ചൂടെന്നു പറഞ്ഞാൽ ഇങ്ങനെയുമൊരു ചൂടോ? കഴിഞ്ഞ ഒന്നു രണ്ടു മാസമായി കേരളത്തിലെ അവസ്ഥയാണിത്. സമാധാനത്തോടെ ഒന്നു പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥ. ഒന്നു മഴ പെയ്തിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിട്ടും കൊതിപ്പിച്ചു കടന്നുകളഞ്ഞതല്ലാതെ ഒരു നല്ല മഴ ഇനിയും പലയിടത്തും എത്തിയിട്ടില്ല. കേരളത്തിലെ മറ്റു ഭാഗങ്ങളില്‍ ഇങ്ങനെയാണ് കാര്യമെങ്കിൽ പാലക്കാടിന്‍റെ അവസ്ഥ പറയേണ്ടല്ലോ? കേരളത്തിൽ ഏറ്റവും ചൂടനുഭവപ്പെടുന്ന പാലക്കാട് ചുട്ടുപൊള്ളുകയാണ്.
റെക്കോർഡ് ചൂടാണ് ഓരോ തവണവും പാലക്കാട് രേഖപ്പെടുത്തുന്നത്. താപനില 40-41 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടെ അനുഭവപ്പെടുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ 40.1 ഡിഗ്രി സെൽഷ്യസ് മൂന്നു തവണ പാലക്കാട് രേഖപ്പെടുത്തിയിരുന്നു. ചൂട് പാലക്കാടിന് പുതുമയല്ലെങ്കിൽക്കൂടിയും ഇത്തവണത്തെ ചൂട് മുൻകണക്കുകളെയെല്ലാം കടത്തിവെട്ടുന്നതാണ്.

പാലക്കാട് ചൂട്: ചരിത്രത്തിൽ
പാലക്കാട് ഇത്രയും ചൂട് അനുഭവപ്പെടുവാൻ കാരണമെന്താണ് എന്ന് അറിയേണ്ടെ? കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടതും പാലക്കാട് തന്നെയാണ്. അതിൽത്തന്നെ 2013ല്‍ 40.4 ഡിഗ്രിയും 2016 ൽ 41.9 ഡിഗ്രിയും 2019 ൽ 41.1 ഡിഗ്രിയും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മുതൽ കാറ്റിന്‍റെയും നദിയുടെയും സ്ഥാനം വരെ പാലക്കാടൻ ചൂടിന് കാരണങ്ങളായുണ്ട്.
പാലക്കാട് ചൂട്: കാരണങ്ങൾ
തമിഴ്നാട്ടിൽ നിന്നു വീശുന്ന വരണ്ട, ചൂടുള്ള കിഴക്കൻ കാറ്റാണ് പാലക്കാടിനെ ചൂടുള്ളതാക്കുന്നത്.
തമിഴ്‌നാടിന്റെ ഉൾപ്രദേശങ്ങളിൽ നിന്ന്, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെ പാലക്കാട്, പുനലൂർ ഗ്യാപ്പുകൾ വഴി വീശുന്ന ശക്തമായ ചൂടുള്ളതും വരണ്ടതുമായ വടക്കുകിഴക്കൻ കാറ്റാണ് പാലക്കാട് ഉൾപ്പെടെയുള്ള ഇടങ്ങളിലെ ഉയർന്ന താപനിലയ്ക്ക് കാരണം.

പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പാലക്കാട് മഴയെത്തുന്നതും കുറവായിരിക്കും. മാത്രമല്ല, ഭാരതപ്പുഴയുടെ സാന്നിധ്യം പ്രദേശത്തെ ആർദ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ചുറ്റും സ്ഥിതി ചെയ്യുന്ന മലനിരകളും പാലക്കാട് കാറ്റ് എത്താതിരിക്കുന്നതിന് കാരണമാണ്.തിരുച്ചിറപ്പള്ളി, മണപ്പാറൈ, കരൂർ, അരവക്കുറിച്ചി, ധാരാപുരം, തിരുപ്പൂർ, കോയമ്പത്തൂർ, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പാലക്കാടേക്കുള്ള ചൂട് കാറ്റ് വീശുന്നത്.
പുനലൂരിൽ
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മറ്റൊരു ലക്ഷ്യസ്ഥാനമായ പുലനൂരിലും ഇതേ അവസ്ഥയാണ്. മധുര, അറുപ്പുക്കോട്ടൈ, സത്തൂർ, കോവിൽപട്ടി, കയത്തൂർ, കടയനല്ലൂർ എന്നിവിടങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ വിടവുകളിലെ കാറ്റാടിപ്പാടങ്ങളാണ് കിഴക്കൻ കാറ്റിനെ ഇവിടെയെത്തുന്നതിൽ നിന്നു തടയുന്നത്.
മുൻവര്‍ഷങ്ങളിലെ പാലക്കാട് രേഖപ്പെടുത്തിയ താപനില
2022ൽ മാർച്ച് 23, ഏപ്രിൽ 5 എന്നീ തിയതികളിൽ 38.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി
2021 ൽ മേയ് 8ന് 38.7 ഡിഗ്രി സെൽഷ്യസ്‍
2019 ൽ ഏപ്രിൽ 17ന് 41.1 ഡിഗ്രി സെൽഷ്യസ്‍
2018 ൽ ഏപ്രിൽ 12ന് 39.1 ഡിഗ്രി സെൽഷ്യസ്‍
2017 ൽ ഏപ്രിൽ 29ന് 39.8 സെൽഷ്യസ്‍
2016 ൽ ഏപ്രിൽ 27ന് 41.9 ഡിഗ്രി സെൽഷ്യസ്‍
2015 ൽ മാർച്ച് 30,31, ഏപ്രിൽ 3, 6 തിയതികളിൽ 39.0 ഡിഗ്രി സെൽഷ്യസ്‍
2014 ൽ ഏപ്രിൽ 6ന് 24: 40.2 ഡിഗ്രി സെൽഷ്യസ്, ..
2013ന് മേയ് 1ന് 40.4 ഡിഗ്രി സെൽഷ്യസ്‍ എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












