മൂന്നാറിലേക്കാണ് യാത്രയെന്ന് തീരുമാനിക്കുമ്പോൾ തന്നെ മനസ്സിലൊരു ചിത്രം തെളിയും. നേര്യമംഗലം പാലം വഴി കയറി, അടിമാലിയും പള്ളിവാസലും കടന്ന് ചെന്നുകയറുന്ന മൂന്നാറിൽ ഏതൊക്കെ കാഴ്ചകൾ കാണണമെന്ന് ആലോചിക്കാൻ സഞ്ചാരികൾക്ക് അധികസമയം വേണ്ട. എന്നാൽ മൂന്നാർ പഴയ മൂന്നാർ അല്ലാത്തകൊണ്ട് കാഴ്ചകൾ പണ്ടെത്തേക്കാളും ഉഷാറാണ്. മാട്ടുപ്പെട്ടിയും ടോപ് സ്റ്റേഷനും കുണ്ടള ഡാമും ഇരവികുളവും വെള്ളച്ചാട്ടങ്ങളും കണ്ടിറങ്ങുന്ന മൂന്നാർ യാത്ര പഴങ്കഥയായി മാറി.
മൂന്നാർ കാഴ്ചകളിൽ പുതിയ ഇടങ്ങളാണ് ഇപ്പോഴത്തെ താരം. പണ്ടും ഈ സ്ഥലങ്ങളൊക്കെ അതേപടി ഉണ്ടായിരുന്നുവെങ്കിലും ഇത്രയും ഫേമസ് ആയിരുന്നില്ല! പലരും കയറിവരുന്ന സാധാരണ വഴി മാത്രമായിരുന്ന ചില സ്ഥലങ്ങളുടെ തലേവര മൊത്തത്തിൽ മാറി.മൂന്നാർ കണ്ടല്ലെങ്കിലും പുതിയ ഇടങ്ങള് കാണാതെ സഞ്ചാരികള്‍ മടങ്ങില്ലെന്ന തരത്തിലായി കാര്യങ്ങൾ. ഇതാ മൂന്നാർ യാത്രയിൽ ഇനി കണ്ടിരിക്കേണ്ട പുതിയ സ്ഥലങ്ങൾ പരിചയപ്പെടാം.

പഴത്തോട്ടം
വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം മൂന്നാർ യാത്രയിൽ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലമാണ്. ആനമുടി ഷോല നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ഇവിടം പാർക്കിലെ വിദേശസസസ്യങ്ങളും കളകളും നീക്കം ചെയ്ത് സ്വാഭാവീക വനമാക്കി മാറ്റിയ സ്ഥലമാണ് പഴത്തോട്ടം. ഇക്കോ ടൂറിസത്തിന്റെ സാധ്യതകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. വട്ടവടയിലെത്തുന്ന സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നവരിൽ അധികവും.
മരവീടുകൾ അല്ലെങ്കിൽ ടെന്‍റുകളിലെ താമസം, ട്രക്കിങ്, പക്ഷിനിരീക്ഷണം, തുടങ്ങിയ കാര്യങ്ങളാണ് ഈ എക്കോ റസ്റ്റോറേഷൻ പ്രദേശത്ത് സഞ്ചാരികൾക്ക് ചെയ്യുവാനുള്ളത്. , ലോഗ് ഹൗസ്, എ-ഫ്രെയ്മ്, ജങ്കിള്‍ ടെന്‍റ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള താമസസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ട്രക്കിങ്ങ് ബഫർസോണിൽ മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽ മൂന്നു കിലോമീറ്റർ നടത്തമാണ്. ഈ യാത്രയിലാണ് പക്ഷിനിരീക്ഷണത്തിനും സൗകര്യമുള്ളത്.
മൂന്നാർ ഗ്യാപ് റോഡ്
മൂന്നാറിൽ ഇപ്പോൾ ഏറ്റവും ഭംഗിയുള്ള കാഴ്ചകൾ നല്കുന്ന ഇടമേതെന്ന് ചോദിച്ചാൽ അതിനുത്തരം ഗ്യാപ് റോഡ് ആണ്. ഇതൊക്കെ നമ്മുടെ മൂന്നാറിലെ കാഴ്ചയാണോ എന്ന തരത്തിൽ അത്ഭുതം തോന്നിപ്പിക്കുന്ന ഇടമാണ് ഗ്യാപ് റോഡും അവിടുത്തെ കാഴ്ചയും. മൂന്നാറിൽ നിന്ന് ദേവികുളത്തെത്തി അവിടുന്ന് മുന്നോട്ട് പോയി ചിന്നക്കനാൽ തുടങ്ങുമ്പോൾ മുതൽ ഗ്യാപ് റോഡിന്റെ ഭംഗി മുന്നിലെത്തും.
മൂന്നാറിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് ഗ്യാപ് റോഡുള്ളത്. തേയിലത്തോട്ടങ്ങൾക്കും അണക്കെട്ടിനും നടുവിലൂടെ, വളഞ്ഞുപുളഞ്ഞു പോകുന്ന തിളങ്ങുന്ന റോഡ്, കയ്യെത്തിപ്പിടിച്ചാൽ മേഘങ്ങൾ കയ്യിൽ തൊടാം എന്ന പോലെ താഴെയിറങ്ങിവരുന്ന ആകാശം, പെരി കനാൽ വെള്ളച്ചാട്ടം , ആനയിറങ്കൽ ജലാശയം, എന്നിങ്ങനെ ഒരുപാട് കാഴ്ചകളാണ് ഈ റൂട്ടിൽ നിങ്ങളെ കാത്തിരിക്കുന്നത്.

പൂപ്പാറ
മൂന്നാറിനെയും ഇടുക്കിയെയും സുപരിചിതരായ ആളുകൾക്ക് പൂപ്പാറ പണ്ടേ ഒരു ലക്ഷ്യസ്ഥാനമാണ്. കുമളിക്കും മൂന്നാറിനും ഇടയിലായാണ് പൂപ്പാറ സ്ഥിതി ചെയ്യുന്നത്. ഗ്യാപ് റോഡ് വന്നതോടുകൂടി പൂപ്പാറയും ഇപ്പോൾ യാത്രികരുടെ മൂന്നാർ ഇടങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്നാറിൽ നിന്നും 32 കിലോമീറ്റർ അകലെയാണ് പൂപ്പാറ സ്ഥിതി ചെയ്യുന്നത്. ചുറ്റോടുചുറ്റും മനോഹരമായ കാഴ്ചകളും സ്ഥലങ്ങളുമാണ് പൂപ്പാറയുടെ പ്രത്യേകത.
തേയിലച്ചെടികളും ഓറഞ്ച് തോട്ടങ്ങളും മാത്രമല്ല, തണുപ്പ് തങ്ങിനിൽക്കുന്ന കാലാവസ്ഥയും ഒക്കെയായി തിരക്കില്ലാതെ ഇടുക്കിയെ അനുഭവിക്കുവാൻ സഹായിക്കുന്ന ഇടമാണ് പൂപ്പാറ.
പൂപ്പാറയുടെ തെക്ക് മൂന്നാറും സൂര്യനെല്ലിയും കിഴക്ക് ബോഡിമെട്ടും മധുരയും തേനിയും വടക്ക് കുമളിയും ഒക്കെയാണ് സ്ഥിതി ചെയ്യുന്നത്.
സൂര്യനെല്ലി
മൂന്നാർ യാത്രയിൽ മറക്കാതെ പോകേണ്ട മറ്റൊരു സ്ഥലമാണ് സൂര്യനെല്ലി. മൂന്നാറിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൂര്യനെല്ലി അതിന്‍റെ കലർപ്പില്ലാത്ത പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടിരിക്കുന്നു. തിരിച്ചുപോരുവാന് കഴിയാത്ത വിധത്തിൽ പിടിച്ചുനിർത്തുന്ന സൂര്യനെല്ലിയിൽ ഇടുക്കിയെ അതിന്റെ മനോഹരമായ രൂപത്തിൽ കാണാം, ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് 1,412 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യനെല്ലിയിൽ ഏലത്തോട്ടങ്ങൾ, തേയിലത്തോട്ടം എന്നിവയാണ് പ്രധാന കാഴ്ച. വെള്ളച്ചാട്ടങ്ങളും സൂര്യനെല്ലിയുടെ ഭംഗി വര്‍ധിപ്പിക്കുന്നു.

ആനച്ചാൽ
മൂന്നാറിലേക്കുള്ള യാത്ര കുറച്ച് വ്യത്യസ്മാക്കുവാൻ പരീക്ഷിക്കാവുന്ന റൂട്ടാണിത്. മൂന്നാറിൽ നിന്നും 13.6 കിലോമീറ്റർ മാത്രം ദൂരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ പ്രദേശങ്ങളിലൊന്നായ ഇവിടെ പണ്ട് കാടിയിരുന്നുവെന്നും ആ സമയത്ത് കാട്ടാനകൾ നടന്ന വഴി പിന്നീട് ആനച്ചാല്‍ എന്ന സ്ഥലപ്പേരിന് കാരണമായി എന്നുമാണ് കരുതുന്നത്. ഇപ്പോൾ പല സഞ്ചാരികളും ആനച്ചാൽ വഴിയുള്ള യാത്രയാണ് മൂന്നാറിലേക്ക് പോകാൻ തിരഞ്ഞെടുക്കുന്നത്.
ഇതൊന്നും കണ്ടില്ലെങ്കിലും മൂന്നാർ യാത്ര ഒരു നഷ്ടമായിരിക്കില്ല. എന്നാൽ ഈ സ്ഥലങ്ങൾ നിങ്ങളുടെ മൂന്നാർ യാത്രാ പ്ലാനിൽ ഉൾപ്പെടുത്തുകയാണെങ്കിൽ യാത്ര വേറെ ലെവൽ ആയിരിക്കും. ഈ സമ്മർ യാത്രാ പ്ലാനിൽ മൂന്നാർ യാത്ര വ്യത്യസ്തമാക്കാൻ ഈ വഴികളൊക്കെയും നമുക്ക് പോകാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












