ഗ്രഹണസമയത്ത് ക്ഷേത്രങ്ങളുടെ നട അടച്ചിടുന്നതാണ് കാലങ്ങളായുള്ള പതിവ്. ഗ്രഹണം കഴിയുന്നതു വരെ പൂജകളോ പ്രാർത്ഥനകളോ ക്ഷേത്രങ്ങളിൽ നടത്താറില്ല. എന്നാൽ കേരളത്തിൽ ഒരേയൊരു ക്ഷേത്രത്തിൽ മാത്രം എന്തുസംഭവിച്ചാലും പുലർച്ചെ നട തുറന്നിരിക്കും. നട തുറക്കുക മാത്രമല്ല, ഇവിടുത്തെ കൃഷ്ണന് നിവേദ്യം സമർപ്പിക്കുകയും ചെയ്യും. ഇതു മാത്രമല്ല, അവിശ്വസനീയെമെന്നു തോന്നുന്ന പല ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
മറ്റുപല ക്ഷേത്രങ്ങളിലും കാണാത്ത പല പ്രത്യേകതകളും കോട്ടയം ജില്ലയില് മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് അവകാശപ്പെടുവാനുണ്ട്. 1,500 വർഷത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ കൃഷ്ണനെ തൊഴുത് പ്രാർത്ഥിച്ചാൽ മനസ്സറിഞ്ഞ് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക സ്ഥാനം തന്നെ തിരുവാര്‍പ്പ് ക്ഷേത്രത്തിനുണ്ട്.

ഇന്ത്യയില്‍ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം
ഇന്ത്യയിൽ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ക്ഷേത്രം. പുലർച്ചെ 2.00 മണിക്കാണ് ഇവിടെ എന്നും ക്ഷേത്രനട തുറക്കുന്നത്. കംസവധത്തിനു ശേഷം വിശന്നുവലഞ്ഞു നിൽക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠയെന്നതിനാൽ വിശപ്പടക്കാൻ നിവേദ്യം നല്കുകയാണ് ചെയ്യുന്നത്. രണ്ടുമണിക്ക് പള്ളിയുണർത്തി, രണ്ടരയ്ക്ക് നടതുറന്ന് മൂന്നര മണിയോടു കൂടി ഉഷപ്പായസം നേദിക്കുന്ന തരത്തിലാണ് ഇവിടുത്തെ ദിനചര്യ.
തുറക്കാൻ പറ്റിയില്ലെങ്കിൽ വെട്ടിപ്പൊളിക്കാം
ഒരു കാണവശാലും കൃഷ്ണനെ വിശന്നു നിര്‍ത്തരുത് എന്നാണ് വിശ്വാസം. മാത്രമല്ല, സമയനിഷ്ടയ്ക്ക് പ്രാധാന്യം നല്കി അഷ്ടകോണുകളിൽ സൂര്യരശ്മി പതിയുന്നത് അനുസരിച്ചാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ നടക്കുന്നത്. കൃത്യസമയത്തു തന്നെ നിവേദ്യങ്ങൾ നല്കേണ്ടതുണ്ട്. അതിനാൽ സമയത്തിന് പ്രാധാന്യം വലുതാണ്. ഏതെങ്കിലും കാരണവശാൽ പുലർച്ചെ പൂജാരിക്കോ മേൽശാന്തിക്കോ താക്കോലുപയോഗിച്ച് നട തുറക്കുവാൻ സാധിക്കാതെ വന്നാൽ ഇവിടെ വച്ചിരിക്കുന്ന കോടാലി ഉപയോഗിച്ച് വാതിൽപൊളിച്ച് പൂജകൾ നടത്തുവാൻ അനുമതിയുണ്ടായിരുന്നുവത്രെ.

പണ്ടുകാലത്ത് പൂജാരിയെയും മേൽശാന്തിയെയും ഇവിടെ നിയമിക്കുമ്പോൾ അവർക്ക് ക്ഷേത്രത്തിന്റെ താക്കോലിനൊപ്പം ഒരു കോടാലിയും കൂടി കൊടുക്കുമായിരുന്നുവത്രെ. ഇവർക്ക് താക്കോലുപയോഗിച്ച് നട തുറക്കാൻ കഴിയാതെ വന്നാൽ ആർക്കും ഈ കോടാലി ഉപയോഗിച്ച് നട തുറക്കാമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മറ്റു ക്ഷേത്രങ്ങളെയപേക്ഷിച്ച് തിരുവാര്‍പ്പ് ക്ഷേത്രത്തിലെ ഉച്ചപൂജയും അത്താഴപൂജയും വളരെ നേരത്തെയാണ് നടക്കുന്നത്. അത്താഴ പൂജ കഴിഞ്ഞു ദീപാരാധന നടത്തുന്ന ഏക ക്ഷേത്രവും ഇതാണ്.
വാർപ്പിനുള്ളിലെ കൃഷ്ണൻ
ഇവിടുത്തെ വിശ്വാസങ്ങൾക്കു മാത്രമല്ല, പ്രതിഷ്ഠയ്ക്കും ചില പ്രത്യേകതകൾ കൂടിയുണ്ട്. വാർപ്പ് അഥവാ ഉരുളിയുടെ ഉള്ളിലാണ് ഇവിടെ കൃഷ്ണൻ നിൽക്കുന്നത്. വനവാസക്കാലത്ത് പാണ്ഡവർക്ക് ആരാധന നടത്തുന്നതിനായി കൃഷ്ണൻ നല്കിയതാണ് ഈ വിഗ്രഹമെന്നാണ് വിശ്വാസം. പിന്നീടിത് പാണ്ഡവരിൽ നിന്നും ചേർത്തലയ്ക്കു സമീപത്തുള്ള ഒരുകൂട്ടം ആളുകൾക്ക് ലഭിച്ചുവെങ്കിലും ചില കാരണങ്ങളാൽ വിഗ്രഹത്തെ വേണ്ടവിധത്തിൽ ആരാധിക്കുവാൻ കഴിയാതെ അവർ വിഗ്രഹത്തെ കടലിലുപേക്ഷിച്ചു.
പിന്നീട് കാലങ്ങൾക്കു ശേഷം ഈ സമുദ്രത്തിലൂടെ വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ വില്വാമംഗലം സ്വാമിക്ക് വിഗ്രഹം ലഭിച്ചുവത്രെ. അതെടുത്ത് യാത്ര തുടർന്നുവെങ്കിലും കാറ്റുംകോളും കാരണം സ്വാമി വിഗ്രഹം അവിടെക്കണ്ട ഒരു ഉരുളിയിൽ വിഗ്രഹം സൂക്ഷിച്ചു. പിന്നീടത് എടുക്കാൻ വന്നപ്പോൾ വിഗ്രഹം ഉരുളിയിൽ ഉറച്ചതായി കണ്ടുവത്രെ. ഇതറിഞ്ഞ സ്ഥലത്തിന്‍റെ ഉടമ സ്ഥലവും ഉരുളിയും ക്ഷേത്രനിർമ്മാണത്തിനായി നല്കുകയും പിന്നീടവിടെ ക്ഷേത്രം നിർമ്മിക്കുകയുമായിരുന്നു.

ഗ്രഹണവും തിരുവാർപ്പ് ക്ഷേത്രവും
ഗ്രഹണസമയത്ത് സാധാരണഗതിയിൽ ക്ഷേത്രങ്ങളിൽ പൂജകളോ പ്രാർത്ഥനകളോ നടത്താറില്ലെങ്കിലും തിരുവാർപ്പ് ക്ഷേത്രത്തിലെ പൂജകൾക്ക് ഗ്രഹണത്തിലും ഒരു മാറ്റവുമില്ല. ഏതൊരു സാധാരണ ദിവസം പോലെ ഗ്രഹണ ദിവസങ്ങളിലും ഇവിടെ ക്ഷേത്ര നട തുറക്കുകയും പൂജകളും പ്രാര്‍ത്ഥനകളും നടത്തുകയും ചെയ്യുന്നു. എന്നാൽ ഗ്രഹണ സമയത്ത് പുറത്തുള്ള ഗോപുര വാതിലുകള്‍ തുറക്കില്ല.
എന്തുകൊണ്ടാണ് ഗ്രഹണസമയത്തു പോലും മുടക്കമില്ലാതെ ക്ഷേത്രം തുറന്ന് പൂജകൾ നടത്തുന്നത് എന്നതിന് പിന്നിൽ ഒരു വിശ്വാസമുണ്ട്. പണ്ടൊരിക്കൽ ഒരു ഗ്രഹണദിവസം ക്ഷേത്രം അടച്ചിട്ടുവത്രെ. വളരെ നേരം നീണ്ടുനിന്ന ഗ്രഹണം കഴിഞ്ഞ് നട തുറന്നപ്പോൾ ശ്രീകൃഷ്ണന്റെ അരയിൽ കിടന്നിരുന്ന അരഞ്ഞാണം അഴിഞ്ഞ് താഴെ കിടക്കുന്നതായി കണ്ടത്രെ. ഗ്രഹണം കഴിയുന്നതു വരെ നടതുറക്കാതിരുന്നപ്പോൾ വിശന്നുവലഞ്ഞ് വയറൊട്ടിയാണ് അരഞ്ഞാണം വീണതെന്ന് പിന്നീട് പ്രശ്നത്തിൽ കണ്ടെത്തുകയും പിന്നീട് എന്തുസംഭവിച്ചാലും സ്ഥിരപൂജകൾ മുടക്കമില്ലാതെ നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു.

PC:Thiruvarppu Sreekrishna Swami Temple Facebook
ക്ഷേത്രത്തിലെത്തുവാൻ
കോട്ടയം ടൗണിൽ നിന്നും എട്ടു കിലോമീറ്റർ അകലെ തിരുവാർപ്പ് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നാഗമ്പടത്തു നിന്നും തിരുനക്കരയിൽ നിന്നും ഇവിടേക്ക് ബസുകൾ ലഭിക്കും. കുമരകം റൂട്ടിൽ വരുന്നവർക്ക് ഇല്ലിക്കൽ വഴി തിരുവാർപ്പിലെത്താം. ബോട്ടിൽ വരുന്നവർക്ക് കുമരകത്തിറങ്ങി അവിടുന്ന് ബസിൽ വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












