വന്ദേ ഭാരത് ട്രെയിൻ സർവീസുകളെ ഏറ്റവും വിജയകരമാക്കിയ സംസ്ഥാനമാണ് കേരളം. സ്ഥിരം സർവീസുകളായ തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരതും തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരതും കൂടാതെ കഴിഞ്ഞ വർഷം താത്കാലികമായി സർവീസ് നടത്തിയ എറണാകുളം- ബെംഗളൂരു വന്ദേ ഭാരതും യാത്രക്കാർ ഏറ്റെടുത്ത് ഹിറ്റാക്കിയിരുന്നു. ആവശ്യത്തിന് സീറ്റ് ലഭ്യമല്ല എന്നത് മാത്രമായിരുന്നു യാത്രക്കാരുടെ പരാതി. ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സ്ഥിരം സർവീസാക്കി മാറ്റണമെന്നത് വളരെക്കാലമായുള്ള ആവശ്യമാണ്.
സർവീസ് നടത്തിയത് കുറച്ചുദിവസങ്ങൾ മാത്രമാണെങ്കിലും റെയിൽവേയ്ക്ക് ലാഭം മാത്രം സമ്മാനിച്ച ട്രെയിൻ ആയിരുന്നു എറണാകുളം- ബെംഗളൂരു വന്ദേ ഭാരത്.
ഇപ്പോഴിതാ, ഈ സർവീസിൽ ഒരു അനുകൂലവാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സർവീസ് വീണ്ടും ആരംഭിക്കുവാനുള്ള സാധ്യതകളാണ് റിപ്പോർട്ടുകള് സൂചിപ്പിക്കുന്നത്. എന്നാല്‍ എറണാകുളത്ത് നിന്ന് ആരംഭിക്കുന്നതിന് പകരം തിരുവനന്തപുരം- ബെംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് തുടങ്ങാനുള്ള സാധ്യതകളാണുള്ളത്.

തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന മീറ്റിങ്ങിലാണ് ബെംഗളൂരു വന്ദേ ഭാരതിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നത്. ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് ആരംഭിക്കുമോയെന്നതിന് ബെംഗളൂരു ഡിവിഷനിൽ നടക്കുന്ന സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതനുസരിച്ച് തിരുവനന്തപുരം - ബാംഗ്ലൂർ സെക്ടറിൽ പുതിയ വന്ദേ ഭാരത സർവീസ് ആരംഭിക്കുവാനുള്ള സാധ്യത പരിശോധിക്കാം എന്നാണ് റെയിൽവേയുടെ മറുപടി.
തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് ആരംഭിക്കുന്നത് കേരളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്ര ഏറെ എളുപ്പമാക്കും. ഐടി ജീവനക്കാരും കമ്പനികളും ഏറെയുള്ള ഇരു നഗരങ്ങളും തമ്മിൽ വന്ദേ ഭാരത് വഴി ബന്ധിപ്പിക്കപ്പെട്ടാൽ വേഗത്തിലുള്ള യാത്ര മാത്രമല്ല, ബിസിനസ്, വാണിജ്യ സാധ്യതകളും വളരും. നിലവിൽ ട്രെയിനുകളും ബസുകളും ആണ് യാത്രക്കാർ ഈ റൂട്ടിൽ ആശ്രയിക്കുന്നത്. വിമാനസർവീസുകൾ നിരവധിയുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് ലാഭകരം ബസും ട്രെയിനും തന്നെയാണ്.
നേരത്തെ, കേരള - കര്‍ണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കണമെന്ന് സുരേഷ് കൊടിക്കുന്നിൽ എംപി കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അനുയോജ്യനായ തീരുമാനം ഉണ്ടാകുമെന്നാണ് അന്ന് മന്ത്രി അറിയിച്ചത്.
കഴിഞ്ഞ വർഷം ഓണം സീസണിന് മുൻപാണ് എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് സർവീസ് നടത്തിയത്. ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 05.30 ന് പുറപ്പെടുന്ന 06002 ബെംഗളുരു-എറണാകുളം വന്ദേ ഭാരത് ഉച്ചകഴിഞ്ഞ് 2.20 ന് എറണാകുളത്ത് എത്തും. വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലായിരുന്നു സർവീസ്.
ബെംഗളുരു കന്റോണ്‍മെന്റ് 05.30 am,
സേലം - 8.58 am, ഈറോഡ് - 9.50 am,
തിരുപ്പൂര്‍ - 10.33 am,പോത്തന്നൂര്‍ - 11.15 am,
പാലക്കാട് - 12.08 pm,തൃശൂര്‍ - 1.18 pm,
എറണാകുളം - 2.20 pm എന്നിങ്ങനെയായിരുന്നു സമയക്രമം.
എറണാകുളത്ത് നിന്ന് ബുധന്‍, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50 ന് പുറപ്പെടുന്ന 06001 എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് രാത്രി 10.00 മണിക്ക് ബെംഗളൂരു കന്‍റോൺമെന്‍റിലെത്തും.
എറണാകുളം - 12.50 pm, തൃശൂര്‍ - 1.53 pm, പാലക്കാട് - 3.15 pm, പോത്തന്നൂര്‍ - 4.13 pm, തിരുപ്പൂര്‍ - 4.58pm, ഈറോഡ് - 5.45 pm, സേലം - 6.33 pm, ബെംഗളുരു കന്റോണ്‍മെന്റ്(10 pm എന്നിങ്ങനെയായിരുന്നു സമയക്രമം.
ഇതിൽ എറണാകുളം - ബെംഗളൂരു സർവീസ് യാത്രക്കാരുടെ മികച്ച പ്രതികരണം നേടി. 105 ശതമാനം ഒക്യുപെൻസി നിരക്കാണ് ഇതിനുണ്ടായിരുന്നത്. കൂടിയ നിരക്കാണെങ്കിലും യാത്രക്കാർ ഇത് ഏറ്റെടുത്തിരുന്നു. മാത്രമല്ല, സമയക്രമവും ഏറെ അനുയോജ്യമായിരുന്നു. എന്നാൽ ബെംഗളൂരു- എറണാകുളം സർവീസിന് മറ്റേതിനെയപേക്ഷിച്ച് തിരക്ക് ഉണ്ടായിരുന്നില്ല. 88 ശതമാനം ഒക്യുപെൻസി റേറ്റ് ആണ് ഉണ്ടായിരുന്നത്. സമയക്രമമായിരുന്നു വെല്ലുവിളിയായത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













