മറയൂർ.. മൂന്നാറിൽ വന്ന് എവിടേക്ക് പോകണമെന്ന് ആലോചിച്ചു നിൽക്കുമ്പോൾ കിട്ടുന്ന പേരായിരുന്നു കുറച്ചുനാൾ മുൻപ് വരെ മറയൂർ. മറഞ്ഞിരിക്കുന്ന ഊര് എന്നറിയപ്പെടുന്ന മറയൂർ പക്ഷേ, ഇപ്പോൾ സീൻ വേറെയാണ്! മറയൂരിൽ കാണാൻ എന്തൊക്കെയുണ്ട്, മറയൂരിൽ എവിടെ താമസിക്കാം തുടങ്ങി മറയൂരില‍് നിന്ന് മൂന്നാറിലേക്ക് എത്ര ദൂരമുണ്ടെന്നു വരെയായി അന്വേഷണങ്ങൾ.. അങ്ങനെ മറഞ്ഞിരുന്ന ഊര് വെളിച്ചത്തു വന്നപ്പോൾ സഞ്ചാരികൾക്ക് കിട്ടിയത് മൂന്നാറിനും അപ്പുറമുള്ള മറ്റൊരു ലോകമാണ്.
കോടമൂടി നിൽക്കുന്ന ഇടമാണ് മറയൂർ. മഴ പെയ്ത് ബുദ്ധിമുട്ടിക്കാത്ത, എന്നാലോ തണുപ്പിന് ഒട്ടും കുറവില്ലാത്ത ഒരിടം. കേട്ടറിഞ്ഞ സ്ഥലത്തെ നേരിട്ട് പരിചയപ്പെടാൻ ഒരുപാടാളുകൾ വരുന്നുണ്ടെങ്കിലും മറയൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെ എന്നതിന് ഉത്തരമുണ്ടെങ്കിൽ മാത്രമേ മറയൂർ യാത്ര അടിപൊളിയാക്കാൻ പറ്റൂ. സോളോ ട്രിപ്പേഴ്സിനും ഗ്യാംങ് യാത്രകൾക്കും ഹണിമൂൺ ആഘോഷിക്കാനും ഇവിടേക്ക് വരാം.

മൂന്നാറിൽ നിന്നു മറയൂരിലേക്കുള്ള 39.5 കിലോമീറ്റർ ദൂരം മുഴുവനും മനോഹരമായ കാഴ്ചകളാണ്. ഒപ്പം ഇവിടുത്തെ മുനിയറകളും ചന്ദനക്കാടുകളും മാത്രം അറിഞ്ഞിരുന്നാൽ ഈ യാത്ര ഒരിക്കലും പൂർണ്ണമാകില്ല. ഇതാ മറയൂർ യാത്രയിൽ പരിചയപ്പെട്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. ചന്ദനക്കാട്
വരുന്ന വഴിയിൽ മുഴുവൻ കണ്ടതല്ലേ ഇനി കാണേണ്ട എന്നു കരുതി മറയൂരിലെ ചന്ദനക്കാടുകൾ കാണാതെ മടങ്ങരുത്. മറയൂർ ബസ് സ്റ്റോപ്പിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരമേ ചന്ദനക്കാട് സന്ദർശിക്കാന്‍ പോകേണ്ടതുള്ളൂ. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഇവിടുത്തെ ചന്ദനങ്ങളുടെ എണ്ണം കുറവാണെങ്കിലും ഗുണത്തിൽ മുൻപൻ മറയൂർ ചന്ദനം ആണ്.
വനംവകുപ്പിന്‍റെ മുൻകൂർ അനുമതിയോടെ ചന്ദനക്കാട്ടിലിറങ്ങി നടക്കാനും ചന്ദന ഫാക്ടറിയിൽ പോകാനും സാധിക്കും. ഇവിടുത്തെ ചന്ദനത്തിൽ തീർത്ത കരകൗശല വസ്തുക്കള്‍ മടക്കയാത്രയിൽ ഒരു മറയൂർ യാത്രയുടെ ഓർമ്മയ്ക്കായി മേടിക്കുകയും ചെയ്യാം.
2. ഏഴുതല ഗുഹാചിത്രങ്ങൾ
മറയൂർ യാത്രയിൽ തീർത്തും വ്യത്യസ്തമായ ചില കാഴ്ചകൾ തരുന്ന സ്ഥലമാണ് ഏഴുതല ഗുഹാചിത്രങ്ങൾ. മറയൂരിലെ തന്നെ കൂടക്കാവ് ചന്ദന സംരക്ഷണ വനത്തിൽ ആണ് എഴുത്തല ഗുഹ സ്ഥിതി ചെയ്യുന്നത്. 1500 മീറ്റർ ഉയരത്തിലുള്ള വലിയ റോക്ക് ഷെൽട്ടറില് 90 ഓളം ഗുഹാചിത്രങ്ങൾ കാണാം. ചരിത്രാതീത കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളായാണ് കണക്കാക്കുന്നത്. മറയൂർ ബസ് സ്റ്റാൻഡിൽ നിന്നും വെറും നാല് കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ.
3. ചിന്നാർ വന്യജീവി സങ്കേതം
മറയൂരിൽ നിന്നും 12 കിലോമീറ്റർ ദൂരമേയുള്ളൂ പ്രസിദ്ധമായ ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക്. ജൈവവൈവിധ്യം നിറഞ്ഞ കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. പശ്ചിമഘട്ട മലനിരകളിൽ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം എന്ന പ്രത്യേകതയും ചിന്നാറിനുണ്ട്. ചാമ്പൽ മലയണ്ണാൻ, നക്ഷത്രആമ തുടങ്ങി അപൂർവ്വങ്ങളായ ജീവികളും ഇവിടെ വസിക്കുന്നു.
4. തൂവാനം വെള്ളച്ചാട്ടം
മറയൂർ യാത്രയിൽ വിട്ടുപോകരുതാത്ത സ്ഥലമാണ് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം. മറയൂരിൽ നിന്നും തൂവാനം വെള്ളച്ചാട്ടിന്‍റെ ബേസ് ക്യാംപായ ആലാംപെട്ടിയിലേക്ക് ബസുകൾ ലഭിക്കും. ഏകദേശം നാലു കിലോമീറ്ററോളം ദൂരമാണ് ഈ യാത്രയില് പിന്നിടേണ്ടത്. രസകരമായ ഒരു ട്രെക്കിങ് അനുഭവം സമ്മാനിക്കുന്ന യാത്രയിൽ ദൂരം കുറച്ച് പിന്നിടാനുണ്ടെങ്കിലും അതൊരിക്കലും മടുപ്പിക്കില്ല.
കാടും പുഴയും ചെറിയ വെള്ളച്ചാട്ടവും മരപ്പാലവും ഒക്കെ പിന്നിട്ടുള്ള യാത്ര രസകരമായ ഒന്നാണ്. രാവിലെ 8.00 മണി മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെയാണ് ട്രക്കിങ് സമയം. ഒരാള്‍ക്കു മുന്നൂറ് രൂപയാണ് ട്രെക്കിങ് ഫീസ്. ഒരു സംഘത്തിൽ പരമാവധി 7 പേർക്ക് വരെ പോകാം. ഫോറസ്റ്റ് ഗൈഡും യാത്രയിൽ കൂടെയുണ്ടാകും. തുടക്കക്കാർക്കും അനുയോജ്യമാണ് ഈ യാത്ര.
5. ലക്കം വെള്ളച്ചാട്ടം
മറയൂരിനോട് വിട പറഞ്ഞ് മൂന്നാർ വഴിയാണ് പോകുന്നതെങ്കിൽ ആ യാത്രയിൽ ലക്കം വെള്ളച്ചാട്ടം കൂടി കാണാം. മൂന്നാറിൽ നിന്നും 24 കിലോമീറ്റർ ദൂരെയാണ് ലക്കം. ട്രെക്കിങ് ആണ് ഇവിടുത്തെ പ്രധാന ആകർഷണമെങ്കിലും വെള്ളച്ചാട്ടം കണ്ടുമടങ്ങാനാണ് കൂടുതലാളുകളും താല്പര്യപ്പെടുന്നത്. രാവിലെ 9.00 മണി വൈകിട്ട് 5.00 മണി വരെയാണ് ലക്കം വെള്ളച്ചാട്ടം കാണാനുള്ള സമയം. ട്രെക്കിങ് കൂടാതെ ഇവിടെ വനംവുപ്പിന്‍റെ ലോഗ് ഹൗസിൽ താമസിക്കാനുള്ള സൗകര്യവും ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











