നാട്ടിലെ കത്തുന്ന ചൂടിൽ കുറച്ചൊരു ആശ്വാസം തേടിയാണ് ആളുകൾ യാത്രയ്ക്കിറങ്ങുന്നത്. കുറച്ച് തണുപ്പും പച്ചപ്പും സമാധാനത്തോടെ വെയിൽ ചൂടില്ലാതെ ആശ്വാസത്തിൽ പുറത്തിറങ്ങി നടക്കുന്ന ഇടവും കൂടിയായാൽ ഡബിൾ ഹാപ്പി. എന്നാൽ എവിടേക്ക് പോകണമെന്നത് പലർക്കും അറിയില്ല. വേനൽച്ചൂടിന് ആശ്വാസം തരാൻ പറ്റുന്ന ഒരിടം ഇതാ നമ്മുടെ തൊട്ടടുത്തുണ്ട്. മറ്റൊരിടവുമല്ല, സൈലന്‍റ് വാലി.
അതെ, നാട്ടിലെ ചൂടിൽ നിന്നും രക്ഷപെട്ടു പോരാൻ പറ്റിയ പച്ചപ്പിന്‍റെ കൂടാരമാണ് സൈലന്‍റ് വാലി ദേശീയോദ്യാനം. ചുട്ടുപൊള്ളുന്ന പാലക്കാടൻ ചൂടിനു നടുവിൽ ഇങ്ങനെയൊരു പച്ചപ്പിന്‍റെ തണുത്ത കൂടാരം ഉള്ളപ്പോൾ അതൊന്നു കണ്ടുവന്നില്ലെങ്കിൽ നഷ്ടം തന്നെയാണ്. കാണുന്നതിലും പറഞ്ഞു കേട്ടതിലും ഒക്കെ അധികമാണ് സൈലന്‍റ് വാലിയിലെ കാഴ്ചകൾ എന്ന് ഇവിടെ എത്തുമ്പോൾ മനസ്സിലാകും.

സൈലന്‍റ് വാലിയിൽ എത്തി വെറുതേ കണ്ടു മടങ്ങി വരുന്നതല്ല പാക്കേജ്. കാടിനുള്ളിലൂടെ നടന്ന് കുളിരും പച്ചപ്പും ആവോശം ആസ്വദിച്ച് സൂര്യവെളിച്ചം പോലും എത്താത്ത വഴികളിലൂടെ സഞ്ചരിക്കുന്ന അടിപൊളി യാത്രയാണ് ഇവിടെ കാത്തിരിക്കുന്നത്. കുട്ടികൾക്കും യുവാക്കൾക്കും മാത്രമല്ല, മുതിർന്നവർക്കും ഒക്കെ ഇതിൽ പങ്കെടുക്കാം. പ്രായം എന്നത് സൈലന്‍റ് വാലി യാത്രകള്‍ക്ക് ഒരു ഘടകമേ അല്ല. ഈ വേനലിൽ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
കാടിനുള്ളിലൂടെ 24 കിലോമീറ്റർ
കാടിനുള്ളിലൂടെ സൈലൻറ് വാലിയുടെ ബഫർസോൺ കാണാൻ ഉള്ള സഫാരിക്കാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്. സൈലന്‍റ് വാലി ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ യാത്ര. സഞ്ചാരികൾക്ക് ബഫര്‍സോണിലൂടെ 24 കിലോമീറ്റര്‍ ദൂരം സഫാരി ബസിലോ അല്ലെങ്കിൽ ജീപ്പിലോ പോകാം. 20 ജീപ്പുകളിലും ഒരു സഫാരി ബസുമാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
കാടിനുള്ളിലൂടെ പോകുമ്പോൾ കാട്ടുമൃഗങ്ങളെയും കാണാം. ഇതിനല്പം ഭാഗ്യം കൂടിയേ തീരുവെങ്കിലും ഏതെങ്കിലും ജീവികൾ കണ്‌മുന്നിൽ എത്താതിരിക്കില്ല. കടുവ, പുള്ളിപ്പുലി, ആന, പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലയണ്ണാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.
സഫാരി നിരക്ക്
കീശ കാലിയാകാത്ത വിധത്തിൽ കുറഞ്ഞ ചെലവിലുള്ള യാത്രയാണ് ഇവിടെ കിട്ടുക. 600 രൂപയാണ് ബസിലുള്ള സഫാരിക്ക് ചിലവ്. അതേസമയം ജീപ്പിനാണ് പോകുന്നതെങ്കിൽ 3500 രൂപ നല്കണം. ആറു പേർക്ക് ജീപ്പിൽ സഞ്ചരിക്കാം. കുട്ടികളുണ്ടെങ്കിൽ അഞ്ച് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.
ഒരു രാത്രി ചെലവഴിക്കാം
സൈലന്‍റ് വാലി പോലെ ഒരിടത്തു വന്ന് ഒരു സഫാരി മാത്രം നടത്തി മടങ്ങാൻ ചിലർക്ക് മടിയുണ്ടാകും. എങ്കിൽ ഒരു രാത്രി ഇവിടെ ചെലവഴിച്ച് മടങ്ങാം. ഭവാനിപുഴയുടെ തീരത്തുള്ള റിവർ ഹട്ടിലാണ് താമസ സൗകര്യം ഉള്ളത്. രണ്ടു പേര്‍ക്ക് ഒരു രാത്രി താമസിക്കാൻ 2500 രൂപയാണ് നിരക്ക്.
ഗ്രൂപ്പായി വരുന്നവർക്ക് താമസത്തിന് ഡോർമിറ്ററി സൗകര്യം പ്രയോജനപ്പെടുത്താം. സൈലന്റ് വാലി ഡിവിഷണല്‍ ഓഫീസിന് സമീപം ആണ് 16 പേർക്ക് കിടക്കാവുന്ന ഡോർമിറ്ററിയുള്ളത്. മുൻകൂട്ടി അന്വേഷിച്ച് ലഭ്യത ഉറപ്പു വരുത്തി ബുക്ക് ചെയ്യണം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിപഠനക്യാമ്പിനുള്ള സൗകര്യങ്ങളുമുണ്ട്. കൂതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8589895652
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












