200 വര്‍ഷത്തെ പഴക്കം
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ട്. കൊച്ചി രാജാവായിരുന്ന ശക്തന്‍ രാജാവാണ് തൃശൂര്‍ പൂരത്തിന് തുടക്കം കുറിക്കുന്നത്. 1798ൽ കൊച്ചി രാജാവായ ശക്തൻ തമ്പുരാന്റെ കാലത്താണ് ആദ്യത്തെ തൃശൂർ പൂരം നടന്നതെന്നാണ് ചരിത്രം പറയുന്നത്.
ആ കഥ ഇങ്ങനെ
അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്ന പൂരമായിരുന്നു ആറാട്ടുപുഴ പൂരം. സമീപത്തെ മിക്ക ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന ഘോഷയാത്രകളായിരുന്നു ആറാട്ടുപുഴ പൂരത്തിന്റെ ജീവന്‍. ഭൂമിയിലെ എല്ലാ ദൈവങ്ങളും ആറാട്ടുപുഴ പൂരത്തിനെത്തുമെന്നാണ് വിശ്വാസം. ഒരിക്കല്‍, അതായത് 1796 ലെ പൂരത്തിനു അപ്പോഴുണ്ടായ കനത്ത മഴയും കാറ്റും കാരണം കുറേയേറെ ക്ഷേത്രങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങള്‍ക്കായിരുന്നു എത്തിച്ചേരുവാന്‍ സാധിക്കാതെ വന്നത്. കൃത്യമായി വരാതിരുന്നതു കാരണം ഈ ക്ഷേത്രങ്ങള്‍ക്കു പൂരത്തില്‍ നിന്നും ഭ്രഷ്ട് കൽപ്പിക്കപ്പെട്ടുവത്രെ. ഇതറിഞ്ഞ ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (972 മേടം) തൃശൂർ പൂരം ആരംഭിച്ചു.അന്നുമുതല്‍ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ് തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളികള്‍.
പൂരം നടക്കുന്നത്
മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന് തൃശൂര്‍ പൂരം നടക്കും.
പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും
പാറമേക്കാവ് ഭഗവതീ ക്ഷേത്രത്തിലെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെയും ഭഗവതിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. . തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ഒന്നായ ബാലഭദ്രകാളിയാണ് ഇവിടെ നിന്നും പൂരത്തില്‍ പങ്കെടുക്കുന്നത്. . വേറെയും എട്ടു ചെറു പൂരങ്ങള്‍ കൂടി തൃശൂര്‍ പൂരത്തിന്റെ ഭാഗമാണെങ്കിലും തൃശൂര്‍ പൂരം മുഴുവന്‍ ചുറ്റി നില്‍ക്കുന്നത് ഈ രണ്ടു ക്ഷേത്രങ്ങളിലാണ്. പൂരത്തിന്റെ പ്രത്യേക അവകാശങ്ങള്‍ പലതും ഈ രണ്ടു ക്ഷേത്രങ്ങള്‍ക്കും മാത്രമായുള്ളതാണ്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ
എട്ടു ചെറുപൂരങ്ങള്‍
എട്ടു ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായുള്ളത്. കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരത്തിനായി എത്തുന്നത്. പ്രധാന പൂര ദിവസമാണ് ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പ് നടക്കുന്നത്. ഈ പൂരങ്ങളെല്ലാം വടക്കുംനാഥന്റെ മുന്നില്‍ മാത്രമാണ് അരങ്ങേറുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
PC:Arun Jayan
പുറപ്പാട് എഴുന്നള്ളത്ത്
പൂരത്തിനു മുന്നോടിയായുള്ള ചടങ്ങുകളിലെ ആദ്യത്തേതാണ് പുറപ്പാട് എഴുന്നള്ളത്ത്, തിരുവമ്പാടി ഭഗവതിയുടെ തിടമ്പെടുത്ത് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന ചടങ്ങ് ആണിത്.
PC:Arunjayantvm
മഠത്തില്‍ വരവ്
ബ്രഹ്മസ്വം മഠത്തിൽ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തിടമ്പ് വടക്കും നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ് ആണിത്,
രാവിലെ എട്ടു മണിക്കാണ് മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. 'ഇറക്കി പൂജ' കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങൾ സ്വീകരണം) പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പൊൾ എണ്ണം 15 ആകുന്നു. മഠത്തില്‍ വരവിന്റെ പഞ്ചവാദ്യമാണ് പ്രസിദ്ധം. . 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഇതിലുണ്ടാകണമെന്നാണ് നിര്‍ബന്ധം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക എന്നിവ നിര്‍ബന്ധമാണ്. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു. തുടര്‍ന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നുതാണ് ചടങ്ങ്.
PC:Arun Jayan
പാറമേക്കാവിന്റെ പുറപ്പാട്
പാറമേക്കാവിന്റെ പൂരം തുടങ്ങുമ്പോള്‍ 12 മണി അടുപ്പിച്ചാവും. പതിനഞ്ച് ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാരവിഭൂഷിതയായി ആണ് പാറമേക്കാവ് ഭഗവതി എഴുന്നള്ളുന്നത്. ചെമ്പട മേളം, പാണ്ടി മേളം, പാണ്ടി മേളം കലാശം എന്നിവയോടെ എഴുന്നള്ളത്ത് വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തും.
PC:Arunjayantvm
ഇലഞ്ഞിത്തറ മേളം
വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ വച്ച് ഭഗവതിയുടെ എഴുന്നള്ളെത്ത് അവസാനിക്കും. തുടർന്നാണ് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം അരങ്ങേറുന്നത്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ് ഇത് ഇലഞ്ഞിത്തറ മേളം എന്നറിയപ്പെടുന്നത്. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളമാണിത്. ഉരുട്ട് ചെണ്ടക്കാർ 15 , ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ എന്നിങ്ങനെയാണ് കണക്കെങ്കിലും മിക്ക വര്‍ഷങ്ങളിലുെ അതിലധികവും ആളുകള്‍ എത്താറുണ്ട്.
തെക്കോട്ടിറക്കം
പാറമേക്കാവിലെയും തിരുവമ്പാടിയിലെയും ഭഗവതിമാർ തേക്കിൻകാട് മൈതാനത്ത് പ്രവേശിക്കുന്ന ചടങ്ങാണ് ഇത്. വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെയാണ് ഇവര്‍ പ്രവേശിക്കുന്നത്.
PC:Manojk
കൂടിക്കാഴ്ച
തേക്കിൻകാട് മൈതാനത്ത് വച്ചാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ കൂടിക്കാഴ്ച നടത്തുന്നത്.മുഖാമുഖമാണ് ഈ നില്‍പ്
PC:Manojk
മുഖാമുഖം
തൃശൂർ പൂരത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് കുടമാറ്റം. ഇരു വിഭാഗവും മത്സര ബുദ്ധിയോടെ ആനപ്പുറത്ത് വിവിധ നിറത്തിലും ഡിസൈനിലും നിർമ്മിച്ച കുടകൾ മാറി മാറി ഉയർത്തുന്ന ചടങ്ങാണ് ഇത്. ഒരു പ്രാവിശ്യം കുട ഉയർത്തിക്കഴിഞ്ഞാൽ മൂന്ന് പ്രാവിശ്യം ആലവട്ടവും വെൺചാമരവും ഉയർത്തുന്നു. തുടര്‍ന്ന് അടുത്ത് കുട ഉയർത്തും. ഈ വിധത്തിലാണ് ഇരു വിഭാഗങ്ങളും കുടമാറ്റം നടത്തുന്നത്. ഇതേത്തുടർന്ന് ചെറിയ വെടിക്കെട്ടും പഞ്ചവാദ്യവും നടക്കും. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കുടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും എന്ന പ്രത്യേകതയും ഉണ്ട്.
PC:SARATH SOMAN P
വെടിക്കെട്ട്
പൂരത്തിന്റെ പ്രധാന ആകര്‍ഷണമാണ് വെടിക്കെട്ട്. വെളുപ്പിന് മൂന്നു മണിയോടെയാണ് വെടിക്കെട്ട് ആരംഭിക്കുന്നത്.
PC:The.Radiance.Photography
പകല്‍പ്പൂരം
പൂരം നാളിൽ പകൽ നടക്കുന്ന പൂരമാണ് പകൽപ്പൂരം. പാണ്ടിമേളവും കുടമാറ്റവും പകൽപ്പൂരത്തിന് ഉണ്ടാകും. മാത്രമല്ല ചെറിയ ഒരു വെടിക്കെട്ടും ഉണ്ടാകും. തുടന്ന് ഇരു ക്ഷേത്രങ്ങളിലേയും ദേവിമാർ അടുത്ത പൂരത്തിന് കാണാം എന്ന് പറഞ്ഞ് ഉപചാരം ചൊല്ലി പിരിയുന്നതോടേ തൃശൂർ പൂരം അവസാനിക്കും.
PC:Jigesh
തൃശൂർ പൂരം 2024
2024 ഏപ്രിൽ 19 വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ തൃശൂർ പൂരം നടക്കുന്നത്. രാവിലെ ആറിന് ചെറുപൂരങ്ങള്‍ തുടങ്ങും. രാവിലെ 11ന് മഠത്തില്‍ വരവ്, ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളം, വൈകിട്ട് ആറിന് വര്‍ണക്കാഴ്ചയൊരുക്കുന്ന പൂരം കുടമാറ്റം എന്നിവയും നടക്കും.
20 ശനിയാഴ്ച പുലർച്ചെ മൂന്നു മണിക്ക് വെടിക്കെട്ട് , രാവിലെ 6.00 മുതൽ പകൽപ്പൂരം, എന്നിവയ്ക്ക് ശേഷം ച്ചയ്ക്ക് പന്ത്രണ്ടോടെ ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയും.