വയനാട് യാത്രയിൽ അധികമൊന്നും കടന്നുവരാത്ത ഒരു പേരാണ് പെരിക്കല്ലൂർ.
ചെമ്പ്ര കുന്നും തൊള്ളായിരം കണ്ടിയും സൂചിപ്പാറയും ബാണാസുരയും ഒക്കെ കണ്ടു തീർക്കാനുള്ള തിരക്കിൽ പെരിക്കല്ലൂർ എന്ന നാട് ലിസ്റ്റിൽ പോലും കാണില്ല. എന്നാൽ വയനാട് പോകുമ്പോൾ ഒന്നിറങ്ങി കണ്ട് കയറിവന്നാൽ ഒരു നഷ്ടവും തോന്നാത്ത പെരിക്കല്ലൂരിൽ ഷൂട്ട് ചെയ്ത സിനിമ പക്ഷേ, മലയാളികൾക്ക് പ്രിയപ്പെട്ട ഒന്നാണ്- മിന്നൽ മുരളി.
കേരളത്തിന്‍റെയും കർണ്ണാടകയുടെയും അതിർത്തിയോട് ചേർന്നു കിടക്കുന്ന പെരിക്കല്ലൂർ ഒരു ഗ്രാമത്തിന്‍റെ എല്ലാ ഭംഗിയും നിഷ്കളങ്കതയും ഇന്നും കാത്തുസൂക്ഷിക്കുന്ന ഇടമാണ്. പെരിക്കല്ലൂരിനെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെ എത്തുന്ന സന്ദർശകരാണ് അധികവും. ഒരു കടവിന് അപ്പുറവും ഇപ്പുറവുമായി നിൽക്കുന്ന കേരളത്തിന്‍റെയും കർണ്ണാടകയുടെയും കാഴ്ചകളും കടത്തും പ്രകൃതിഭംഗിയും മാത്രം മതി ഈ നാടിനെ ഇഷ്ടപ്പെടുവാൻ.

വയനാട്ടിലെ അറിയപ്പെടാത്ത ഇടങ്ങൾ തേടിയുള്ള യാത്രയില്‍ കണ്ണുപൂട്ടി തിരഞ്ഞെടുക്കാൻ പറ്റിയ പെരിക്കല്ലൂർ മലയാളികളുടെ മാത്രമല്ല, അതിർത്തി കാണാനെത്തുന്ന കർണ്ണാടകക്കാരുടെയും പ്രിയപ്പെട്ട ഇടമാണ്. പുൽപ്പള്ളിയിൽ നിന്നും വെറും പത്ത് കിലോമീറ്റർ മതി പെരിക്കല്ലൂരിലെത്താൻ. പറഞ്ഞുവിശദീകരിക്കാൻ പറ്റിയത്രയും കാഴ്ചകളോ ഇടങ്ങളെ ഇവിടെ ഇല്ലെങ്കിലും ഒരു യാത്രയെ തൃപ്തിപ്പെടുത്താനും മനസ്സിനെയും ഫോണിലെ ഗാലറിയെയും നിറയ്ക്കാനും വേണ്ടതെല്ലാം ഇവിടം നല്കും.
കിഴക്കോട്ട് ഒഴുകുന്ന കബനി നദിയാണ് പെരിക്കല്ലൂരിനെ കേരളത്തിന്‍റെ ഭാഗമായി നിർത്തുന്നത്. പെരിക്കല്ലൂർ കടവ് കടന്നാൽ എത്തുന്നത് കർണ്ണാടകയിലേക്കാണ്. ബൈരക്കുപ്പ എന്ന ചെറിയ ഗ്രാമം. വികസനത്തിന്‍റെയും വളര്‍ച്ചയുടെയും പ്രശ്നങ്ങൾ ബൈരക്കുപ്പയ്ക്കും പെരിക്കല്ലൂരിനും ഒരുപോലെയുണ്ടെങ്കിലും അതിനെയെല്ലാം പിന്നിലാക്കി നിർത്തുന്ന ഭംഗി ഇവിടം സന്ദർശകർക്ക് നല്കും. ടോവിനോ തോമസ് മിന്നൽ മുരളിയിൽ തോണി തുഴഞ്ഞ് പോകുന്നത് ചിത്രീകരിച്ചിരിക്കുന്നത് ഈ കടവിൽവെച്ചാണ്.

പെരിക്കല്ലൂരിൽ നിന്നും ബൈരക്കുപ്പയിലേക്ക് പാലത്തിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെ്. പ്രതിഷേധങ്ങളും ആവശ്യങ്ങളുമൊക്കെ ശക്തമാണങ്കിലും പാലം ഇനിയും ഇവിടെ എത്തിയിട്ടില്ല. കടത്ത് തോണിതന്നെയാണ് ഇരുവശങ്ങളിലുമുള്ളവർക്ക് ആശ്രയം.
കടത്തിലൂടെ ബൈരക്കുപ്പയിലെത്തിയാൽ മെയിൻ റോഡ് വഴി കര്‍ണ്ണാടകയിലേക്കും പോകാം. മൈസൂരിലേക്കും ബാലയിലിലേക്കും എച്ച് ഡി കോട്ടയിലേക്കും ഒക്കെ പോകാനുള്ള എളുപ്പവഴികൂടിയാണ് ഈ കടത്ത്. ഇവിടെ പാലം വന്നാൽ എളുപ്പമാകുന്നതും മൈസൂരിലേക്കും തിരിച്ചുമുള്ള യാത്രകളാണ്. വയനാട്ടിലെ സുൽത്താൻ ബത്തേരിയേയും കർണ്ണാടകയിലെ എച്ച്ഡി കോട്ട താലൂക്കിനെയും ബന്ധിപ്പിക്കുന്ന ഈ പാലം വന്നിരുന്നെങ്കില്‍ കല്‌പ്പറ്റയിൽ നിന്നും മൈസൂരിലേക്ക് വെറും 110 കിലോമീറ്റർ യാത്രയുടെ ആവശ്യവേ വരികയുള്ളൂ.
സഞ്ചാരികൾക്ക് ഈ കാഴ്ചയും തോണിയിലൂടെയുള്ള യാത്രയുമൊക്കെ പുത്തൻ അനുഭവമായിരിക്കുമെങ്കിലും നാട്ടുകാർക്ക് ഈ തോണിയാത്ര ഒരു നല്ല അനുഭവമല്ല. വിദ്യാര്‍ത്ഥികളും സാധാരണക്കാരും കച്ചവടക്കാരുമെല്ലാം അക്കരെ കടക്കാൻ ഇപ്പോഴും ഈ കടത്തിനെ തന്നെയാണ് ആശ്രയിക്കുന്നത്. യാത്രക്കാർക്ക് കബനിയിലൂടെ വള്ളത്തിൽ ചെറിയ സവാരി നടത്തുവാനും ഇവിടെ അവസരമുണ്ട്.

പെരിക്കല്ലൂർ കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ ഇവിടുന്നു നേരെ വയനാടിന്‍റെ സ്വർഗ്ഗങ്ങായ ചില ഇടങ്ങൾ കൂടി കാണാൻ ഇറങ്ങാം. ചേകാടിയും പാൽവെളിച്ചവും കുറുക്കന്‍മൂലയും കാട്ടിക്കുളവും ഒക്കെ കണ്ട് വയനാടിന്‌റെ എത്ര കണ്ടാലും മടുക്കാത്ത ഭംഗി ആസ്വദിക്കാം. മുന്നോട്ടുള്ള യാത്രയിലും കാടുകൾ തന്നെയാവും ആദ്യം മനസ്സിലുടക്കുന്നത്. ആനയും മാനും കുരങ്ങുകളും ഒക്കെ ഇടയ്ക്കിടെ ദര്‍ശനം തരാനായി വന്നെന്നിരിക്കും.
വയനാട്ടിലെ കാഴ്ചകൾ ഒരിക്കലും തീരുന്നില്ല. എത്ര കണ്ടെന്നു പറഞ്ഞാലും വീണ്ടുമൊന്നുകൂടി കാണുമ്പോൾ വയനാട് തരുന്ന പുതുമയും ഫ്രഷ്നസും മറ്റൊരു നാടിനും എളുപ്പത്തിൽ തരാനാവുന്ന ഒന്നല്ല.
പെരിക്കല്ലൂരിൽ എത്താൻ
കൽപ്പറ്റയിൽ നിന്നും 37 കിലോമീറ്ററാണ് പെരിക്കല്ലൂരിലേക്കുള്ള ദൂരം. സുൽത്താൻ ബത്തേരിയിൽ നിന്നും വരുമ്പോൾ 32.6 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 28.1 കിലോമീറ്ററും സഞ്ചരിച്ചാൽ പെരിക്കല്ലൂരിൽ എത്താം. കോട്ടയം , അടൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും കെഎസ്ആർടിസി പെരിക്കല്ലൂരിലേക്ക് ദീർഘദൂര ബസ് സർവീസുകളും നടത്തുന്നുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














