മഞ്ഞുകാലമായാൽ വാഗമണ്ണിന്‍റെ മുഖം ആകെ മാറും. പെട്ടന്നു വരുന്ന വൈകുന്നേരങ്ങൾ, ഇരുട്ട്, കോടമഞ്ഞ്, തണുപ്പ്. അങ്ങനെ സഞ്ചാരികളെ നേരെ ബാഗും തൂക്കി ഇറങ്ങാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ഒത്തിരി ഇവിടെയുണ്ട്. കൂൾ സീസണിൽ ഒന്നു ചായ കുടിക്കാനിറങ്ങി വാഗമൺ എത്തുന്നവർ മുതൽ ഇവിടം ഈ സീസണിൽ ഒരിക്കലെങ്കിലും കണ്ടേ തീരു എന്ന വാശിയിൽ എത്തുന്നവരെ വരെ കാണാം.
തണുപ്പുകാലത്ത് വാഗമൺ എങ്ങനെ മാറുന്നുവെന്ന് നിങ്ങൾക്ക് നിങ്ങൾക്ക് ഇവിടേക്ക് എത്തുന്ന വഴി തന്നെ മനസ്സിലാകും. വൈകിട്ട് ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയി വഴി വന്ന് ആറ് മണി ആകുമ്പോഴേയ്ക്കും നേരമിരുട്ടിത്തുടങ്ങും. കയറിപ്പോകുന്ന വഴികൾ മിക്കവാറും കോടമഞ്ഞിലായിരിക്കും. അകവും പുറവും ഒരുപോലെ തണുപ്പിക്കുന്ന ഇവിടെ ഇപ്പോൾത്തന്നെ സഞ്ചാരികളുടെ തിരക്കും തുടങ്ങി. വാഗമണ്‍ പോകാൻ പ്ലാൻ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഇത് തന്നെയാണ് പറ്റിയ സമയം.
സോളോ യാത്രയാണെങ്കിലും ഹണിമൂൺ യാത്രയാണെങ്കിലും അതല്ല, കൂട്ടുകാര്‍ക്കൊപ്പം വന്ന് ചില്ലായി ആഘോഷിക്കാനാണെങ്കിലും അതൊന്നുമല്ല, വീട്ടുകാരെയും കൂട്ടി ഒരു സമാധാനത്തിലുള്ള,രസകരമായ യാത്ര പ്ലാൻ ചെയ്യുന്നവർക്കും ഉറപ്പായും പരീക്ഷിക്കാവുന്ന ലക്ഷ്യസ്ഥാനമാണ് വാഗമണ്‍. പ്രത്യേകിച്ച് നവംബർ മുതലുള്ള ഈ സീസൺ. തണുപ്പിങ്ങനെ കയറിയെത്തുന്ന സമയമാണ് വാഗമണ്ണിനെ അതിന്‍റെ മുഴുവൻ ബ്യൂട്ടിയിലും കാണാൻ സാധിക്കുക.
ചില്ലുപാലം അഥവാ ഗ്ലാസ് ബ്രിഡ്ജ് പ്രവേശനം പുനരാരംഭിച്ചതോടെ പൊതുവേ ഈ സമയത്ത് അനുഭവപ്പെടുന്നതിനേക്കാൾ തിരക്കാണ് വാഗമണ്ണിൽ. യുവാക്കൾ മാത്രമല്ല, കുട്ടികളെയും മുതിർന്നവരെയും കൂട്ടി വരുന്ന ഫാമിലി യാത്രികരാണ് ഇവിടെ അധികവുമെത്തുന്നത്. ചില്ലുപാലം കാണാനായി മാത്രം വാഗമൺ തിരഞ്ഞെടുത്തവരും ഉണ്ട്. കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം കാണാൻ വരുമ്പോൾ ഇവിടെ മറ്റു കാഴ്ചകളും ആക്റ്റിവിറ്റികളും റൈഡുകളും ആസ്വദിക്കാം.
സിപ്‌ലൈൻ, ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, പാരാ ഗ്ലൈഡിങ്, ജയന്റ് സ്വിങ് എന്നിങ്ങനെ പേരുപോലെ തന്നെ അഡ്വഞ്ചർ ആണ് ഇവിടെ ചെയ്യാനുള്ളതും.
ചില്ലുപാലത്തിൽ 15 മിനിറ്റ് സമയമാണ് ഒരാൾക്ക് ചെലവഴിക്കാൻ സാധിക്കുക. വാഗമണ്ണിലെയും സമീപപ്രദേശങ്ങളുടെയും ഒരു ആകാശകാഴ്ചതന്നെ ഇതിൽ നിന്നുകാണാം. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്‍റിലിവർ ചില്ലുപാലമാണ് വാഗമണ്ണിലേത്.
വാഗമണ്ണിലെ സ്ഥിരം സന്ദർശകർക്ക് മൊട്ടക്കുന്നിൽ പുതുമയൊന്നും തോന്നില്ലെങ്കിലും ഇവിടുത്തെ തിരക്കേറിയ സ്ഥലമാണ് മൊട്ടക്കുന്ന്. മറ്റിടങ്ങളെല്ലാം കണ്ട് വന്ന് വിശ്രമിക്കാനും കുറച്ചുനേരം വെറുതേ വന്നിരിക്കാനും കുട്ടികളെയുംകൂട്ടി വരുമ്പോൾ അവർക്ക് കളിച്ചുനടക്കാനായി വിശാലസ്ഥലമുള്ളതുമെല്ലാം ഇവിടേക്ക് വരാനുള്ള കാരണങ്ങളാണ്. തിരക്കുണ്ടെങ്കിലും കണ്ണെത്താദൂരത്തോളം വിശാലമായി കിടക്കുന്ന ഇടമായതിനാൽ വല്യ ബഹളങ്ങൾ ഇഷ്ടമല്ലാത്തവർക്കും ഇവിടേക്ക് വരാം.
വാഗമണ്ണിനെ നന്നായി അറിയാത്തർ പലപ്പോഴും മൊട്ടക്കുന്നും വാഗമൺ ലേക്കും പൈൻ ഫോറസ്റ്റും അഡ്വഞ്ചർ പാർക്കും പോലുള്ള കാഴ്ചകൾ മാത്രം കണ്ട് യാത്രയവസാനിപ്പിച്ച് മടങ്ങുകയാണ് പതിവ്. എന്നാൽ ഇതിനപ്പുറം നിരവധി സ്ഥലങ്ങളാലും കാഴ്ചകളാലും വെള്ളച്ചാട്ടങ്ങൾക്കൊണ്ടും വാഗമൺ സമ്പന്നമാണ്. കാരിക്കാട് ടോപ്പ് ചെല്ലുമ്പോഴുള്ള വ്യൂ പോയിന്‍റ്, വാഗമണ്ണിൽ നിന്നും പുള്ളിക്കാനം ഏലപ്പാറ റൂട്ടിലെ കപ്പക്കാനം ടണൽ 150അടി ഉയരത്തിൽ നിന്നും പതിക്കുന്ന പാലൊഴുകുംപാറ വെള്ളച്ചാട്ടം, തങ്ങൾപാറ, ഈരാറ്റുപോട്ട-വാഗമൺ റൂട്ടിലെ മാർമല വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളും നിങ്ങളുടെ യാത്രയിൽ ഉൾപ്പെടുത്താം.
എന്തുകൊണ്ട് തണുപ്പുകാലം
ഒരു ഹിൽസ്റ്റേഷൻ ആയതുകൊണ്ടുതന്നെ വാഗമൺ കാണാൻ പറ്റിയ സമയം മഞ്ഞുകാലമാണ്. നവംബർ മുതൽ ഫെബ്രുവരി അവസാനം വരെ ഇവിടെ പൊതുവേ തണുപ്പും കുളിരുമുള്ള കാലാവസ്ഥ ആയിരിക്കും. ഇവിടുത്തെ മലകളും ആംബിയന്‍സും രാത്രിയിലെ കൊടുംതണുപ്പും കുളിരു നിറഞ്ഞ പുലരികളും ആസ്വദിക്കാൻ ഈ സമയത്ത് തന്നെ വരണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













