.
അവിടുന്ന് നേരെ ലുലുമാളിലേക്കാണ് പോകുന്നത്. ലുലുവിൽ രണ്ടു മണിക്കൂർ സമയമാണുള്ളത്. ഭക്ഷണം , ഷോപ്പിങ്, വിൻഡോ ഷോപ്പിങ്ങ് എന്നിങ്ങനെ നിങ്ങൾക്കു വേണ്ടതെല്ലാം ചെയ്യാം, തുടർന്ന് അവിടുന്ന് നേരെ കൊല്ലത്തിനു മടക്ക യാത്ര, രാത്രി പത്ത് മണിയോടെ യാത്ര മടങ്ങിയെത്തും. അങ്ങനെ കൊച്ചിയിലെ പ്രധാന കാഴ്ചകൾ കണ്ട് എളുപ്പത്തിൽ പോയി വരുന്ന യാത്ര നിങ്ങൾക്കും പോകാം.
കൊല്ലം ഡിപ്പോയുടെ മെട്രോ വൈബ്സ് യാത്രയ്ക്ക് ഒരാൾക്ക് 870 രൂപയാണ് നിരക്ക്, സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ദേശീയപാത വഴി പോയി, ദേശീയപാതവഴി തന്നെ മടങ്ങിയെത്തുന്ന റൂട്ടാണ് ഇതിനുള്ളത്. മെട്രോ വൈബ്സ് യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ 9747969768, 8921950903, 9495440444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














