ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറെ പ്രധാന്യമുള്ള ദിവസങ്ങളിലൊന്നാണ് രോഹിണിയും തിങ്കളാഴ്ചയും ഒരുമിച്ച് വരുന്നത്. 2023 മാർച്ച് 27-ാം തിയതി തിങ്കളാഴ്ച ഇത്തരത്തിലുള്ള അപൂർവ്വ ദിവസമാണ്. വിശ്വാസികൾ ഈ ദിവസം ശിവപാർവ്വതിമാരെ ആരാധിക്കുവാനൂം അനുഗ്രഹങ്ങൾ നേടുവാനുമായി ക്ഷേത്രദർശനങ്ങളും പ്രത്യേക പൂജകളും നടത്തുന്നു. ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നും കേരളത്തിലെ പ്രധാനപ്പെട്ട ഉമാ മഹേശ്വര ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും നോക്കാം
രോഹിണിയും തിങ്കളാഴ്ചയും
വളരെ അപൂർവ്വമായി മാത്രം നടക്കുന്ന ഒന്നാണ് രോഹിണിയും തിങ്കളാഴ്ചയും ഒരുമിച്ച് വരുന്നത്. ഒരുപാട് അനുഗ്രഹങ്ങളും പ്രാർത്ഥനകൾക്കുത്തരവും ലഭിക്കുന്ന ദിവസവുമായാണ് ഈ ദിനം അറിയപ്പെടുന്നത്. ഈ ദിവസത്തിൽ പാർവ്വതി ദേവിയോട് പ്രാർത്ഥിക്കുന്നതും ഉപാസിക്കുന്നതും വളരെ നല്ലതാണത്രെ. വിവാഹം നടക്കുന്നതിനും മികച്ച ദാമ്പത്യ ജീവിതത്തിനും വേണ്ടി ഈ ദിവസം പ്രാർത്ഥനകൾ നടത്താം. സ്വയംവര മന്ത്രമാണ് ഈ ദിവസം നടത്തേണ്ടത് എന്നാണ് പറയുന്നത്.

ഉമാമഹേശ്വര ക്ഷേത്രങ്ങൾ
രോഹിണിയും തിങ്കളാഴ്ചയും ചേരുന്ന ദിവസം ഉമാ മഹേശ്വര ക്ഷേത്രങ്ങളിലോ ശിവക്ഷേത്രങ്ങളിലോ ശിവനും പാർവ്വതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങളിലോ അല്ലെങ്കിൽ ഭഗവതി ക്ഷേത്രങ്ങളിലോ പോകാം. വിവാഹ തടസ്സങ്ങൾ മാറുവാൻ പ്രാർത്ഥനകൾ ഫലം ചെയ്യുമത്രെ. സർവൈശ്വര്യം ലഭിക്കുവാനും ദോഷങ്ങൾ മാറുവാനും സഹായിക്കും എന്നും വിശ്വസിക്കപ്പെടുന്നു.
ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെങ്കൽ മഹേശ്വരം ശിവപാർവ്വതിക്ഷേത്രം. ഒരേ പീഠത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ശിവനം പാർവ്വതിയുമാണ് ഇവിടെയുള്ളത്. ശിവനെ വിഗ്രഹരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം എന്ന അപൂർവ്വതയും ഇതിനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൂടിയാണിത്. ശിവനോടൊപ്പം പാർവ്വതിയും ഗണേശനും കാർത്തികേയനും ഒരുമിച്ചുള്ളതിനാൽ ശിവപരിവാർ അഥവാ ശിവകുടുംബമായും ഈ ക്ഷേത്രം അറിയപ്പെടുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിനും നന്മയ്ക്കും ഇവിടെവന്ന് പ്രാര്‍ത്ഥിച്ചാൽ മതിയെന്നും വിശ്വാസമുണ്ട്.

PC:Aadhi Dev
ഉളിയന്നൂർ മഹാദേവ ക്ഷേത്രം
എറണാകുളം ജില്ലയില്‍ ആലുവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉളിയന്നൂർ മഹാദേവ ക്ഷേത്രം പരശുരാമൻ പ്രതിഷ്ഠ നടത്തി, പെരുന്തച്ചൻ നിർമ്മിച്ചതാണ് എന്നാണ് വിശ്വാസം. കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാട്ട് ദർശനമായി പാർവ്വതിയും ഒരേ ശ്രീകോവിലിൽ വാഴുന്ന ഈ ക്ഷേത്രം. അര്‍ദ്ധനാരീശ്വര സങ്കല്പത്തിൽ ശിവനെയും പാർവ്വതിയെയും ഇവിടെ ആരാധിക്കുന്നു. ദമ്പതികൾ ഒരുമിച്ച് ദർശനം നടത്തിയാൽ ഇവിടെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ആലുവയിൽ കടുങ്ങല്ലൂർ പഞ്ചായത്തിൽ പെരിയാറിന്റെ തീരത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഉമാമഹേശ്വര ക്ഷേത്രം, പത്മതീര്‍ത്ഥക്കര
തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായി ഒരു ഉമാമഹേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന്റെ കുളക്കടവായ പത്മതീർത്ഥക്കരയിൽ ആണ് ഈ ഉമാമഹേശ്വര ക്ഷേത്രം ഉള്ളത്. ശിവനും പാർവ്വതിക്കുമൊപ്പം വിഘ്നേശ്വരനും സ്കന്ദനും വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ വന്ന പ്രാർത്ഥിക്കുന്നവർക്ക് വിവാഹ തടസ്സങ്ങൾ മാറുമെന്നും ദുരിതകൾ അകലുമെന്നും വിശ്വസിക്കപ്പെടുന്നു.

ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കുന്നത്തളി ക്ഷേത്രം. ചരിത്രവും വിശ്വാസങ്ങളും ഒരുപോലെയുള്ള ക്ഷേത്രമാണിത്. രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ ആറ് ഉപദേവതാ ക്ഷേത്രങ്ങളുണ്ട്. പെരിയാറിന്റെ തീരത്താണ് ക്ഷേത്രമുള്ളത്. അർധനാരീശ്വര രൂപത്തിൽ ശിവനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ കുടുംബകലഹങ്ങൾക്കും ഐക്യത്തിനും ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. വാൽക്കണ്ണാടി രൂപത്തിലുള്ള യക്ഷി പ്രതിഷ്ഠ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












