വെള്ളച്ചാട്ടങ്ങള്‍ക്ക് ജീവൻ വയ്ക്കുന്നത് മഴക്കാലത്താണ്. നൂൽവണ്ണത്തിലും പരന്നും ചിലപ്പോള്‍ കണ്ണിൽപെടാതെ പോലും ഒഴുകിയിരുന്ന വെള്ളച്ചാട്ടങ്ങൾ സർവ്വ ശക്തിയും ആവാഹിച്ച് ജീവൻവച്ച് താഴേക്ക് പതിക്കുന്ന സമയം. ആ കാഴ്ചയൊന്നു കാണേണ്ടതു തന്നെയാണ്. അതിരപ്പിള്ളി പോലുള്ള വെള്ളച്ചാട്ടങ്ങളാണെങ്കിൽ മഴക്കാലത്തെ കാഴ്ചയുടെ ഗാംഭീര്യം പറയുകയും വേണ്ട.
എന്നാൽ നിർഭാഗ്യവശാൽ ചില വെള്ളച്ചാട്ടങ്ങളിലേക്ക് മഴക്കാലത്ത് പ്രവേശനം അനുവദിക്കാറില്ല. പല വിധ കാരണങ്ങളാൽ താത്കാലികമായി സന്ദർശകരെ ഇവിടെ വരുന്നതിൽ നിന്നും വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിൽ നിന്നും വിലക്കുന്നു. എന്തൊക്കെയാണ് ഇതിന്റെ പ്രധാന കാരണങ്ങളെന്നും കേരളത്തിലെ ഏതൊക്കെ വെള്ളച്ചാട്ടങ്ങളിലാണ് മഴക്കാലത്ത് പ്രവേശനം ഇല്ലാത്തതെന്നും നോക്കാം...

PC:Sreehari Devadas/Unspalsh
അതിരപ്പിള്ളി വെള്ളച്ചാട്ടം
കേരളത്തിന്‍റെ നയാഗ്ര എന്നു വിളിപ്പേരുളള അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്. പരന്നു കിടക്കുന്ന പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തി ഏകദേശം 24 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന അതിരപ്പിള്ളി എത്രനേരം വേണമെങ്കിലും നോക്കി നിന്നുപോകുന്ന ഭംഗിയാണ്. കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭംഗിയാണ് ഇതിനുള്ളത്.
എന്നാൽ കനത്ത മഴക്കാലത്ത് ഇവിടേക്ക് പൊതുവേ സന്ദര്‍ശകർക്ക് പ്രവേശനം അനുവദിക്കാറില്ല. അതോടൊപ്പം കാട്ടിൽ മഴ പെയ്യുമ്പോൾ അപ്രതീക്ഷിതമായി ജലപ്രവാഹത്തിന്റെ ശക്തി കൂടുന്നതു കാരണം മഴക്കാലത്ത് പൊതുവെ ആളുകളെ ഇവിടെ അനുവദിക്കാറില്ല. ചി സമയങ്ങളിൽ ഒഴുക്കിന്‍റെ ശക്തിയനുസരിച്ച് ആളുകൾക്ക് ഇറങ്ങിചെല്ലുവാൻ കഴിയുന്ന ദൂരത്തിലും നിയന്ത്രണം വയ്ക്കാറുണ്ട്.

സൂചിപ്പാറ വെള്ളച്ചാട്ടം
വയനാട്ടിലെ കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കുവാൻ സാധിക്കാത്ത ഇടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം. സെന്‍റിനൽ റോക്ക് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഇത് പലയിടങ്ങളിലായായി 100-300 അടി ഉയരത്തിൽ നിന്നുമണ് താഴേക്ക് പതിക്കുന്നത്. ടിക്കറ്റ് കൗണ്ടറിൽ നിന്നും കുറച്ചു ദൂരം നടന്ന് ഇറക്കമിറങ്ങി മാത്രമേ ഇവിടേക്ക് വരാനാകൂ. മൂന്നു തട്ടുകളിലായി പതിക്കുന്ന ഇവിടം കൊച്ചുകുട്ടികൾക്കു പോലും സുരക്ഷിതമാണ്.
മഴക്കാലമാകുന്നതോടെ സൂചിപ്പാറ അതിൻറെ ഏറ്റലും ഭംഗിയിലെത്തു. കനത്ത ശബ്ദത്തിൽ കാട്ടിൽ നിന്നും ഒഴുകിത്തുന്ന വെള്ളച്ചാട്ടത്തിലേക്ക് കടന്ന മഴക്കാലത്ത് ഇറങ്ങുന്നത് സുരക്ഷിതമല്ല. ചില സമയങ്ങളിൽ സന്ദര്‍ശകരുടെ സുരക്ഷ പരിഗണിച്ച് ഇവിടേക്കുള്ള സന്ദര്‍ശനം നിർത്തിവയ്ക്കാറുണ്ട്. കൽപ്പറ്റയിൽ നിന്നും 22കിമീ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.

PC: Irshadpp
മീൻമുട്ടി വെള്ളച്ചാട്ടം
വയനാട്ടിലെ സാഹസിക സഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മീൻമുട്ടി വെള്ളച്ചാട്ടം. മൂന്നുതട്ടുകളായി ഏകദേശം മുന്നൂറ് മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് കൽപ്പറ്റയിൽ നിന്നും വരാം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടം കൂടിയാണിത്. ട്രക്ക് ചെയ്തു വേണം ഇവിടെയെത്തുവാൻ.
മഴക്കാലങ്ങളിൽ അപകടകരമായ വിധത്തില്‍ ജലനിരപ്പുയരുന്ന ഇവിടെ സന്ദർശകരുടെ സുരക്ഷിതത്വം പരിഗണിച്ച് പ്രവേശനം നിഷേധിക്കാറുണ്ട്. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരും എന്നതും തുടർന്ന് അപകടകാരിയായി മാറിയേക്കാം എന്നതുമാണ് കാരണം.

PC: wayanadtourism
തൊമ്മൻകൂത്ത് വെള്ളച്ചാട്ടം
കേരളത്തിലെ ഏറ്റവും ഭംഗിയാർന്ന വെള്ളച്ചാട്ടങ്ങളിലൊന്ന് എന്ന വിശേഷമുള്ളതാണ് തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടം. ഏഴു വെള്ളച്ചാട്ടങ്ങള് ചേരുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാടിനുള്ളിലൂടെ ട്രക്ക് ചെയ്ത് എത്തിച്ചേരേണ്ട വെള്ളച്ചാട്ടമാണ്. ആദ്യ രണ്ട് വെള്ളച്ചാട്ടങ്ങളിലേക്ക് പോകുവാൻ മാത്രമേ അനുമതിയൂള്ളൂ. ബാക്കി വെള്ളച്ചാട്ടങ്ങൾ കാണണമെങ്കിൽ ട്രക്കിങ് പാക്കേജ് എടുക്കണം. മഴക്കാലങ്ങളിൽ ഇവിടേക്ക് പൊതുവേ പ്രവേശനം അനുവദിക്കാറില്ല.
അട്ടുകാട് വെള്ളച്ചാട്ടം
മൂന്നാറിലെ പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പള്ളിവാസലിനു സമീപം സ്ഥിതി ചെയ്യുന്ന അട്ടുകാട് വെള്ളച്ചാട്ടം. പലപ്പോഴും മൂന്നാറിലേക്കുള്ള യാത്രയിൽ വണ്ടിയിലിരുന്ന് കണ്ടുള്ള പരിചയമാണ് യാത്രക്കാർക്ക് അട്ടുകാട്. തേടിലത്തോട്ടത്തിനുള്ളിലൂടെ നടന്ന് എത്തേണ്ടുന്ന ഈ വെള്ളച്ചാട്ടം കടുത്ത വേനലിൽ വറ്റുമെങ്കിലും മഴ പെയ്യുന്നതോടെ ഉഷാറാകും. നൂറു മീറ്റർ ഉയരത്തിൽ നിന്നുമാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.

മഴക്കാലങ്ങളിൽ പലപ്പോഴും അട്ടുകാട് വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിഷേധിക്കാറുണ്ട്. ചിലപ്പോൾ വെള്ളച്ചാട്ടത്തിനടുത്തു വരെ എത്താമെങ്കിലും വെള്ളത്തിലിറങ്ങുന്നതിന് വിലക്കുകൾ നിലനിൽക്കുന്നു, മഴക്കാലത്ത് പോകുന്നവര്‍ അതിനനുസരിച്ചുള്ള മുൻകരുതലുകൾ കൂടിയെടുത്ത് വേണം പോകുവാൻ.
മീൻവല്ലം വെള്ളച്ചാട്ടം
പാലക്കാട് ജില്ലയുടെ കുളിരും തണുപ്പുമാണ് മീൻവല്ലം വെള്ളച്ചാട്ടം. വനത്തിനുള്ളിലൂടെ ഒഴുകിയെത്തി താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം പാലക്കാട് നിന്നും 22 കിലോമീറ്റർ അകലെയാണ്. തൂതപ്പുഴയുടെ പോഷകനദിയയാ തുപ്പനാട് പുഴയിലാണിത് സ്ഥിതി ചെയ്യുന്നത്. മഴക്കാലങ്ങളിൽ ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

PC:DEEPAK SUDARSAN
മേൽപ്പറഞ്ഞ വെള്ളച്ചാട്ടങ്ങള്‍ കൂടാതെ, മഴയുടെ കരുത്തും ശക്തിയും കൂടുന്നതനുസരിച്ച് പ്രദേശികമായി പല വെള്ളച്ചാട്ടങ്ങളും മഴക്കാലത്ത് പ്രവേശനം നിർത്തിവയ്ക്കാറുണ്ട്. മഴയുടെ ശക്തി കുറഞ്ഞുകഴിയുമ്പോൾ പ്രവേശനത്തിനായി വീണ്ടും തുറന്നു നല്കുകയും ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














