ദശകത്തിലെ ആദ്യം
ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണമാണ് ജൂണ്‍ 21 ഞായറാഴ്ച നടക്കുക. സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം.
ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നതാണ് ഇത്.
ഭൂമിയെ വലം വയ്ക്കുന്നതിനിടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരും. ഈ വലംവയ്ക്കലിനിടയില്‍ നേര്‍രേഖയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കുകയും ആ ചന്ദ്രന്ഡറെ നിഴല്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ സൂര്യഗ്രഹണം നടക്കുകയും ചെയ്യുന്നു.
ജൂണ്‍ 21
പല കാര്യങ്ങളും പരിഗണിക്കുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ഒരു ദിവസമായാണ് ജൂണ്‍ 21നെ കാണുന്നത്. അതിപുരാതനമായ മായന്‍ സംസ്കാരം അനുസരിച്ച് 2020 ജൂണ്‍ 21ന് ലോകം അവസാനിക്കുമെന്നാണ് പറയപ്പെടുന്നത്. സൂര്യഗ്രഹണത്തോടെ ലോകം മുഴുവന്‍ ഇരുട്ടിലാകുമെന്നും പിന്നീട് ലോകം അവസാനിക്കുമെന്നുമാണ് വിശ്വാസം. എന്നാല്‍ ഇതിലൊന്നും ശാസ്ത്രീയമായ ഒരു അടിത്തറയും കണ്ടെത്തുവാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. മറ്റേതു ദിവസത്തെയും പോലെ തന്നെ ഇതും കടന്നു പോകുമെന്നാണ് ശാസ്ത്രം പറയുന്നത്.
ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസം
വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസം കൂടിയാണ് ജൂണ്‍ 21. സൂര്യനെ ഏറ്റവും വടക്കോട്ടു നീങ്ങി കാണുവാന്‍ സാധിക്കുന്ന ദിനം കൂടിയാണ് ജൂണ്‍ 21.
സൂര്യഗ്രഹണം കാണാം
ജൂണ്‍ 21 ഞായറാഴ്ച രാവിലെ 9.15 മുതല്‍ ഉച്ചകഴിഞ്ഞ് 3.04 വരെയാണ് ഇന്ത്യയില്‍ സൂര്യഗ്രഹണം കാണുവാന്‍ സാധിക്കുന്ന സമയം. ഉച്ചയ്ക്ക് 12.10ന് സൂര്യഗ്രണം അതിന്റെ പൂര്‍ണ്ണതയില്‍ എത്തും.
സൂര്യഗ്രഹണം കേരളത്തില്‍
കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ഭാഗികമായി മാത്രമേ സൂര്യഗ്രഹണം കാണുവാന്‍ സാധിക്കുകയുള്ളൂ. കേരളത്തില്‍ ആദ്യം സൂര്യഗ്രഹണം കാണുവാന്‍ സാധിക്കുക കാരസര്‍കോഡാണ്. രാവിലെ 10.05ന് ആരംഭിച്ച് 11.37ന് അതിന്റെ പാരമ്യതയിലെത്തി 1.21 ന് അവസാനിക്കും. തിരുവനന്തപുരത്ത് രാവിലെ 10.15ന് തുടങ്ങി 11.40ന് ശക്തമായി ദൃശ്യമാവുകയും 1.15ന് അവസാനിക്കും. തൃശൂരില്‍ രാവിലെ 10.10നാണ് സൂര്യഗ്രഹണം തുടങ്ങുക. 11.39ന് അത് പാരമ്യതയിലെത്തി ഉച്ചയ്ക്ക് 1.19ന് അവസാനിക്കും. കേരളത്തില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാവുകയുള്ളൂ. മണ്‍സൂണ്‍ സമയമായതിനാല്‍ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ഇത് നല്ല രീതിയില്‍ ദൃശ്യമാവുകയുള്ളൂ.
മറ്റിടങ്ങളില്‍
നെഹ്റു പ്ലാനെറ്റോറിയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബൂജിലാണ് ഏറ്റവും ആദ്യം ദൃശ്യമാവുക. അവസാനിക്കുന്നത് ദുബുഗട്ടിലുമായിരിക്കും.
രാജ്യത്ത് രാവിലെ 9.15 മുതല്‍ ഉച്ചകഴിഞ്ഞ് 3.04 വരെ വിവിധ ഇടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാവും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഇടങ്ങളില്‍ വലയ സൂര്യഗ്രഹണമാണ് ദൃശ്യമാവുക.
ഇനി
ഇനി രണ്ടു വര്‍ഷം കഴിഞ്ഞ് മാത്രമേ കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാവുകയുള്ളൂ. 2022 ഒക്ടോബര്‍ 25നാണ് അടുത്ത ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുക.
ശ്രദ്ധിക്കാം
കൃത്യമായ മുന്‍കരുതലുകള്‍ എടുത്തു മാത്രമേ സൂര്യഗ്രഹണം കാണുവാന്‍ പാടുള്ളൂ. ഇതിനായി പ്രൊജക്ഷന്‍, സൗര കണ്ണടകള്‍ മുതലായവ ഉപയോഗിക്കാം. മാത്രമല്ല ഏതെങ്കിലും ഒരിടത്ത് ഒരുമിച്ച് കൂടി കാണുമ്പോള്‍ സാമൂഹീക അകലം പാലിക്കുവാനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് സൂര്യനെ നേരിട്ട് നോക്കാതിരിക്കുവാനും ശ്രദ്ധിക്കണം.