മഴക്കാലത്തെ ഇടുക്കി മൊത്തത്തിൽ ഒരു മിടുമിടുക്കിയാണ്. തണുപ്പും കുളിരും മാത്രമല്ല, പച്ചപ്പിനും കോടമഞ്ഞിനും ഒരല്പം കട്ടികൂടുതലുണ്ട് ഈ സമയത്ത്. സ്ഥിരം കാഴ്ചകളേക്കാൾ മഴയിൽ കാഴ്ചകളും ഇവിടെ അധികമുണ്ട്. മറ്റൊന്നുമല്ല, നിറഞ്ഞ് കവിഞ്ഞ് ആരവത്തോടെ ഒഴുകിയെത്തി പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍. എന്തൊക്കെ പറഞ്ഞാലും ഏതൊക്കെ സ്ഥലങ്ങൾ കാണാനുണ്ടെങ്കിലും ഈ മൺസൂണിൽ ഇടുക്കിയിൽ കണ്ടിരിക്കേണ്ടത് ഇവിടുത്തെ ആവേശം നിറയ്ക്കുന്ന വെള്ളച്ചാട്ടങ്ങളാണ്.
കണക്കു നോക്കിയാൽ വലുപ്പചെറുപ്പമില്ലാതെ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങളാണ് ഇടുക്കി ജില്ലയ്ക്ക് സ്വന്തമായുള്ളത്. ഇതെല്ലാം കാണേണ്ടതു തന്നെയാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പതഞ്ഞൊഴുകുന്ന പളുങ്കുപോലത്തെ വെള്ളവും അതിനു ചുറ്റിലുമുള്ള കാഴ്ചകളും ഒപ്പം വിളിക്കാതെ എത്തുന്ന മഴയും കണ്ട് ആസ്വദിക്കാൻ പറ്റിയ ഇടുക്കിയിലെ അഞ്ച് കിടിലൻ വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം.

1. ചുനയംമാക്കല്‍ വെള്ളച്ചാട്ടം
ഒരു വെള്ളച്ചാട്ടം മാത്രമല്ല. ഓഫ്റോഡ് യാത്രയും സാഹസിക അനുഭവങ്ങളും ഒക്കെയുള്ള ഒരു കംപ്ലീറ്റ് പാക്കേജാണ് ചുനയംമാക്കല്‍ വെള്ളച്ചാട്ടം തരുന്നത്. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്‍റെ ഭാഗമായ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിലേക്ക് വെള്ളത്തൂവലില്‍ നിന്നും കുഞ്ചിത്തണ്ണിയിലേക്കുള്ള റൂട്ട് വഴിയാണ് എത്തേണ്ടത്. മഴയെത്തിയപ്പോൾതന്നെ സഞ്ചാരികളെ വരവേൽക്കാൻ ഇവിടവും ഒരുങ്ങിക്കഴിഞ്ഞു. മുതിരപ്പുഴയാറിന്‍റെ ഭാഗമായ വെള്ളച്ചാട്ടം ഏകദേശം 100 അടി ഉയരത്തിൽ നിന്നാണ് പതിക്കുന്നത്. താഴെ, പാറക്കെട്ടിലേക്ക് വീഴുന്നതിനാൽ ഒരു മഴ പെയ്ത അനുഭവമാണ് സന്ദര്‍ശകർക്ക് കിട്ടുന്നത്.
മുതിരപ്പുഴയാറിന്‍റെ ഭാഗമായ ചുനയംമാക്കൽ വെള്ളച്ചാട്ടം അപകട സാധ്യത കുറഞ്ഞ ഇടം കൂടിയാണ്.
കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാട് റോഡില്‍ എല്ലക്കല്ലില്‍ വന്ന് അവിടുന്ന് പോത്തുപാറ വഴി ഇവിടേക്ക് വരാം. മൂന്നാർ യാത്ര കഴിഞ്ഞ് മടങ്ങുംവഴിയും ഇവിടേക്ക് എത്താം. മൂന്നാറിൽ നിന്നും ചുനയംമാക്കൽ വെള്ളച്ചാട്ടത്തിലേക്ക് 20.8 കിലോമീറ്റർ ദൂരമുണ്ട്.
2. ചില്ലിത്തോട് വെള്ളച്ചാട്ടം
ഇടുക്കിയിലെ ഓഫ്ബീറ്റ് വെള്ളച്ചാട്ടങ്ങളിലൊന്നാണ് ചില്ലിത്തോട് വെള്ളച്ചാട്ടം. മഴക്കാലത്ത് മാത്രം സജീവമാകുന്ന ഈ വെള്ളച്ചാട്ടം അടിമാലിക്ക് സമീപം ഇരുമ്പ് പാലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റിലും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന, പാറക്കെട്ടുകൾക്കു നടുവിലൂടെ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടിന്‍റെ കാഴ്ച രസകരമാണ്. ഏകദേശം 250 ഓളം അടി ഉയരത്തില്‍ നിന്നുമാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. മറ്റുപല വെള്ളച്ചാട്ടങ്ങളെയും പോലെ ഒരുപാട് ദൂരം ഇത് കാണാനായി പോകേണ്ട. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഇരുമ്പുപാലത്തു നിന്നും അരകിലോമീറ്റര്‍ ദൂരമേയുള്ളൂ ചില്ലിത്തോട് വെള്ളച്ചാട്ടത്തിലേക്ക്.

3. പാലൊഴുകുംപാറ വെള്ളച്ചാട്ടം
മഴക്കാലത്ത് മനോഹരിയാകുന്ന, പാൽപോലെ പതഞ്ഞ് താഴേക്ക് പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വാഗമണ്ണിലെ പാലൊഴുകുംപാറ വെള്ളച്ചാട്ടം. വാഗമൺ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന പാലൊഴുകുംപാറ വാഗമണ്ണിൽ നിന്നും പത്ത് കിലോമീറ്റർ ദൂരയാണുള്ളത്. മഴപെയ്യുമ്പോൾ മാത്രം സജീവമാകുന്നതിനാൽ ഇവിടെ എത്തുന്നവരും ചുരുക്കമാണ്. ഓഫ്റോഡിനും ട്രെക്കിങിനും അനുയോജ്യമായ ഇടം കൂടിയാണിത്. വാഗമണ്ണിൽ നിന്നും ഏലപ്പാറ റോഡ് വഴിയാണ് ഇവിടേക്ക് എത്തേണ്ടത്.
4. പുന്നയാർ വെള്ളച്ചാട്ടം
ഇടുക്കി കഞ്ഞിക്കുഴിക്ക് സമീപം സ്ഥിതി ചെയ്യുന്ന പുന്നയാർ വെള്ളച്ചാട്ടം ഇടുക്കിക്കാരുടെ അതിരപ്പിള്ളി എന്നാണ് അറിയപ്പെടുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ പച്ചപ്പിനു നടുവിൽ പാറക്കെട്ടുകളിലേക്ക് പതിക്കുന്നതാണ് പുന്നയാറും. കൊച്ചതിരപ്പിള്ളി എന്നും ഇതിനെ സഞ്ചാരികൾ വിളിക്കുന്നു.
കല്ലും പാറക്കെട്ടും ഒക്കെ ചവിട്ടിവേണം വെള്ളച്ചാട്ടത്തിലെത്തുവാൻ. അതുകൊണ്ട് വെള്ളച്ചാട്ട ട്രെക്കിങ്ങാണ് ഈ യാത്ര നിങ്ങൾക്കു നല്കുന്ന അനുഭവം. എപ്പോൾ വേണമെങ്കിലും വരാൻ സാധിക്കുമെങ്കിലും മഴക്കാലം തന്നെയാണ് ഏറ്റവും അനുയോജ്യം.
തൊടുപുഴ വണ്ണപ്പുറത്തു നിന്നും 40 കിലോമീറ്റര് അകലെയുള്ള ഇവിടം ഇടുക്കിയിലെ ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനമാണ്.കഞ്ഞിക്കുഴിയിൽ നിന്നും ആലപ്പുഴ- മധുര സംസ്ഥാനപാതയിലൂടെ വന്ന് വട്ടോമ്പാറ എന്ന ബസ് സ്റ്റോപ്പിൽ ഇറങ്ങിയാണ് ഇവിടേക്ക് വരേണ്ടത്. അടിമാലിയിൽ നിന്ന് കല്ലാറൂട്ടി-കീരിത്തോട് വഴിയും പുന്നയാർ വെള്ളച്ചാട്ടത്തിലേക്ക് വരാം. 21 കിലോമീറ്ററാണ് ദൂരം.
5. ശ്രീനാരായണപുരം വെള്ളച്ചാട്ടം
മഴക്കാലത്ത് ഇടുക്കിൽ കാണേണ്ട മറ്റൊരു വെള്ളച്ചാട്ടമാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം. റിപ്പിൾ വാട്ടർ ഫാൾസ് എന്ന പേരും ഇതിനുണ്ട്
ഒറ്റ മഴപെയ്താൽ മതി ശ്രീനാരായണപുരം സജീവമാകുവാൻ. മുതിയപ്പുഴയാറിന്‍റെ ഭാഗമായ വെള്ളച്ചാട്ട കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽനിന്നു കുഞ്ചിത്തണ്ണി വഴി രാജാക്കാട്ടേക്കു പോകുന്ന വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. തട്ടുതട്ടായുള്ള അഞ്ച് വെള്ളച്ചാട്ടങ്ങളാണ് ഇവിടെ കാണാനുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












