വടക്കു കിഴക്കൻ ഇന്ത്യ- അത്ഭുതങ്ങളും അമ്പരപ്പുകളും ഒളിഞ്ഞിരിക്കുന്ന നാട്. പ്രകൃതിയൊരുക്കിയിരിക്കുന്ന കാഴ്ചകളും മനുഷ്യ ജീവിതങ്ങളും മറ്റൊരിടത്തും കാണാത്ത ആചാരങ്ങളും ചേരുന്നയിടം. കൗതുകങ്ങളുടെ ലോകത്തേയ്ക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകുവാൻ പര്യാപ്തമാണ് നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ ഇടങ്ങൾ. ഈ സ്ഥലങ്ങള്‍ കണ്ടുവരുന്ന ഒരു യാത്ര ഒരുക്കുകയാണ് ഐആർസിടിസി.
ചെന്നൈയിൽ നിന്നാരംഭിച്ച് ഗുവാഹത്തിയും ചിറാപുഞ്ചിയും കാസിരംഗയും പോലെ ആരും പോകാനാഗ്രഹിക്കുന്ന വടക്കു കിഴക്കൻ കാഴ്ചകൾ കണ്ട് മടങ്ങി വരുന്ന ഈ പാക്കേജിനുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ദീർഘദൂര യാത്ര ഭയപ്പാടില്ലാതെ പോയി വരാൻ സാധിക്കുന്ന ട്രാവൽ ഇൻഷുറൻസും ഭക്ഷണവും ഹോട്ടൽ താമസവും ഉൾപ്പെടെ നല്കുന്ന ഈ യാത്രയെക്കുറിച്ച് കൂടുതലറിയാം.

LTC FLIGHT PACKAGE TO THE NORTH EAST EX CHENNAI (SMA15) എന്ന ഈ പാക്കേജ് യാത്ര ഐആർസിടിസി ടൂറിസം സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങളനുസരിച്ച് രണ്ട് തിയതികളിലായി പോകുന്നു. ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ചിറാപുഞ്ചി, ഗുവാഹത്തി, കാസിരംഗ, മാവ്ലിനോങ്, ഷില്ലോങ് എന്നിവിടങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്.
യാത്രയുടെ ആദ്യ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ നിന്നും വൈകിട്ട് 5.40ന് വിമാനം പുറപ്പെടും. രാത്രിയോടെ ഗുവാഹത്തിയിലെത്തി അന്ന് അവിടെ താമസിക്കും. രണ്ടാം ദിവസം പ്രസിദ്ധമായ കാമാഖ്യാ ദേവി ക്ഷേത്ര സന്ദർശനത്തോടെ യാത്ര ആരംഭിക്കും. ക്ഷേത്രദർശനത്തിനു ശേഷം ഷില്ലോങ്ങിലേക്ക് പോകും, യാത്രയില് ഉമിയം തടാകം, ഡോൺ ബോസ്കോ മ്യൂസിയം എന്നിവിടങ്ങളും കണ്ട് ഷില്ലോങ്ങിലെത്തും.

മൂന്നാമത്തെ ദിവസം ഷില്ലോങ്ങിൽ നിന്നും ഏറ്റവും നനവാർന്ന പ്രദേശമായ ചിറാപുഞ്ചിയിലേക്കാണ് യാത്ര. പോകുന്ന വഴി നോഹ്കലിലെ വെള്ളച്ചാട്ടം. മൗസ്മായി ഗുഹകൾ, എന്നിവ കൂടി കണ്ട് വൈകിട്ടോടെ തിരികെ ഷില്ലോങ്ങിലെത്തും. ഈ യാത്രയിൽ എലിഫന്‍റ് വെള്ളച്ചാട്ടം കൂടി കണ്ട് അന്ന് രാത്രി ഷില്ലോങ്ങിൽ ചെലവഴിക്കും. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മാവ്ലിനോങ്, വേരുപാലങ്ങള്‍, ധാവ്കി നദി എന്നിവിടങ്ങളാണ് നാലാമത്തെ ദിവസം കാണുന്നത്.
ഷില്ലോങ്ങിനോട് വിട പറഞ്ഞ് കാസിരംഗ ദേശീയോദ്യാനം കാണാനാണ് അഞ്ചാമത്തെ ദിവസത്തെ യാത്ര. അന്ന് രാത്രി കാസിരംഗയിൽ ചെലവഴിക്കുമെങ്കിലും സെൻട്രൽ റേഞ്ചിലൂടെയുള്ള ജീപ്പ് സഫാരി പിറ്റേന്നാണ് നടത്തുക. അതിനു ശേഷം ഗുവാഹത്തിയിലേക്ക് പോയി അന്ന് രാത്രി അവിടെ ചെലവഴിക്കും. ഏഴാം ദിവസം ബാലാജി ക്ഷേത്രം, കലാക്ഷേത്ര എന്നിവിടങ്ങൾ കണ്ട് വൈകിട്ട് 6.30ന്റെ വിമാനത്തില് കയറി രാത്രി 9.10ന് ചെന്നൈയില്‍ എത്തും.
ചെന്നൈ-ഗുവാഹത്തി-ചെന്നൈ വിമാന യാത്ര, മൂന്ന് രാത്രി ഷില്ലോങ്ങിൽ, രണ്ട് രാത്രി ഗുവാഹത്തി, ഒരു രാത്രി കാസിരംഹ എന്നിവിടങ്ങളിലെ താമസം, ടെംപോ ട്രാവലറിൽ വിവിധ ഇടങ്ങളിലേക്കുള്ള യാത്ര , ആറു ദിവസത്തെയും പ്രഭാത ഭക്ഷണവും അത്താഴവും, കാസിരംഗ ദേശീയോദ്യാനത്തിലെ ജീപ്പ് സഫാരി, ഒപ്പം ഐആർസിടിസി ടൂർ മാനേജരുടെ സേവനം, ട്രാവൽ ഇൻഷുറൻസ് എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു.

2023 നവംബർ 25 ന് പുറപ്പെടുന്നത്, 20234 ഫെബ്രുവരി 10ന് പുറപ്പെടുന്നത് എന്നിങ്ങനെ രണ്ട് യാത്രകളാണ് നിലവിൽ ഐആർസിടിസി ടൂറിസം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സിംഗിൾ ഒക്യുപൻസിയിൽ 53600/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 47500/- രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 44500/- രൂപ എന്നിങ്ങനെയും കുട്ടികൾക്ക് 5-11 പ്രായപരിധിയിൽ ബെഡ് ആവശ്യമുള്ളവർക്ക് 42500/- രൂപയും ബെഡ് വേണ്ടെന്നുണ്ടെങ്കിൽ 38500/- രൂപയും നിരക്ക് വരും.
പാക്കേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐആർസിടിസി ടൂറിസം നോർത്ത് ഈസ്റ്റ് പാക്കേജ് SMA15 പേജിൽ പോകാം.
Cover Image PC: Sachhidanand jha/ Unspalsh
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













