വിഷു, ഒരു വർഷത്തെ മുഴുവൻ ഐശ്വര്യത്തിനും വേണ്ടി കണികണ്ടുണരുന്ന ദിവസമാണ് മലയാളികൾക്ക് വിഷു. വിളവെടുപ്പുത്സവമായ വിഷു ആഘോഷിക്കാത്ത മലയാളികളില്ല. ആഘോഷങ്ങളിലും ചടങ്ങുകളിലും വ്യത്യാസമുണ്ടെങ്കിലും കണി കാണലിനും വിഷു കൈനീട്ടത്തിനും വിഷുക്കോടിക്കുമൊന്നും ഒരു മാറ്റവുമില്ല. വിഷു ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉണ്ണിക്കണനെ കണികണ്ടുണരുന്നതാണ്. വീടുകളിൽ കണിയൊരുക്കുമെങ്കിലും ക്ഷേത്രങ്ങളിലും ഈ ദിവസം തിരക്കുള്ള ദിവസമായിരിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിനൊപ്പം തന്നെ വിഷുക്കണി കാണുവാൻ വിശ്വാസികളെത്തുന്ന ഇടമാണ് ശബരിമല ക്ഷേത്രവും.

വിഷുക്കണി
വരാന്‍ പോകുന്ന ഒരു വർഷത്തെ ഐശ്വര്യം മുഴുവനും ആ വർഷത്തെ വിഷുക്കണിയിലുണ്ടെന്നാണ് പണ്ടുമുതലേ വിശ്വസിച്ചു പോരുന്നത്. മേടം ഒന്ന് വിഷു ദിവസത്തില്‍ ആദ്യം കാണുന്ന കാഴ്ചയെയാണ് വിഷുക്കണി എന്നു പറയുന്നത്. കാർഷിക സമൃദ്ധിയുടെ ഒരു കാഴ്ച തന്നെയാണ് വിഷുക്കണിക്കുള്ളത്. കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്ക്, അരിയും നെല്ലും പാതി നിറച്ച ഓട്ടുരുളി, അലക്കിട മുണ്ട്, പൊന്ന്, കണ്ണാടി,കൊന്നപ്പൂക്കൾ, പഞ്ച ധാന്യങ്ങൾ,വെള്ളരിക്ക തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് കണിവെക്കുന്നത്.

വിഷു 2023
ഈ വർഷത്തെ വിഷു ഏപ്രിൽ 15 ശനിയാഴ്ചയാണ് വരുന്നത്.
ശബരിമലയിലെ വിഷുക്കണി
വിഷുക്കണി ദർശനത്തിന് വിശ്വാസികൾ ഏറെ പ്രാധാന്യം നല്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. വിഷുക്കാലത്ത് പ്രത്യേക പൂജകൾക്കായി ശബരിമല നട തുറക്കും. എട്ടു ദിവസം നീണ്ടു നിൽക്കുന്ന പൂജകളാണ് വിഷുവിന് ഇവിടെയുള്ളത്. ഏപ്രിൽ 11 ചൊവ്വാഴ്ച വൈകിട്ട് വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഈ ദിവസം പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല, തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു കഴിയുന്നതോടെ വിശ്വാസികൾക്ക് പതിനെട്ടാം പടി കയറാം.

ശബരിമലയിലെ വിഷു പൂജകൾ
ഏപ്രിൽ 12 ബുധനാഴ്ച മുതൽ 14-ാം തിയതിവെള്ളിയാഴ്ച വരെ ശബരിമലയിൽ വിഷു പൂജകൾ നടക്കും. പുലര്‍ച്ചെ 4.30ന് പള്ളി ഉണർത്തൽ, 5.00- ന് നട തുറക്കൽ, തുടർന്ന് നിർമ്മാല്യ ദർശനം എന്നിവയാണ് ചടങ്ങുകൾ. അതിനു ശേഷം കിഴക്കേ മണ്ഡപത്തിലാണ് ചടങ്ങുകൾ. ഗണപതിഹോമത്തിനു ശേഷം , 5:30 മുതൽ 9.00 മണി വരെ നെയ്യഭിഷേകവും അഷ്ടാഭിഷേകവും ഉണ്ടായിരിക്കും. തുടർന്ന് ഉച്ചയ്ക്ക് 1.00ന് നട അടക്കുകയും വൈകുന്നേരം 5.00ന് വീണ്ടും തുറയ്ക്കുകയും ചെയ്യും. തുടർന്ന് 6.30 ന് ദീപാരാധന, പിന്നെ പുഷ്പാഭിഷേകം, തുടർന്ന് പടിപൂജ എന്നിവയ്ക്കു ശേഷം രാത്രി 10 മണിക്ക് നടയടയ്ക്കും.
ശബരിമല വിഷുക്കണി
14 വെള്ളിയാഴ്ച, അത്താഴപൂജയ്ക്കു ശേഷം വിഷുക്കണിക്കുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ ആരംഭിക്കും. ഏപ്രിൽ 15 ശനിയാഴ്ച രാവിലെ 4.00 മുതൽ 7.30 വരെയാണ് ശബരിമലയിലെ വിഷുക്കണി ദർശനം. ആദ്യം ഭഗവാനെ കണി കാണിക്കും. അതിനു ശേഷം വിശ്വാസികളെ കണികാണിക്കും. തുടർന്ന് വിഷുക്കൈനീട്ടം വിതരണം ചെയ്യും.
ഏപ്രിൽ 19 വരെ ക്ഷേത്രത്തിൽ വിഷുപൂജകൾ തുടരും. പിന്നീട് ഏപ്രിൽ 19-ന് രാത്രി 10.00 മണിക്ക് നടയടയ്‌ക്കും.

വിർച്വൽ ബുക്കിങ് നടത്താം
വിഷു പൂജകൾക്കെത്തുന്ന വിശ്വാസികൾക്ക് ദർശനത്തിനായി വിർച്വൽ ക്യൂ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. വിർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് പമ്പ ഗണപതി ക്ഷേത്ര നടപ്പന്തലിൽ എത്തി പാസ് എടുക്കാം. ദർശനത്തിനായി വരുന്ന മാളികപ്പുറങ്ങൾ പ്രായം തെളിയിക്കുന്ന രേഖകൾ കരുതണം. പമ്പാ ഗാർഡ് റൂമിന് മുന്നിലുളള ചെക്കിംഗ് പോയിന്‍റിൽ പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











