ഇടുക്കി കാഴ്ചകൾ എന്നും സഞ്ചാരികളെ അത്ഭുതപ്പെടുത്തും. അതിനി പേരുകേട്ട മൂന്നാറായാലും സഞ്ചാരികൾ അറിഞ്ഞു വരുന്ന പാണ്ടിക്കുഴി ആയാലും അതെന്നും വേറെ ലെവൽ സ്ഥലങ്ങളാണ്. കണ്ണുകൾ തേടുന്ന കാഴ്ചകൾ കൺമുന്നിലെത്തിക്കുന്ന ഇടുക്കിയിൽ കുറഞ്ഞ നാളിൽ ഹിറ്റായി മാറിയ സ്ഥലമാണ് പരുന്തുംപാറ. പേരിലെ അത്ഭുതം കാഴ്ചയിലും ഒളിപ്പിച്ചിരിക്കുന്ന ഇടമാണ് ഈ പരുന്തുംപാറ
കോട്ടയംകാരുടെയും ഇടുക്കിക്കാരുടെയും യാത്രകളിൽ പരുന്തുംപാറ കടന്നു വന്നിട്ട് വർഷങ്ങളായെങ്കിലും ഇടുക്കി കാണാനെത്തുന്നവരും വാഗമൺ വരെ വന്ന് മടങ്ങുന്നവരും പരുന്തുംപാറയിലേക്ക് കൂടി യാത്ര നീട്ടാൻ തുടങ്ങിയതോടെയാണ് ഈ നാടിന്‍റെ തലവര മാറിയത്. കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തിൽ ആകാശമുള്ള പരുന്തുംപാറ നിശ്ചയമായും കാണേണ്ട ഒരു സ്ഥലം കൂടിയാണ്.

ആകാശത്തിന്‍റെയും ഭൂമിയുടെയും താഴ്വാരങ്ങളുടെയും അതിവിശാലമായ കാഴ്ചയാണ് പരുന്തുംപാറയുടെ പ്രത്യേകത. സമുദ്രനിരപ്പിൽ നിന്നും 3,600 അടി ഉയരത്തിലുള്ള ഇവിടം സാഹസിക സഞ്ചാരികൾക്ക് പറ്റിയ ഇടമാണ്. കോമഞ്ഞും മഴയും വെയിലും ഒരുമിച്ചെത്തുന്ന ഭൂപ്രകൃതിയും തണുപ്പും എല്ലാം കൂടി കിടിലന്‍ അനുഭവമാണ് ഈ സ്ഥലം നല്കുന്നത്.
പീരുമേടിനും തേക്കടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന പരുന്തുംപാറയുടെ ആകർഷണം പേരുപോലെ തന്നെ ഇവിടുത്തെ പാറയാണ്. പരുന്തിന്‍റെ തലയോട് സാമ്യമുള്ള രൂപത്തിലാണ് ഇവിടുത്തെ ഒരു പാറയത്രെ. അതില് നിന്നാണ് പരുന്തുംപാറ എന്ന പേര് കിട്ടിയത്. ഇവിടുത്തെ ഈ പാറക്കെട്ടിന് മുകളിലിരുന്ന് ഒന്നു നോക്കിയാൽ കാണുന്ന കാഴ്ചകളുടെ രസം പറഞ്ഞറിയിക്കാൻ പറ്റില്ല!
വഴിയരുകിൽ വണ്ടി പാർക്ക് ചെയ്ത് അല്പദൂരം നടന്നു വേണം ഇവിടേക്ക് വരാൻ. കുത്തനെയുള്ള പാറക്കെട്ടുകളും പച്ചപ്പ് നിറഞ്ഞ പുല്ലുകളും താണ്ടി നടന്നു വേണം ഇവിടേക്ക് വരാൻ. കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പിന് സമാനമായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. കുത്തനെ കിടക്കുന്ന പാറക്കെട്ടുകളിലൂടെ അല്പം സാഹസികമായി നടന്നു വേണം ഇതിനടുത്തെത്തുവാൻ. എത്തിയാൽ പിന്നെ കാണാൻ പോകുന്ന കാഴ്ചയുടെ പൂരം പറഞ്ഞറിയിക്കേണ്ട.
നേരേ നോക്കിയാൽ മലനിരകളാണ്. പല വലുപ്പത്തിലും രൂപത്തിലും നീണ്ടും നിവർന്നും കിടക്കുന്ന മലകൾ... അതിനു മുകളിൽ ആകാശം.. പെയ്യാനാഞ്ഞു നിൽക്കുന്ന കാർമേഘങ്ങളെ ഒരു ദിക്കിൽ കണ്ടാൽ ചിലപ്പോൾ മറുദിക്കിൽ പൊരിയുന്ന വെയില്‍ ആയിരിക്കും. കയ്യെത്തുന്ന ദൂരത്തിൽ ഒന്നു കൂടി നീട്ടിനോക്കിയാല്‍ മേഘത്തെ തൊടാൻ കഴിയുന്ന വിധത്തിൽ അടുത്താണ് ഇവിടുത്തെ ആകാശമുള്ളത്.
ഇനി തലയൊന്ന് അല്പം താഴ്ത്തിയാൽ പച്ചപ്പിന്‍റെ ലോകമാണ്. ആയിരക്കണക്കിന് അടി താഴ്ചയിൽ മരങ്ങളും വിവിധ ഷേഡുകളിലുള്ള പച്ചപ്പും ആസ്വദിക്കാം. വലതുവശത്തേയ്ക്ക് നോക്കിയാൽ അതിമനോഹരമായ ഒരു വെള്ളച്ചാട്ടവും കാണാം. പക്ഷേ, പച്ചപ്പിനു നടുവിൽ വെള്ളിക്കൊലുസെന്ന പോലെ ഒഴുകുന്ന വെള്ളച്ചാട്ടം കാണണമെങ്കില്‍ മഴക്കാലം ആവണമെന്നു മാത്രം.
മഴ പെയ്യുന്ന സമയമാണ് പരുന്തുംപാറ കാണാൻ ഏറ്റവും നല്ലത്. ഈ പ്രദേശത്തിന്‍റെ ആംബിയൻസും ഭംഗിയും ആസ്വദിക്കുവാൻ മഴയാണ് പറ്റിയതെങ്കിലും മഴ പെയ്താല്‍ കോടമഞ്ഞ് നിറയും. ക്ഷണനേരത്തിൽ കോടമഞ്ഞു മാറി കാഴ്ചകൾ കൺമുന്നില് തെളിയുമെങ്കിലും അതിലും വേഗത്തിൽ മഞ്ഞ് വീണ്ടും മൂടും!
ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളോട് അടത്തു നിൽക്കുന്നു എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാര്യം. കുട്ടിക്കാനം - കുമളി റൂട്ടില്‍ കല്ലാര്‍ കവലയില്‍ നിന്ന് അഞ്ച് കിമീ സഞ്ചരിച്ചാൽ ഇവിടെയെത്താം പീരുമേടിൽ നിന്ന് 6 കിലോമീറ്ററും തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും ദേശീയപാത 220ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് പരുന്തുംപാറ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











