വൈക്കം കാഴ്ചകൾ
വൈക്കം കാണാനായി എത്തുന്നവർ പൊതുവേ കുറവാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ ഒരിക്കൽ കണ്ടാൽ മനസ്സു മാറും. വീണ്ടും വീണ്ടും വരുവാൻ തോന്നിപ്പിക്കുന്നത്രയും പ്രത്യേകതയുള്ള നാടാണ് വൈക്കം.
PC:Kerala Tourism
വൈക്കത്തെ സൂപ്പർ കായൽ യാത്ര
വൈക്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ഇവിടുത്തെ കായൽ യാത്ര. കുമരകത്തു കൂടിയുള്ള മിക്ക കായൽയാത്രകളും വൈക്കം വഴി കടന്നു പോകുന്നതിനാൽ സഞ്ചാരികൾക്കിടയിൽ ഇവിടം അറിയപ്പെടുന്നതാണ്.
PC:Praanthan.
ദക്ഷിണ കാശി
ഹൈന്ദവ വിശ്വാസികൾക്കിടയിൽ വൈക്കം അറിയപ്പെടുന്നത് ദക്ഷിണകാശി എന്ന പേരിലാണ്. അതിനു കാരണമാകട്ടെ വൈക്കം മഹാദേവ ക്ഷേത്രവും. കേരളത്തിലെ ഏറ്റവും പ്രശസ്ത ശിവക്ഷേത്രങ്ങളിലൊന്നായാണ് വൈക്കം ശിവക്ഷേത്രം അറിയപ്പെടുന്നത്.
PC:Ainis
വൈക്കം ശിവക്ഷേത്രം
മഹാദേവന്റെ ദർശനം ലഭിച്ച പ്രശസ്തമായ ഇടങ്ങളിലൊന്നായാണ് വൈക്കം ശിവക്ഷേത്രം അറിയപ്പെടുന്നത്. എട്ടേക്കറോളം വരുന്ന സ്ഥലത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പൂജകൾക്കും ആചാരങ്ങൾക്കും ഒക്കെ പേരുകേട്ട ക്ഷേത്രമാണ്.
PC:Sivavkm
അന്നദാനപ്രഭുവിന്റെ നാട്
അന്നദാന പ്രഭുവെന്നറിപ്പെടുന്ന വൈക്കത്തപ്പന്റെ ഈ ക്ഷേത്രം ദേവശില്പയിയ വിശ്വകർമ്മാവിനെകൊണ്ട് പരശുരാമൻ നിർമ്മിച്ചതാണ് എന്നാണ് വിശ്വാസം. ശിവൻ സ്വയം സംതൃപ്തനായി കണ്ടെത്തിയ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ വിശ്വാസികൾക്കും ഇവിടെ വളരെ പ്രിയപ്പെട്ട ഇടമാണ്.
PC:Georgekutty
വേമ്പനാടിന്റെ സൗന്ദര്യം കാണുവാൻ
കുമരകത്തു നിന്നും ചേർത്തലയിൽ നിന്നും ഒക്കെയുള്ള ബോട് യാത്രകൾ കടന്നു പോകുന്ന ഇടമാണ് വൈക്കം. അതുകൊണ്ടുതന്നെ കേരളത്തിലെ കായൽ കാഴ്ചകൾ കാണുവാനും അത് അനുഭവിക്കാനുമായാണ് ഈ വഴി ആളുകൾ തിരഞ്ഞെടുക്കുന്നത്. വേമ്പനാട് കായലിന്റെ സൗന്ദര്യം മുഴുവൻ നിറഞ്ഞു കിടക്കുന്ന ഇടമായതിനാൽ ഓരോ കോണിലും ഇവിടെ ഇഷ്ടംപോലെ കാഴ്ചകൾ കാണുവാൻ സാധിക്കും.
PC:James Burke
വണ്ടി ഇനി പാലാക്കരിയിലേക്ക്
വൈക്കം സഞ്ചാരികൾക്കായി ഒരുക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് പാലാക്കരി ഫിഷ് ഫാം.
കായലിന്റെ കാഴ്ചകൾ കാണുവാനും കാറ്റേറ്റ് വിശ്രമിക്കുവാനും മീൻ പിടിക്കുവാനും സൂപ്പർ ഭക്ഷണം ആസ്വദിക്കുവാനും ഒക്കെ സാധിക്കുന്ന ഒരിടമാണിത്. മത്സ്യഫെഡ് അക്വാ ടൂറിസം സെന്‍ററിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ഫിഷ് ഫാമാണിത്.
PC: Official Site
ഒരിക്കൽ എത്തിയാൽ
ഒരിക്കൽ ഇവിടെ വന്നാൽ വീണ്ടും വീണ്ടും വരുവാൻ തോന്നിപ്പിക്കുന്ന ഒരിടമാണ് പാലാക്കരി എന്നാണ് ഇവിടെ എത്തുന്നവരുടെ അനുഭവം. കായൽക്കാഴ്ചകൾക്ക് ഇത്രയധികം ഭംഗി ഉണ്ടോ എന്നു തോന്നിപ്പിക്കുന്നയത്രയും മനോഹരമാണ് ഇവിടം.
PC:Sivavkm
മീൻ പിടിക്കാം ഊഞ്ഞാലാടാം
എത്ര പ്രായമായവരെ പോലും വീണ്ടു കുട്ടികളാക്കുന്ന മാജിക് ഒളിപ്പിച്ചിരിക്കുന്ന പാലാക്കരി ഇവിടെ എത്തുന്നവർക്ക് ഒരുപാട് കാര്യങ്ങൾ നല്കുന്നു. രാവിലെ എത്തിയാൽ മാത്രമേ ഇവിടുത്തെ കാഴ്ചകൾ പൂർണ്ണമായും കണ്ടുതീർക്കുവാന്‍ സാധിക്കൂ. ഉച്ചവരെ ബോട്ട് യാത്ര നടത്താം. അതുകഴിഞ്ഞ് ഇവിടെ നിന്നും ഭക്ഷണവും കഴിച്ച് വിശ്രമിക്കാം. പിന്നീട് ഇനിയും മടുക്കാത്തവർക്ക് മീൻ പിടിക്കുവാനും വലയൂഞ്ഞാലാടുവാനും പട്ടം പറത്തുവാനും നീന്തുവാനും ഒക്കെയുള്ള സൗകര്യങ്ങളുണ്ട്.
PC: Official Site
200 രൂപയ്ക്ക് പൊളിക്കാം
ഇത്രയും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഇവിടെ ഇതിനെല്ലാമായി വാങ്ങുന്നത് വെറും 200 രൂപ മാത്രമാണ്. ഉച്ച ഭക്ഷണവും ബോട്ട് യാത്രയും ഉൾപ്പെടെയാണിത്. രാവിലെ 10.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇവിടുത്തെ സന്ദർശന സമയം. മുതിർന്ന ആളുകൾക്കാണ് 200 രൂപ. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈടാക്കുന്നത് 150 രൂപയാണ്. ഇനി വൈകിട്ട് മാത്രമേ എത്താൻ സാധിക്കുകയുള്ളൂ എന്നാണെങ്കിലും കുഴപ്പമിലല്. വൈകിട്ട് 3.00 മുതൽ 6.00 വരെ മാത്രമായി ഇവിടെ ചിലവഴിക്കുവാൻ 50 രൂപയാണ് നല്കേണ്ടത്. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 25 രൂപ മതിയാകും.
PC: official Site
ചെമ്പ്
വൈക്കത്തിന്റെ കാര്യം പറയുമ്പോൾ തന്നെ കൂടെ ചേർക്കുന്ന സ്ഥലമാണ് ചെമ്പ്. മലയാളത്തിലെ മഹാനടനായ മമ്മൂട്ടിയുടെ ജന്മസ്ഥലം എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്. പുഴയും കായലും തെങ്ങിൻ തോപ്പുകളും ഒക്കെ ചേർന്ന് വളരെ മനോഹരമായ ഒരു ഗ്രാമമാണിത്.
ടിവി പുരം
വൈക്കത്തെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ടിവിപുരം. വൈക്കത്തെ മറ്റു പ്രധാനപ്പെട്ട ഇടങ്ങളെപ്പോലെ തന്നെ കായലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഇവിടം മൂന്നു വശങ്ങളും കായലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടമാണ്. തിരുമണി വെങ്കിടപുരം എന്നാണ് ഈ സ്ഥലത്തിന്റെ മുഴുവൻ പേര്.
PC:Vishnubonam