തേക്കടിയിലേക്ക് ഏകദിന യാത്ര
തേക്കടിയിലേക്ക് ഏകദിന യാത്ര എന്നു കേൾക്കുമ്പോൾ പലർക്കും നെറ്റിചുളിയും. തേക്കടിയുടെ വൈബും രസങ്ങളും കാടും ആസ്വദിക്കുവാൻ കുറഞ്ഞത് ഒരു രാത്രിയെങ്കിലും ചിലവഴിക്കണം. എന്നാൽ ഒറ്റപകലിലേക്കാണ് ഇവിടേക്ക് സാധാരണക്കാരായ സഞ്ചാരികൽ എത്തുന്നത്. ബോട്ടിൽ ഒന്നു കറങ്ങി ആ കാടിനുള്ളിൽ കുറച്ചു നേരം ഇരുന്ന് വൈകിട്ടോടെ മടങ്ങി പോകുന്ന യാത്ര ഇത്തവണ വ്യത്യസ്തമായി പ്ലാൻ ചെയ്താലോ? കൃത്യമായി കണക്കുകൂട്ടി വന്നാല്‍ ഒറ്റപ്പകലിൽ മനസ്സുനിറയെ കണ്ടു പോകുവാൻ സാധിക്കുന്ന നിരവധി ഇടങ്ങൾ ഇവിടെയുണ്ട്.
PC:Rameshng
പെരിയാർ വന്യജീവി സങ്കേതം
തേക്കടിയിലേക്ക് ആളുകൾ എത്തുന്നത് തന്നെ പെരിയാർ വന്യജീവി സങ്കേതം കാണുവാനും ഇവിടുത്തെ പ്രസിദ്ധമായ ബോട്ടിങ് ആസ്വദിക്കുവാനുമാണ്. കാടിനു നടുവിലൂടെ പോകുന്ന ബോട്ടിങ്ങില് ഇരുവശത്തും ആനകളും കാട്ടുപോത്തുകളും ഉൾപ്പെടെയുള്ള വന്യജീവികളെ കാണാം എന്നതു തന്നെയാണ് പ്രധാന ആകർഷണം. ഒറ്റദിവസത്തെ യാത്രയ്ക്കായി വരുമ്പോൾ മിക്കവാറും ബോട്ടിങിനു പോകുവാൻ മാത്രമേ സമയം കാണുകയുള്ളൂ. ബോട്ടിങ്ങ് ആസ്വദിക്കാനായി നേരത്തെ ഓൺലൈൻ വഴി ബുക്ക് ചെയ്തുവന്നാൽ കാത്തിരിക്കുവാനുള്ള സമയം ഒഴിവാക്കാം. ഒന്നര മണിക്കൂറാണ് ബോട്ടിങ് ഉള്ളത്.
PC:Anand2202
കൂടുതൽ സമയമുണ്ടെങ്കിൽ
സീസണിന്‍റെ വ്യത്യാസമില്ലാതെ വർഷത്തിൽ എല്ലായ്പ്പോഴും സന്ദർശിക്കുവാൻ പറ്റിയ ഇടമെന്നതാണ് പെരിയാർ ടൈഗർ റിസർവിന്‍റെ പ്രത്യേകത. ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 6 മുതല്‍ വാകിട്ട് 7 മണി വരെ ഇവിടം സഞ്ചാരികൾക്കായി തുറന്നിരിക്കും. ബോട്ടിങ് കൂടാതെ സഫാരി ടൂര്‍, നൈറ്റ് ടൂർ, ട്രക്കിങ്, ബോട്ടിങ് തുടങ്ങിയവയും ഇവിടെ ആസ്വദിക്കാം.
PC:Anand2202
ചെല്ലാർ കോവിൽ
തേക്കടിക്കടുത്ത കുമളിൽ നിന്നും നല്ലൊരു യാത്ര തരപ്പെടുത്തുന്ന സ്ഥലമാണ് ചെല്ലാർകോവിൽ. സമുദ്രനിരപ്പിൽ നിന്നും മൂവായിരം അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രകൃതിമനോഹരമായ കാഴ്ചകളും വെള്ളച്ചാട്ടവുമാണ് ഉള്ളത്. വീണ്ടും മുകളിലേക്കു പോയാൽ മാത്രമെ ചെല്ലാർ കോവിലിന്‍റെ ഭംഗി ആസ്വദിക്കുവാൻ കഴിയൂ. ഇവിടെ കയറിനിന്നാൽ തമിഴ്നാട്ടിലെ കൃഷിത്തോട്ടങ്ങളുടെയും ഭൂമിയുടെയം കാഴ്ചയാണ് കാണുവാൻ സാധിക്കുക. ഒട്ടും ക്ഷീണം തോന്നിക്കാത്ത ഒരു യാത്രയാണിതെന്നുറപ്പ്!
PC:Avin CP/Unsplash
മുരിക്കടി
തേക്കടിയിൽ നിന്നും പെട്ടന്നൊരു യാത്ര പോകുവാൻ പറ്റിയ സ്ഥലമാണ് മുരിക്കടി. ടൗണിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ കിടിലൻ കൃഷിത്തോട്ടങ്ങളുടെ കാഴ്ച നല്കുന്ന മുരിക്കടിയിലേക്ക്. എന്ത് കൃഷിയാണ് ഇവിടെയുള്ളതെന്നല്ലേ.. കുരുമുളക്, കാപ്പി, ഏലം എന്നിങ്ങനെ ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെയുണ്ട്. ഈ തോട്ടങ്ങള്‌ക്കു നടുവിലൂടെ നടക്കുവാനാണ് സഞ്ചാരികൾ എത്തുന്നത്.
PC:Clint McKoy/Unsplash
ഗ്രാമ്പി
തേക്കടി യാത്രയിൽ കുറച്ച് സാഹസികത ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഗ്രാമ്പി. തണുപ്പും മഞ്ഞും മലയും കാറ്റും എല്ലാം ഇവിടെയുണ്ട്. ഇവിടേക്കുള്ള യാത്രയാണ് എടുത്തു പറയേണ്ടത്. കൊക്കയുടെ ഓരത്തുകൂടിയുള്ള യാത്ര ഒരു സമയം പേടിപ്പെടുത്തുന്നതും അതുപോലെ ത്രില്ലിങ്ങുമാണ്. തേക്കടിയില് നിന്ന് 24 കിമിയാണ് ഗ്രാമ്പിയിലേക്കുള്ള ദൂരം.
PC:Aswin Balakrishnan/Unsplash
കുരിശുമല
തേക്കടിയിൽ വന്ന് ഒരുഗ്രന്‍ ട്രക്കിങ്ങാണ് ആഗ്രഹിക്കുന്നതെങ്കിൽ കുരിശുമല അതിനു പറ്റിയ സ്ഥലമാണ്. സ്പ്രിങ് വാലി മൗണ്ടൻ എന്നും അറിയപ്പെടുന്ന ഇവിടേക്ക് തേക്കടിയിൽ നിന്നും നാല് കിലോമീറ്റർ ദൂരമേയുള്ളൂ. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ രസകരമായ കാഴ്ച കുരിശുമലയുടെ മുകളിൽ നിന്നു കാണാം. സമുദ്രനിരപ്പിൽ നിന്നും നാലായിരം അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഇതിന്റെ ഏറ്റവും മുകളിലായി സെന്‍റ് തോമസ് ചര്‍ച്ച് കാണാം. തേക്കടി യാത്ര പൂർത്തിയാകണമെങ്കിൽ ഇവിടം നിർബന്ധമായും സന്ദർശിച്ചിരിക്കണം.
PC:Anand2202
എലിഫന്‍റ് ക്യാംപ്
കുട്ടികളെയുംകൂട്ടി തേക്കടിയിൽ വരുമ്പോൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഇവിടുത്തെ ആനവച്ചൽ റോഡിൽ സ്ഥിതി ചെയ്യുന്ന എലിഫന്‍റ് ക്യാംപ് ഉള്ളത്. എന്നാൽ കുറച്ചു പൈസ ചിലവാകുന്ന കാഴ്ചയാണ് ഇവിടുത്തേത്. ആന സഫാരികളാണ് എലിഫന്‍റ് ക്യാംപിലെ ആകർഷണം. 30 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ ആനപ്പുറത്ത് യാത്ര ചെയ്യുവാൻ പറ്റുന്ന സഫാരികൾ ഇവിടെയുണ്ട്. രാവിലെ 9.00 മുതല്‍ വൈകുന്നേരം 6.00 വരെയാണ് ഇതിന്‍റെ പ്രവർത്തന സമയം.
PC:Megan Soule/Unsplash