പെരുന്നാളിന്റെ യാത്രാ പ്ലാനുകളെന്തായി? എവിടേക്കൊക്കെ പോകണമെന്ന് തീരുമാനിച്ചോ? ഇത്തവണത്തെ പെരുന്നാളിന് ഒരു വ്യത്യസ്ത യാത്രയായാലോ? വിനോദം മാത്രമാക്കാതെ, പ്രാർത്ഥനയും ഭക്തിയും ചേരുന്ന ഒരു യാത്ര! മലബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പുണ്യയിടങ്ങളും ദേവാലയങ്ങളും സന്ദർശിച്ച് പെരുന്നാളിന്റെ പുണ്യം പകരുന്ന യാത്ര ഒരുക്കുകയാണ് മലപ്പുറം പൊന്നാനി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.
ബലി പെരുന്നാളിന്‍റെ ഭാഗമായി മലപ്പുറം ജില്ലയിൽ നിന്നുള്ള സഞ്ചാരികൾക്കായി സംഘടിപ്പിക്കുന്ന സിറായത്ത് യാത്രയിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പുണ്യ സ്ഥലങ്ങളും പളളികളും പൈതൃക കേന്ദ്രങ്ങളും സന്ദർശിക്കും. ഏകദിന യാത്രയിൽ ആകെ സന്ദർശിക്കുന്നത് 11 സ്ഥലങ്ങളാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കുവാൻ സാധിക്കുന്ന വിധത്തിലാണ് യാത്രയുടെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.

PC: Sid Balachandran/ Unsplash
ജൂലൈ 1 ശനിയാഴ്ച പൊന്നാനി ഡിപ്പോയിൽ നിന്നും അതിരാവിലെ പുറപ്പെടുന്ന യാത്രയിൽ ചമ്രവട്ടം, ആലത്തിയൂർ, ബി.പി അങ്ങാടി, തിരൂർ, താനൂർ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് യാത്രയിൽ അതാത് സ്ഥലങ്ങളിൽ നിന്ന് കയറാം. പുതിയങ്ങാടി ജാറം, മമ്പുറം പള്ളി, ഇടിയങ്ങര, വരക്കൽ, പാറപ്പള്ളി, കുഞ്ഞിപ്പള്ളി, അറക്കൽ, കണ്ണൂർ കോട്ട, വളപട്ടണം, ബേക്കൽ കോട്ട, മാലിക് ദീനാർ പള്ളി എന്നിവയാണ് സന്ദർശിക്കുന്ന സ്ഥലങ്ങൾ.
പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ സീറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 1160 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. സീറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9846 531 574 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് മെസ്സേജ് അയക്കണം.
മമ്പറം മഖാം
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഇസ്ലാം തീര്‍ത്ഥാടന സ്ഥാനമാണ് മമ്പറം മഖാം എന്ന മമ്പറം പള്ളി. വർഷംതോറും നടക്കുന്ന ഇവിടുത്തെ ഉറൂസിൽ പങ്കെടുക്കുവാൻ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആളുകളെത്തുന്നു. മമ്പുറം ആണ്ട് നേർച്ച എന്ന ഈ ചടങ്ങ് എല്ലാ വർഷവും മുഹറം ഒന്നു മുതൽ ഏഴുവരെ നടക്കും.

PC:Prof tpms
മാഹി കുഞ്ഞിപ്പള്ളി
മാഹിയിലെ ചെമ്പാല കുഞ്ഞിപ്പള്ളിയാണ് ഈ യാത്രയിൽ സന്ദർശിക്കുന്ന മറ്റൊരു പ്രധാന ഇടം. മാഹിയിൽ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പള്ളിയുടെ പേര് സൈദാർ മസ്ജിദ് എന്നാണ്. കുഞ്ഞിപ്പള്ളി മഖാം ഉറൂസും വളരെ പ്രസിദ്ധമാണ്. റജബ് പതിനഞ്ചിനാണ് ഉറൂസ് നടക്കുന്നത്.
മാലിക് ദിനാര് പള്ളി
മാലിക് ഇബിൻ ദീനാർ മസ്ജിദ് എന്നറിയപ്പെടുന്ന മാലിക് ദിനാര് മസ്ജിദ് കാസർകോഡ് ജില്ലയിൽ തളങ്കര എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ ചരിത്രപ്രസിദ്ധമായ ഈ പള്ളി മാലിക് ദീനാറിന്റെ സഹോദര പുത്രൻ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പള്ളികളിലൊന്നാണെന്നാണ് ചരിത്രം. വളരെ മികച്ച രീതിയിലാണ് ഈ ദേവാലയം ഇന്നും അതിന്റെ ചരിത്രപ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടുന്നത്.
മലപ്പുറം ബജറ്റ് യാത്രകൾ
മലപ്പുറത്തു നിന്നും തിരൂർ വഴി ആഴ്ച തോറും വേറെയും ബജറ്റ് വിനോദയാത്രകൾ കെഎസ്ആർടിസി നടത്തി വരുന്നു. മലപ്പുറം ഡിപ്പോയിൽ നിന്നാരംഭിച്ച് തിരൂർ ഡിപ്പോയിൽ കയറി തിരുന്നാവായ-കുറ്റിപ്പുറം വഴിയുള്ള മൂന്നാർ യാത്ര വൻ പങ്കാളിത്തമുള്ള യാത്രകളിലൊന്നാണ്. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിന്നുപോലും ആളുകൾ ഇതിൽ പങ്കെടുക്കാനായി എത്തുന്നു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ മൂന്നാറിലെ 18 ഇടങ്ങളാണ് സന്ദർശിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും മലപ്പുറത്തു നിന്ന് പുലർച്ചെ നാല് മണിക്ക് ഈ യാത്ര പുറപ്പെടുന്നു. 9446389823, 9995726885 എന്നീ നമ്പറുകളിൽ കൂടുതൽ വിവരങ്ങൾ തിരക്കാം.
Cover Image: Sidheeq
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














