വൈക്കം കാത്തിരിപ്പിലാണ്. 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കു പുറത്ത് പാട്ടിന്‍റെ വിശ്വാസ രഹസ്യങ്ങളിലേക്ക് വിശ്വാസികൾ നാടുകൾ കടന്നെത്തുന്ന നേരം. ഭദ്രകാളിയുടെ ആരാധനയും ദേവീസ്തുതികളുമായി ക്ഷേത്രം മുഖരിതമാകുന്ന ദിവസങ്ങളാണ് ഇനി വരുന്നത്. കളമെഴുത്തും പാട്ടു ചേരുന്ന അന്തരീക്ഷമാകും ഇനി ദിവസങ്ങളോളം വൈക്കം ക്ഷേത്രത്തിന്.
മീനമാസത്തില് കാർത്തിക നാളിൽ തുടങ്ങുന്ന വടക്കുപുറത്ത് പാട്ട് വളരെ ഭക്തി പൂർവ്വമുള്ള ചടങ്ങുകളാണ്. ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി പന്ത്രണ്ട് ദിവസം പാട്ടും അവസാന ദിവസം വടക്കുപുറത്തു ഗുരുതിയും ചേരുന്നതാണ് ചടങ്ങുകള്‍. കൊടങ്ങല്ലൂരമ്മയുടെ സാന്നിധ്യമാണ് ഇതിലെ മറ്റൊരു കാര്യം.
വടക്കുപുറത്ത് പാട്ട് 2025
വ്യാഴവട്ടക്കാലത്ത് ഒരിക്കൽ മാത്രം നടക്കുന്ന വടക്കു പുറത്ത് പാട്ട് ഏപ്രിൽ 2ന് ആരംഭിച്ച് 13ന് ഗുരുതിയോടെ സമാപിക്കും. വടക്കു പുറത്ത് പാട്ടിന്റെ മുന്നോടിയായുള്ള ദേശതാലപ്പൊലി മാർച്ച് 30, ഏപ്രിൽ 1 തീയതികളിൽ നടക്കും.. ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് ദേശതാലപ്പൊലി നടത്തും.
പാട്ടും കളമെഴുത്തും ചേരുന്നതാണ് വടക്കു പുറത്ത് പാട്ട് ചടങ്ങുകൾ. ഭഗവതിയുടെ രൂപമാണ് ഓരോ ദിവസവും വരയ്ക്കുന്നത്. ഏപ്രിൽ 2 മുതൽ 5 വരെ 8 കൈകളിൽ ആയുധമേന്തിയ ഭദ്രകാളിയുടെ രൂപം പഞ്ചവർണ്ണ പൊടികൾ ഉപയോഗിച്ച് വരയ്ക്കും.
ഏപ്രിൽ 6 മുതൽ 9 വരെ 16 കൈകളിൽ ആയുധമേന്തിയ ഭദ്രകാളിയുടെ രൂപവും 10 മുതൽ 12 വരെ 32 കൈകളിൽ ആയുധമേന്തിയ ഭദ്രകാളിയുടെ രൂപവും അവസാന ദിവമായ 13ന് 64 കൈകളിൽ ആയുധമേന്തി വേതാളത്തിന് പുറത്തിരിക്കുന്ന ഭദ്രകാളിയുടെ രൂപവുമാണ് വരയ്ക്കുന്നത്. ഭഗവതിയുടെ വിശ്വരൂപമാണിത്. ഏകദേശം നാല് മണിക്കൂറോളം സമയമാണ് കളം വരയ്ക്കുവാനായി വേണ്ടത്.
വ്രതം നോറ്റെത്തുന്നവർക്ക് വിളക്കെടുക്കാം
വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായ എതിരേല്‍പ്പ് ചടങ്ങിന് , വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കാന്‍ സാധിക്കും. വടക്കുപുറത്തുപാട്ട് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിലുള്ളവര്‍ക്കൊപ്പം, വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കാം. വടക്കുപുറത്ത് പാട്ട് തുടങ്ങുന്ന ഏപ്രില്‍ 2 ബുധനാഴ്ച മുതൽ വടക്കേനടയിലെ കൊച്ചാലുംചുവട് സന്നിധിയില്‍നിന്നും കൊടുങ്ങല്ലൂരമ്മയെ, കുത്തുവിളക്കുമായി സ്ത്രീകള്‍ ക്ഷേത്രത്തിലേക്കാനയിക്കും
ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്
വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ട് ചടങ്ങുകളുടെ ഭാഗമായി എക്സ്പ്രസ് ട്രെയിനുകൾക്ക് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിക്കും. പരശുറാം എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് താത്കാലിക സ്റ്റോപ്പ് നല്കിയിട്ടുള്ളത്.
ട്രെയിൻ നമ്പർ 16650 കന്യാകുമാരി- മംഗളൂരു സെന്‍ട്രൽ പരശുറാം എക്സ്പ്രസിന് ഏപ്രിൽ 11 മുതൽ 13 വരെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ഒരു മിനിറ്റ് സ്റ്റോപ്പ് ഉണ്ടായിരിക്കും. രാവിലെ 9.48 ന് എത്തുന്ന ട്രെയിൻ 9.49ന് യാത്ര പുനരാരംഭിക്കും.
ട്രെയിൻ നമ്പർ 16649 മംഗളൂരു സെന്‍ട്രൽ കന്യാകുമാരി പരശുറാം എക്സ്പ്രസ് ഏപ്രിൽ 11 മുതൽ 13 വരെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ഒരു മിനിറ്റ് നിർത്തും. ഉച്ചകഴിഞ്ഞ് 2.55 ന് എത്തുന്ന ട്രെയിൻ 2.56 ന് പുറപ്പെടും.
ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം സെൻട്രൽ - സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് ഏപ്രിൽ 11 മുതൽ 13 വരെ വൈക്കത്ത് സ്റ്റോപ്പ് ഉണ്ടായിരിക്കും, രാവിലെ 10.00 ന് എത്തുന്ന ട്രെയിൻ 10.01 ന് യാത്ര പുനരാരംഭിക്കും
ട്രെയിൻ നമ്പർ 17230 സെക്കന്ദരാബാദ് - തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് ഏപ്രിൽ 11 മുതൽ 12വരെ വരെ ഉച്ചയ്ക്ക് 12.34 ന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി 12.35 ന് പുറപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













