മൂന്നാർ എന്നും സഞ്ചാരികൾക്ക് ഒരു ഹരമാണ്. എത്ര തവണ വന്നാലും മടുത്താക്ക ഇടം. മാത്രമല്ല ഓരോ വരവിലും ഓരോ പുതിയ അനുഭവമാണ് മൂന്നാർ സഞ്ചാരികൾക്ക് നല്കുന്നത്. കയറിച്ചെല്ലുവാനും കണ്ടുരസിക്കുവാനും ഇഷ്ടംപോലെ സ്ഥലങ്ങൾ മൂന്നാറിലും പരിസരത്തുമുണ്ട്. അവയിൽ പലതും കൈരേഖ പോലെ പരിചിതമായിരിക്കുമെങ്കിലും മറ്റുചില സ്ഥലങ്ങള് സഞ്ചാരികൾ കേട്ടിട്ടുപോലുമുണ്ടാവില്ല. പോതമേട് വ്യൂ പോയിന്‍റും ചൊക്രമുടിയും പോലുള്ള ചില സ്ഥലങ്ങളാവട്ടെ, സഞ്ചാരികളുടെ മൂന്നാർ ലിസ്റ്റിൽ കയറിവന്നിട്ട് വളരെ കുറച്ച് നാളുകൾ ആയതേയുള്ളൂ. മൂന്നാർ യാത്ര ഒരല്പം ചരിത്രവും കൗതുകവും നിറഞ്ഞതാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോയിരിക്കേണ്ട ഒരു സ്ഥലവമുണ്ട്. അതാണ് ദേവികുളം ഗ്യാപ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന കള്ളൻ ഗുഹ.

കള്ളൻ തങ്കയ്യൻ
പറഞ്ഞു വരുമ്പോൾ മൂന്നാറിലെ കായംകുളി കൊച്ചുണ്ണി എന്നു വേണമെങ്കിലും വിശേഷിപ്പിക്കുവാൻ പറ്റിയൊരാളാണ് ഇവിടുത്തെ കള്ളനും. പിടിച്ചുപറിക്കാരനും കള്ളനുമൊക്കെയായാണ് ഇവിടുത്തെ പഴമക്കാരുടെ കഥകൾ ഇയാളെ വിശേഷിപ്പിക്കുന്നത്. തങ്കയ്യൻ എന്നായിരുന്നുവത്രെ ഇയാളുടെ പേര്. 1960 കളിൽ ഇവിടെ ജീവിച്ചിരുന്ന ഇയാൾ ഇവിടെ പലരുടെയും പേടിസ്വപ്നമായിരുന്നു. പ്രത്യേകിച്ച് ഇവിടുത്തെ തേയിലത്തോട്ടങ്ങളുടെ മാനേജർമാരായി ജോലി ചെയ്തിരുന്ന ബ്രിട്ടീഷുകാരായ സായിപ്പുനമാര്‍ക്കും കച്ചവടക്കാർക്കും.

മലയിൽ കള്ളൻ
നേരത്തെ പറഞ്ഞതുപോലെ ഇവിടുത്തെ ഒരു കായംകുളം കൊച്ചുണ്ണിയായിരുന്നു തങ്കയ്യ. മലയിൽ കള്ളൻ എന്നാണ് തങ്കയ്യയെ വിളിച്ചിരുന്നത്. ടോപ് സ്റ്റേഷനില്‍ നിന്ന് കൊരങ്കിണിയിലേയ്ക്കുള്ള വഴിയായിരുന്നു ഇയാളുടെ താവളം. ഇയാളെ ഭയന്നുമാത്രമേ ഇതുവഴി അക്കാലത്ത് യാത്ര ചെയ്യുവാൻ പറ്റിയിരുന്നുള്ളൂ. കച്ചവടത്തിനും വ്യാപാരത്തിനുമായി പണവുമായി പോയിരുന്ന പണക്കാതെ ഇയാൾ കൊള്ളയടിക്കുകയും ആ പണം ഇവിടുത്തെ സമീപ ഇടങ്ങളിലെ പാവങ്ങൾക്ക് നല്കി അവരെ സഹായിക്കുകയായിരുന്നു ഇയാൾ ചെയ്തുപോന്നത്. ഇതു കൂടാതെ 1955 മുതല്‍ 1960 വരെ പള്ളിവാസൽ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായും ഇയാൾ ജോലിചെയ്തിരുന്നുവത്രെ. മോഷണം കാരണം പല തവണ പോലീസ് ഇയാളെ പിടികൂടുവാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. ഒരു തവണ ശ്രമങ്ങൾക്കൊടുവിൽ പിടിയിലായെങ്കിലും കൗശലക്കാരനായ ഇയാൾ രക്ഷപെട്ടു. വെറും രക്ഷപെടലായിരുന്നില്ല, പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയപ്പോള് ഒരു തോക്കും ഇയാൾ കൈക്കലാക്കിയിരുന്നു.
രക്ഷപെട്ട ഗുഹ
ദേവികുളം ഗ്യാപ് റോഡിൽ കാണുന്ന ഈ ഗുഹ വഴിയാണ് അന്ന് സ്റ്റേഷനിൽ നിന്നും തങ്കയ്യ രക്ഷപെട്ടതെന്നാണ് പറയപ്പെടുന്നത്. ഈ ഗുഹയുടെ ഉള്ളിലേക്ക് കുറച്ചു ദൂരം കയറുവാൻ സാധിക്കും. നല്ല ഇരുട്ടാണ് മുന്നോട്ടുപോകും തോറും. മുന്നോട്ടു പോകുംതോറും വീതി കുറഞ്ഞു വരുന്ന രൂപത്തിലാണ് ഗുഹയുള്ളത്. എങ്കിലും ഇതിന് നല്ല ഉയരമുണ്ട്. റോഡരുകില് പാറയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഗുഹയിലക്ക് കയറുവാൻ, ഗ്യാപ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പടിക്കെട്ടുകളും നിർമ്മിച്ചിട്ടുണ്ട്.

കഥകളിങ്ങനെയാണെങ്കിലും ഇതിന് പിന്‍ബലം നല്കുന്ന ഒരു ചരിത്രവും ശേഷിപ്പുകളും ഇവിടെയില്ല എന്നതാണ് യാഥാർത്ഥ്യം. ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുള്ളവർ ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരുന്നു എന്നു തന്നെയാണ് വിശ്വസിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













