ഓണം 2024: ഓണക്കാലത്ത് ഗുരുവായൂരപ്പനെ കാണാന്‍ എത്തിയാൽ തിരക്കിൽപെട്ടു പോകുമോ എന്ന പരാതി വേണ്ട. വിശ്വാസികളുടെ സൗകരാര്യാർത്ഥം ഗുരുവായൂർ ക്ഷേത്രത്തില് ഓണക്കാലത്ത് ദര്‍ശന സമയം കൂട്ടിയിരിക്കുകയാണ് അധികൃതർ. ഉത്രാടദിനം മുതൽ വിശ്വാസികൾക്ക് അധിക ദർശന സമയത്തിന്‍റെ സൗകര്യം ലഭിക്കും. കൂടാതെ, ഗുരുവായൂരിൽ ഓണം ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ ഏറ്റവുമധികം വിശ്വാസികൾ എത്തിച്ചേരുന്ന സമയമാണ് ഓണക്കാലം. തിരുവോണാഘോഷത്തിൽ ഉത്രാടം കാഴ്ചക്കുല സമർപ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ച ശീവേലി, തിരുവോണം വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങി നിരവധി ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കാറുണ്ട്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ ഓണത്തിന് ഗുരുവായൂരില‍് എത്തുന്നു.

ഗുരുവായൂർ ക്ഷേത്രം- ഓണക്കാലത്തെ ദർശന സമയം
സെപ്റ്റംബർ 14 ഉത്രാട ദിനം മുതൽ സെപ്റ്റംബർ 22 ഞായറാഴ്ച വരെയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ കൂട്ടിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രനട ഉച്ചക്ക് 3.30ന് തുറക്കും. കൂടാതെ, സാധാരണക്കാരായ വിശ്വാസികളെ പരിഗണിച്ച് പൊതു അവധി ദിനങ്ങളായ സെപ്റ്റംബർ 14, 15, 16, 17, 21, 22 എന്നീ തീയതികളിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം ഉണ്ടാകും.
ഗുരുവായൂർ ക്ഷേത്രം- ഓണക്കാലത്തെ പ്രത്യേക ചടങ്ങുകൾ
ഗുരുവായൂർ ക്ഷേത്രത്തിലെ ഓണക്കാലത്തെ ചടങ്ങുകൾ ആരംഭിക്കുന്നത് ഉത്രാട ദിനത്തിലെ കാഴ്ചക്കുല സമർപ്പണത്തോടെയാണ്. സെപ്റ്റംബര‍് 14 രാവിലെ ശ്രീവേലിക്കു ശേഷം സ്വർണ്ണകൊടിമരച്ചുവട്ടിൽ വെച്ച് ഉത്രാടം കാഴ്ചക്കുല സമർപ്പണം ആരംഭിക്കും. ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും കൊടിമര ചുവട്ടിൽ കാഴ്ചക്കുല സമർപ്പിക്കാം. ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതിൽ സമീപത്ത്കൂടി (ക്രൂവളത്തിന് സമീപം) വരിനിൽക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും.
ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം
തിരുവോണ നാളില്‍ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. പുലർച്ചെ നാലരയ്ക്കാണ് ഓണപ്പുടവ സമർപ്പിക്കുന്ന ചടങ്ങ്. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം.
വിശേഷാൽ കാഴ്ച ശീവേലി
ഗുരുവായൂരപ്പന് വിശേഷാൽ കാഴ്ച ശീവേലി ഓണക്കാലത്തെ ക്ഷേത്രത്തിലെ പ്രധഘാന ചടങ്ങുകളിലൊന്നാണ്. രാവിലെ കാഴ്ചശീവേലിക്ക് രാജശേഖരൻ, ചെന്താമരാക്ഷൻ, ബൽറാം ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്ര സെൻ, വിനായകൻ, പീതാംബരൻ രാത്രി ശീവേലിക്ക് വിഷ്ണു,വിനായകൻ, പീതാംബരൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരും മേള പ്രമാണം വഹിക്കും.
തിരുവോണം വിശേഷാൽ പ്രസാദ ഊട്ട്
തിരുവോണ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ട് നടക്കും, രാവിലെ 9 മണി മുതൽ പ്രസാദ ഊട്ട് ആരംഭിക്കും.അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. പ്രസാദ ഊട്ടിനുള്ള വരി ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും.
കാളൻ, ഓലൻ, പപ്പടം, പച്ചക്കൂട്ട് കറി, പഴം പ്രഥമൻ, മോര്, കായവറവ് ,അച്ചാർ, പുളിഞ്ചി ഉൾപ്പെടെയുളള വിഭവങ്ങൾ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












