ജൂലൈ മാസം കേരളത്തിലെ ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം കുറേയെറെ ഓർമ്മകളുടെ സമയമാണ്. തങ്ങളിലൊരാളായി ജീവിച്ച് വിശുദ്ധിയുടെ പടവുകൾ കയറിയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ. അൽഫോൻസാമ്മ ജീവിച്ചിരുന്ന ഭരണങ്ങാനത്തേയ്ക്ക് ആയിരങ്ങൾ ഒഴുകിയെത്തുന്ന സമയം. ഭരണങ്ങാനത്ത് മാത്രമല്ല കുടമാളൂരിലും തീർത്ഥാടന കാലമാണ് ജൂലൈ.
എല്ലാ വർഷവും ജൂലൈ 19 മുതൽ 28 വരെ നീണ്ടു നിൽക്കുന്ന ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിലെ തിരുന്നാളിൽ പങ്കെടുക്കുവും അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുവാനും കേരളത്തിൽ നിന്നുമാത്രമല്ല, അൽഫോൻസാമ്മയുടെ സ്നേഹവും പ്രാർത്ഥനാ സഹായവും യാചിക്കുവാനും മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പെരുന്നാൾ സമയത്ത് വിശ്വാസികളെത്തും. ജൂലൈ 28നാണ് ഏറ്റവും വലിയ തിരുന്നാൾ ദിനം. ഈ ദിവസം ഭരണങ്ങാനം അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറും.

PC: Google Map
അൽഫോൻസാമ്മയുടെ തിരുന്നാൾ 2023
ജൂലൈ 19ന് ഈ വർഷത്തെ തിരുന്നാളിന് കൊടിയേറി. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി, വളരെ ലളിതമായ രീതിയില്‍, പ്രാർത്ഥനയ്ക്കും വിശ്വാസത്തിനും മുൻതൂക്കം നല്കിയാണ് ഇത്തവണത്തെ തിരുന്നാൾ. ജൂലൈ 28നാണ് പ്രധാന തിരുന്നാൾ. ജൂലൈ 27 വരെ രാവിലെ 5.30, 6.45, 8.30, 11.00 ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം 5.00, 7.00 എന്നീ സമയത്ത് വിശുദ്ധ കുർബാനയും തുടർന്ന് അൽഫോൻസാമ്മയുടെ നൊവേനയും ഉണ്ടായിരിക്കും.
കൂടാതെ തിരുന്നാൾ ദിവസങ്ങളിൽ വൈകിട്ട് 6.15ന് തീർത്ഥാടന കേന്ദ്രത്തിൽ നിന്നും ആരംഭിക്കുന്ന ജപമാല പ്രദക്ഷിണം ഇടവക ദേവാലയം ചുറ്റി വീണ്ടും തീർത്ഥാടന കേന്ദ്രത്തിലെത്തും. വലിയ പെരുന്നാളിന് തലേന്ന് 27-ാം തിയതി വൈകുന്നേരത്തെ മെഴുകുതിരി പ്രദക്ഷിണം ദേവാലയത്തിൽ ആരംഭിച്ച് അൽഫോന്‍സാമ്മയുടെ മഠം ചുറ്റി തിരികെ തീർത്ഥാടന പള്ളിയിലെത്തും.
ജൂലൈ 28ന് പ്രധാന തിരുന്നാൾ ദിവസം പുലർച്ചെ 4.45 മുതൽ കുർബാനകൾ ആരംഭിക്കും. രാത്രി 9.30നാണ് അവസാന കുർബാന. ഈ ദിവസം ആകെ 16 കുർബാനകളാണ് അർപ്പിക്കുന്നത്. രാവിലെ 10.30ന് ഇടവക പള്ളിയിൽ തിരുന്നാൾ കുർബാനയും തുടര്‍ന്ന് തിരുന്നാൾ പ്രദക്ഷിണവും നടക്കും.

PC:Jovianeye
ഭരണങ്ങാനം പള്ളിയിലെത്തുവാൻ
പാലായ്ക്കും ഈരാറ്റുപേട്ടയ്ക്കും ഇടയിലാണ് ഭരണങ്ങാനം സ്ഥിതി ചെയ്യുന്നത്. പാലായിൽ നിന്ന് ഭരണങ്ങാനത്തേയ്ക്ക് 5.3 കിലോമീറ്ററും ഈരാറ്റുപേട്ടയിൽ നിന്ന് ഭരണങ്ങാനത്തേയ്ക്ക് 6.9 കിലോമീറ്ററുമാണ് ദൂരം. രണ്ടു റൂട്ടുകളിലും ധാരാളം ബസ് സർവീസുകളുണ്ട്.
അൽഫോൻസാ തീർത്ഥാടനം
അല്‍ഫോൻസാമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളിലേക്ക് വിശ്വാസികൾ നടത്തുന്ന തീർത്ഥാടനമാണ് അൽഫോൻസാ തീർത്ഥാടനം. ഭരണങ്ങാനം പള്ളിയിലെ അൽഫോന്‍സാമ്മയുടെ കബറിടം തന്നെയാണ് ഇതിൽ പ്രധാനം. അൽഫോൻസാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച് നിരവധി ആളുകൾ അൽഫോൻസാമ്മ ജീവിച്ചിരുന്ന ഇടങ്ങളിലേക്ക് പ്രാർത്ഥനയോടെ കടന്നു വരുന്നു.
അൽഫോൻസാമ്മ ജീവിച്ചിരുന്ന ഭരണങ്ങാനം സെന്റ് അൽഫോൻസാ കോൺവെന്‍റ്, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്ന കുടമാളൂർ പള്ളി, ചെറുപ്പത്തിൽ ജീവിച്ച മുട്ടുചിറ മുരിക്കൻ തറവാട്,അൽഫോൻസാമ്മ ജനിച്ച കുടമാളൂർ മുട്ടത്തുപാടം വീട് എന്നിവിടങ്ങളാണ് അൽഫോൻസാ തീർത്ഥാടനത്തിലെ ഇടങ്ങൾ. ഇതിൽ തന്നെ ഭരണങ്ങാനം പള്ളിയിലും കുടമാളൂർ പള്ളിയിലുമാണ് കൂടുതലും ആളുകളെത്തുന്നത്.
കുടമാളൂർ പള്ളി
കോട്ടയം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ദേവാലയങ്ങളിലൊന്നാണ് കുടമാളൂർ പള്ളി. കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. 800 ൽ അധികം വർഷം പഴക്കമുള്ള പള്ളിയിൽ അൽഫോന്‍സാമ്മയെ മാമ്മോദീസ മുക്കിയ മാമ്മോദീസതോട്ടി ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു. പുതിയൊരു പള്ളിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
കോട്ടയത്തു നിന്നും എളുപ്പത്തിൽ കുടമാളൂർ പള്ളിയിലെത്താം. കോട്ടയം ബേക്കർ ജംങ്ഷനിൽ നിന്നും സിഎംഎസ് കോളേജിന്റെ മുൻപിലൂടെ ചുങ്കം വഴി എത്തുന്നതാണ് എളുപ്പം. കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നിന്നും ഇവിടേക്ക് നേരിട്ടുള്ള ബസ് ലഭിക്കും.
Cover Image- Church-Princebpaul0484, Sketch of St Alphonsa: Thankachen
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












