ഓണത്തിന്‍റെ അവധിയും ആഘോഷങ്ങളും പെട്ടന്നാണ് കടന്നു പോയത്. ഇപ്പോഴിതാ സെപ്റ്റംബർ മാസവും ഇങ്ങെത്തിയിരിക്കുന്നു. ഓഗസ്റ്റിലെയത്രയും യാത്രകൾ സാധ്യമല്ലെങ്കിലും ശനിയും ഞായറും പിന്നെ കൃഷ്ണ ജന്മാഷ്ടമിയും ഗാന്ധിജയന്തിയും ഒക്കെ നോക്കിയാൽ ആശ്വസിക്കാനുള്ള വകുപ്പുണ്ട്. പ്രധാനപ്പെട്ട് രണ്ട് ലോങ് വീക്കെൻഡുകളും ഈ മാസമുണ്ട്.
സെപ്റ്റംബർ മാസത്തിലെ അവധികളിൽ എന്താണ് ചെയ്യേണ്ടെന്ന് വായനക്കാരോട് പറയേണ്ട ആവശ്യമില്ലല്ലോ. നമുക്ക് മുഖ്യം യാത്രകൾ തന്നെ. ഈ ഓണത്തിന് പോകാൻ പറ്റാതിരുന്ന യാത്രകളുടെ ക്ഷീണം ഈ മാസം തീർക്കാം അല്ലേ..ഇതാ സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ സന്ദർശിക്കാൻ പറ്റിയ അഞ്ച് പ്രധാന സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

സെപ്റ്റംബറിലെ യാത്രകൾ
കേരളത്തിൽ യാത്രകൾ നടത്താൻ പറ്റിയ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് സെപ്റ്റംബർ മാസം. മഴയും വെയിലും തത്കാലത്തേയ്ക്കൊന്ന് മാറിനിൽക്കുന്ന ഈ സമയം എല്ലാ സ്ഥലങ്ങളും അതിന്‍റെ ഏറ്റവും അഴകിലും ഭംഗിയിലുമാവും കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ ധൈര്യമായി കേരളത്തിൽ എവിടേക്കും ബാഗ് പാക്ക് ചെയ്യുകയും ചെയ്യാം. ആരും ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന കേരളത്തിലെ ആ അഞ്ച് ഇടങ്ങൾ പരിചയപ്പെടാം.
ഗവി
ഗവി യാത്രയുടെ കാര്യം എടുത്താൽ പോകാത്തവരേക്കാൾ ഗവി കണ്ടവരാണ് അധികമെന്ന് പറയേണ്ടി വരും. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകളിൽ ഏറ്റവും തിരക്കും സീറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ളതുമായ പാക്കേജുകളിലൊന്ന് ഗവി തന്നെയാണ്. പത്തനംതിട്ടയിലൂടെ കാടിനുള്ളിലൂടെ ഏകദേശം 100 കിലോമീറ്റർ ദൂരം സഞ്ചരിച്ചുള്ള യാത്രയിൽ അണക്കെട്ടും വ്യൂ പോയിന്‍റുകളും കാട്ടുമൃഗങ്ങളും മാത്രമല്ല, ഗവിയാറിലൂടെ ഒരു കിടിലൻ ബോട്ടിങ്ങും ഈ യാത്രയുടെ ഭാഗമാണ്.

കെ എസ് ആർ ടി സി ബജറ്റ് ടൂറിസം വഴിയല്ലാതെ ഗവി-കുമളി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ സഞ്ചരിച്ചും ഗവി കാണാം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കുമളിയിലേക്കും പത്തനംതിട്ടയിലേക്കും ബസ് സർവീസുണ്ട്. ഇത് പ്രയോജനപ്പെടുത്തി ഗവി യാത്ര പ്ലാൻ ചെയ്യാം.
മൂന്നാർ
ഏതുസമയത്തും മൂന്നാർ പോകാമെങ്കിലും സെപ്റ്റബറിലെ മൂന്നാർ യാത്രകൾക്ക് ഭംഗി അധികമുണ്ട്. ചൂടും തണുപ്പും ഈ സമയത്ത് കുറവാണെങ്കിലും കോടമഞ്ഞിനും മൂന്നാറിന്‍റെ ഭംഗിക്കും ഒരു കുറവും സംഭവിച്ചിട്ടില്ല. മഴയും വെയിലും ക്ഷീണിപ്പിക്കാതെ ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് സെപ്റ്റംബർ മാസം തിരഞ്ഞെടുക്കാം.
മൂന്നാറിലെത്തിയാൽ പിന്നെ എവിടെയൊക്കെ പോകണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇരവികുളവും വെള്ളച്ചാട്ടങ്ങളും ചിന്നാറും തൂവാനവും ടീ മ്യൂസിയവും മലയിൽ കള്ളൻ ഗുഹയും ഗ്യാപ് റോഡും അടക്കം കാണാൻ ഇഷ്ടം പോലെ കാഴ്ചകൾ ഇവിടെയുണ്ട്. മൂന്നാറിലെ ഒരു സായാഹ്നം പോതമേട് വ്യൂ പോയിന്‍റ് കാണാൻ മറക്കാതിരിക്കുക.

കോവളം
കടലിനെയും തീരത്തെയും ഇഷ്ടപ്പെടുന്നവർക്കും യാതൊരു ബഹളങ്ങളോ അലമ്പോ ഇല്ലാതെ ഒരു ദിവസം ചെലവഴിക്കുവാൻ പറ്റിയ ഇടമാണ് കോവളം. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിൽ നിന്നടക്കം നൂറുകണക്കിനാളുകൾ കോവളം തേടിവരുന്നതിനു കാരണവും മറ്റൊന്നുമല്ല. പ്രത്യേകിച്ച് കാഴ്ചകളൊന്നും കണ്ടില്ലെങ്കിൽ പോലും ഒരുദിവസം മുഴുവനും വെറുതേയിരുന്നാൽ പോലും മടുപ്പിക്കാത്ത ഇവിടെ വെറുതേയിറങ്ങി നടന്നാൽ പോലും മുഴുവൻ കാഴ്ചകളാണ്. മാത്രമല്ല, ശക്തി കുറഞ്‍ തിരകളടിക്കുന്ന ഇടമായതിനാൽ പേടിയില്ലാതെ കടലിലിറങ്ങി കളിക്കുകയും ചെയ്യാം. എന്തായാലും ഒരു രാത്രി കോവളത്തു ചെലവഴിക്കാതെ മടങ്ങരുത് എന്നു മാത്രം.
സൈസന്‍റ് വാലി
നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്‍റ് വാലി കാടുകൾ പ്രകൃതിയുടെ മറ്റൊരു വാതിൽ തുറക്കുന്ന ഇടമാണ്. എങ്ങും പച്ചപ്പും കാടും മാത്രം തിങ്ങിനിൽക്കുന്ന കാഴ്ചകൾ പ്രകൃതിസ്നേഹികളെ ആവേശം കൊള്ളിക്കും. കുന്തിപ്പുഴയും അതിൻറെ കൈവഴികളും ചേർത്ത് സമ്പന്നമാക്കുന്ന ജൈവവൈവിധ്യമാണ് ഇവിടെയുള്ളത്. കോടമഞ്ഞും പച്ചപ്പും പാറക്കെട്ടിലൂടെ തല്ലിയലച്ചും ശാന്തമായും ഒഴുകുന്ന കുന്തിപ്പുഴയും ചേരുന്നതാണ് ഇതിലെ കാഴ്ചകൾ. സൈലന്‍റ് വാലി ട്രെക്കിങ്ങിനും ഇവിടെ അവസരമുണ്ട്.
വാഗമൺ
മലയാളികളുടെ അഹങ്കാരവും നിത്യഹരിത യാത്രാ ലക്ഷ്യസ്ഥാനവമാണ് വാഗമൺ. ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഇപ്പോഴത്തെ ആകർഷണം വാഗമൺ ഗ്ലാസ് ബ്രിഡ്ജ് തന്നെയാണ്. 150 അടിയിലധികം താഴെയുള്ള കാഴ്ചകളാണ് ഇതിൽ കാണാനുള്ളത്. വാഗമണ്ണിലെ ഏറ്റവും തിരക്കേറിയ ഇടമായി വളരെ പെട്ടന്നു തന്നെ ഈ ഗ്ലാസ് ബ്രിഡ്ജ് മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട. ന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് ആയ ഇത് വാഗമൺ അഡ്വഞ്ചർ പാർക്കിലാണുള്ളത്.
വെള്ളച്ചാട്ടങ്ങൾ, പൈൻമരക്കാട്, പുൽമേട്, വാഗമൺ ലേക്ക് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള സ്ഥലങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














