മഴക്കാലത്തെ വയനാടിന് പ്രത്യേക സൗന്ദര്യമാണ്. കാടായ കാടെല്ലാം മഞ്ഞിൽ പൊതിഞ്ഞ് നില്‍ക്കുന്ന സമയം, ചെറുതായി വന്ന് ആർത്തലച്ചു പോകുന്ന മഴ, കട്ടത്തണുപ്പും കൂടിയാകുമ്പോള്‍ സഞ്ചാരികൾക്ക് ആഘോഷിക്കുവാനുള്ളതെല്ലാമായി. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ചുരം കയറി വയനാട്ടിലത്തുന്നത് ഈ മനോഹര കാഴ്ചകൾ കാണുവാനാണ്. എന്നാൽ വയനാട് മൺസൂൺ യാത്രയിൽ ഏതൊക്കെ സ്ഥലങ്ങളാണ് മറക്കാതെ കാണേണ്ടതെന്നറിയാവോ?
വയനാട്ടിലെ ഒരുവിധം എല്ലാ സ്ഥലങ്ങളും മഴക്കാലത്തു മാത്രമല്ല, ഏതു സമയത്തും കാണാൻ കഴിയും. മഴ കൂടിയാകുമ്പോൾ ഭംഗി ഇരട്ടിക്കുമെന്നു മാത്രം. സാധാരണ യാത്രികരെ സംബന്ധിച്ചെടുത്തോളം തിരഞ്ഞു പിടിച്ചു സ്ഥലങ്ങൾ കാണുന്നതിനു പകരം ഏറ്റവും എളുപ്പത്തിൽ പൊതുഗതാഗത മാർഗ്ഗത്തിലൂടെ എത്തിച്ചേരുവാൻ സാധിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

1. പൂക്കോട് തടാകം
കോഴിക്കോട് വഴി ചുരം കയറി വരുന്ന സഞ്ചാരികളുടെ ആദ്യ ലക്ഷ്യസ്ഥാനമാണിത്. ഏതു സമയത്തും സുരക്ഷിതമായി പോയി വരാം എന്നതാണ് ഇതിന്‍റെ ആകർഷണം . ഒരു കാടിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് ഇന്ത്യയുടെ ആകൃതിയാണെന്നാണ് പറയുന്നത്. ബോട്ടിങ് യാത്രയ്ക്കും അതോടൊപ്പം തടാകം ചുറ്റി നടന്നു കാണുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. കുട്ടികളൊടൊപ്പം വരുന്നവർക്ക് ഒന്ന് വിശ്രമിച്ച് അവരെ ചുറ്റുമുള്ള കാഴ്ചകളെല്ലാം കാണിച്ച് അടുത്ത ഇടത്തേയ്ക്ക് പോകുവാനുള്ള ആദ്യ സ്റ്റോപ്പ് ആയി ഇതിനെ പരിഗണിക്കാം.
40 മീറ്റർ ആഴത്തിലുള്ള ഈ തടാകം 13 ഏക്കർ സ്ഥലത്തായാണ് പരന്നു കിടക്കുന്നത്. ബോട്ടിങ് കൂടാതെ അക്വേറിയം, പിക്നിക് സ്പോട്ട്, അത്യാവശ്യം ചെറിയ ഭക്ഷണസാധനങ്ങൾ കിട്ടുന്ന ഇടം തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ഡിടിപിസി വയനാടിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇവിടെ ടിക്കറ്റ് എടുത്തു വേണം കയറുവാൻ. പൂക്കോട് തടാകത്തിൽ നിന്നാല് സമീപത്തെ മലനിരകളുടെ മനോഹരമായ കാഴ്ചയും ആസ്വദിക്കാം.

2. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം
വയനാട് യാത്രയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം. വയനാട്ടിലെ മാത്രമല്ല,േ കേരളത്തിലെ മുഴുവൻ ഗോത്രജനതയുടെയും പാരമ്പര്യവും സംസ്കാരവും സന്ദർശകർക്കു മുന്നിലെത്തിക്കുന്ന ഇടമാണിത്. 25 ഏക്കർ സ്ഥലത്തായി വൈത്തിരി ലക്കിടിക്കടുത്ത് സുഗന്ധഗിരിക്കുന്നില്‍
ആണിത് സ്ഥിതി ചെയ്യുന്നത്.
എന്‍ ഊര്. ഗോത്രവിഭാഗക്കാരുടെ കഴിവുകളും കലകളും കരകൗശല വിദ്യകളും സംരക്ഷിക്കപ്പെടുന്നുവെന്ന് മാത്രമല്ല, അവരുടെ ഉല്പന്നങ്ങൾക്ക് പ്രത്യേക വിപണിയും ഇവിടെയുണ്ട്.
3. ബാണാസുര സാഗർ അണക്കെട്ട്
വയനാടിലെ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ബാണാസുര സാഗർ അണക്കെട്ട്. സാഹസികതയും കൗതുകവും ഒരുപോലെ ഒന്നിക്കുന്ന ഇവിടം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നു. കൽപ്പറ്റയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മണ്ണുകൊണ്ട് നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഇവിടം ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാമും കൂടിയാണ്. ബാണാസുര സാഗർ ട്രക്കിങ് ഇവിടുത്തെ മറ്റൊരാകർഷണമാണ്.

PC:Aneesh Jose
4. കാന്തൻപാറ വെള്ളച്ചാട്ടം
മഴക്കാലത്ത് മാത്രമല്ല, വേനലിലും തണുപ്പിലും ഏറ്റവുമധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ് കാന്തൻപാറ വെള്ളച്ചാട്ടം. പേരുപോലെ തന്നെ ആളുകളെ വലിച്ചടുപ്പിക്കുന്ന ഒരാകർഷണ ശക്തി ഇതിനുണ്ട്. വയനാട്ടിലെ ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടം എന്നാണിത് അറിയപ്പെടുന്നത്. മഴക്കാലം ആകുന്നതോടയാണ് ഇതിന്‍റെ ഭംഗി പൂർണ്ണമായും പ്രകടമാകുന്നത്.
പാറക്കെട്ടിൽ നിന്നും താഴേക്ക് തല്ലിച്ചിതറി താഴേക്ക് പതിക്കുന്ന ഇവിടെ സുരക്ഷിതമായി വെള്ളച്ചാട്ടത്തിലിറങ്ങുവാനും സാധിക്കും. അതുകൊണ്ടുതന്നെ കുടുംബമായി യാത്ര ചെയ്യുന്നവരും ഇവിടം തിരഞ്ഞെടുക്കാം.
താമരശ്ശേരി വഴി വരുന്നവർക്ക് വൈത്തിരി-ചുണ്ട-മേപ്പാടി- തുടർന്ന് 05 കിലോമീറ്റർ മുന്നോട്ടു പോയാൽ കാന്തന്‍പാറയിലേക്കുള്ള ബോർഡ് കാണാം .പെരിന്തല്‍മണ്ണ- നിലമ്പൂർ വഴി നാടുകാണി ചുരം കയറി ഗൂഡല്ലൂർ - വടുവഞ്ചാൽ-മേപ്പാടി വഴി റിപ്പണിൽ എത്തിയിട്ടും ഇവിടേക്ക് വരാം.
5. മീൻമുട്ടി വെള്ളച്ചാട്ടം
വയനാട്ടിലെ മഴക്കാല യാത്രയിൽ പോകുവാൻ പറ്റിയ അഞ്ചാമത്തെ ലക്ഷ്യസ്ഥാനമാണ് മീൻമുട്ടി വെള്ളച്ചാട്ടം. മഴയാത്ര ആസ്വദിക്കാനാണെങ്കിലും ട്രക്കിങ് നടത്താനാണെങ്കിലും മീൻമുട്ടി വെള്ളച്ചാട്ടം പറ്റിയ ഇടമാണ്. കേരളത്തിലെ ഏറ്റവും വലുപ്പം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് 300 മീറ്റർ ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. കൽപ്പറ്റയിൽ നിന്നും വൈത്തിരി-തരുവണ റോഡ് വഴി ഇവിടേക്ക് 22.4 കിലോമീറ്റർ ദൂരമാണുള്ളത്. രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം.

മഴക്കാല യാത്രയിൽ ചെയ്യരുതാത്ത കാര്യങ്ങൾ
മഴക്കാലത്ത് പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും അപകട സാധ്യത മുൻനിർത്തി പ്രവേശനത്തിനി നിയന്ത്രണങ്ങളും വിലക്കും ഏർപ്പെടുത്തിയേക്കാം. ഇത്തരം മുന്നറിയിപ്പുകൾ അനുസരിക്കുക. ട്രക്കിങ് അനുവദിച്ചിട്ടില്ലാത്ത സ്ഥലത്ത് പോവാതിരിക്കുക. ഗൈഡിന്റെ സഹായമില്ലാതെ ട്രക്കിങ് നടത്താതിരിക്കുക, വെള്ളച്ചാട്ടത്തിലും നദിയിലും ഇറങ്ങുന്നതിന് വിലക്കുണ്ടെങ്കിൽ അതനുസരിക്കുക. അധികൃതരുടെ മുന്നറിയിപ്പും സൂചകൾക്കും പ്രാധാന്യം നല്കുക തുടങ്ങിം കാര്യങ്ങൾ ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












