മൈസൂർ ദസറ 2024: ദസറക്കാലത്തെ മൈസൂർ കാണാൻ ഇറങ്ങേണ്ട സമയമാണിത്. വെളിച്ചത്തിൽ കുളിച്ച്, രാവിനെപ്പോലും പകലാക്കുന്ന പ്രഭയിൽ ആണ് കൊട്ടാരങ്ങളുടെ നഗരം. രാവും പകലും ഒരുപോലെ സജീവമാകുന്ന, കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളുമായി നിൽക്കുന്ന മൈസൂരിലേക്ക് യാത്ര പുറപ്പെടുമ്പോൾ എന്തൊക്കെ കാണണമെന്ന് ആലോചിച്ചോ? കൊട്ടാരവും സർക്കിളും തെരുവുകളും അലങ്കാരങ്ങളും കണ്ടു മടങ്ങുന്നതിനു മുന്‍പ് ഒരു കാര്യം കൂടി ചെയ്യുവാനുണ്ട്. അതാണ് അംബാരി ബസിലെ സവാരി.
മൈസൂർ ദസറയുടെ ഒരുക്കങ്ങളും അലങ്കാരങ്ങളും ഒരു ബസിലിരുന്ന് കാണുമ്പോഴുള്ള കൗതുകവും രസവും വേറേ തന്നെയാണ്. നഗരത്തിലെ ഒരുക്കങ്ങൾ കണ്ട്, കൊട്ടാരങ്ങൾ ചുറ്റി പ്രധാനപ്പെട്ട സർക്കിളുകൾ വഴി അംബാരി ഡബിൾ ഡെക്കർ ബസിൽ യാത്ര ഒരുക്കിയിരിക്കുന്നത് കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ നേതൃത്വത്തിലാണ്. ദസറായുടെ വൈകുന്നേരങ്ങളിലാണ് ഈ സവാരിയുള്ളത്.
മൈസൂരിന്‍റെ രാത്രിക്കാഴ്ചകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന അംബാരി ഡബിൾ ഡെക്കർ ജസറാ സ്പെഷ്യൽ എല്ലാ ദിവസവും മൂന്ന് സർവീസുകളാണ് നടത്തുന്നത്. വൈകിട്ട് 6.30, 8.00, 9.30 എന്നീ മൂന്നു സ്ലോട്ടുകളാണ് ലഭ്യമായിട്ടുള്ളത്. ഒരു മണിക്കൂറാണ് യാത്രാ സമയം. ലോവർ ഡെക്കിൽ 250 രൂപയും അപ്പർ ഡെക്കിൽ 600 രൂപയുമാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.
ഹോട്ടൽ മയൂര ഹൊയ്സാല മൈസൂർ ട്രാൻസ്പോർട്ട് വിങ്ങിൽ നിന്നും ആരംഭിക്കുന്ന യാത്ര തിരികെ അവിടെത്തന്നെ ഇറക്കും. ബസിൽ താഴത്തെ നിലയിൽ 25 പേർക്കും മുകളിലെ തുറന്ന നിലയിൽ 20 പേർക്കും അടക്കം ആകെ 45 പേര്‍ക്കാണ് ഒരു സമയം ബസിൽ പോകാനാവുക. ബസിന്‍റെ താഴത്തെ നില എസിയാണ്.

മയൂര ഹൊയ്സാല ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന അമ്പാരി സർവീസുകൾ ഓൾഡ് ഡിസി ഓഫീസ്, ക്രോഫോർഡ് ഹാൾ, ഓറിയന്‍റൽ സെൻട്രൽ ലൈബ്രറി, രാമസ്വാമി സർക്കിൾ, സംസ്കൃതം പാഠശാല, പാലസ് സൗത്ത് ഗേറ്റ്, ജയമാർത്താണ്ഡ ഗേറ്റ്, ഹാർഡിഞ്ച് സർക്കിൾ (ജയചാമരാജ വാഡിയാർ സർക്കിൾ), കെ ആർ സർക്കിൾ, സയ്യാജി റാവു റോഡ്, ആയുർവേദ കോളേജ് സർക്കിൾ എന്നീ പ്രധാന റൂട്ടുകളിൽ സഞ്ചരിച്ച് നഗരം ചുറ്റി വരും.
തുടർന്ന് മയൂര ഹൊയ്സാല ഹോട്ടലിലെ സ്റ്റാർട്ടിംഗ് പോയിന്റിലേക്ക് മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം.
www.kstdc.co എന്ന സൈറ്റിൽ ഓണ്‍ലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 0821-2423652 എന്നീ നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













