ബെംഗളൂരുവിലെ ഏറ്റവും നല്ല സമയം ഏതാണെന്ന് ചോദിച്ചാൽ അത് വാരാന്ത്യമാണ്. യാത്രകൾ, ഭക്ഷണം, പബ്ബ്, കൂട്ടുകാർ, പാർട്ടി, ഷോപ്പിങ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളുമായാണ് ബെംഗളൂരു നിവാസികൾ വീക്കെൻഡിന് കാത്തിരിക്കുന്നത്. ഒരു ദിവസം വിശ്രമവും റൂമിലിരിപ്പും പാചകവും ഒക്കെയായി പോയാലും പിന്നീട് വരുന്ന ഒരു ദിവസവും പലരും യാത്രകൾക്കും മറ്റുമായി പുറത്തിറങ്ങി പരമാവധി അടിച്ചുപൊളിക്കും.
ഇനി വരുന്നത് ദീപാവലി അവധിയാണ്. നാല് ദിവസത്തെ നീണ്ട വാരാന്ത്യം കിട്ടുന്നതിനാൽ പറ്റുന്നവരൊക്കെ നാട്ടിലേക്ക് പോവുകയാണ്. എന്നാൽ ബാംഗ്ലൂരിലെ ദീപാവലി ആഘോഷങ്ങൾ കാണാനും ഇവിടെ ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് ഒരു യാത്ര കൂടി പ്ലാനിൽ ഉൾപ്പെടുത്താം. ഇതാ ബാംഗ്ലൂരിൽ നിന്ന് വാരാന്ത്യത്തിൽ പോകാൻ പറ്റിയ 100 കിലോമീറ്ററിന് താഴെയുള്ള സ്ഥലങ്ങൾ പരിചയപ്പെടാം.

ഹെസരഘട്ട
ബാംഗ്ലൂരില്‍ നിന്ന് ചെറിയ യാത്ര പോകാനിരിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഹെസരഘട്ട. ബെംഗളൂരുവിൽ നിന്ന് വെറും 37 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹെസരഘട്ട നഗരത്തിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ പോകാൻ പറ്റിയ ഒരു സ്ഥലമാണ്. വിശാലമായ പുൽമേടും പൂമ്പാറ്റകളും മാൻ ഉൾപ്പെടെയുള്ള വന്യജീവികളുമെല്ലാം ഇവിടെയുണ്ട്. അതിരാവിലെ എത്തിയാൽ സൂര്യോദയം കണ്ട് വരാം. 5010 ഏക്കർ വിസ്തൃതിയിലാണ് ഹെസരഘട്ടയിലെ പുൽമേട് വ്യാപിച്ചു കിടക്കുന്നത്. പുൽമേട് കൂടാതെ ഹെസരഘട്ട തടാകവും ഇവിടെ കാണാനുണ്ട്. നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി അർക്കാവതി നദിയോട് ചേർന്ന് 1894 ൽ നിർമ്മിച്ചതാണ് ഈ തടാകം.
മന്ദാരഗിരി
ഏകദിന യാത്രകൾക്ക് ബാംഗ്ലൂരിൽ നിന്ന് ബാഗും പാക്ക് ചെയ്ത് ഇറങ്ങാൻ പറ്റിയ സ്ഥലമാണ് മന്ദാരഗിരി. അതിമനോഹരമായ കുന്നും അതിനു മുകളിലെ ക്ഷേത്രവും താഴ്വാരത്തെ തടാകവും കാഴ്ചകളും പിന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിർമ്മിതിയും ഒക്കെ ഇവിടെയുണ്ട്. പീക്കോക്ക് മന്ദിർ എന്ന മയിൽപീലി ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും ആകർഷകമായ കാഴ്ച. ജൈനമത വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമാണെഹ്കിലും ജാതിമ വ്യത്യാസമില്ലാതെ ആളുകൾ ഇവിടേക്ക് വരുന്നു. മന്ദാരഗിരി ഹിൽസിന് മുകളിലേക്കാണെങ്കിൽ 450 പടികൾ കയറണം. കയറ്റം ചെറുതായി ക്ഷീണിപ്പിക്കുമെങ്കിലും മുകളിൽ നിന്നുള്ള കാഴ്ച മനോഹരമാണ്. ബാംഗ്ലൂരിൽ നിന്നു 65 കിലോമീറ്റർ അകലെയാണ് മന്ദാരഗിരി.

കൈലാസഗിരി ബേട്ട
തിരക്കില്ലാതെ സൂര്യോദയവും സൂര്യാസ്തമയും കാണാൻ പോകാൻ പറ്റി, രാവിലെയും വൈകിട്ടും ഒരുപോലെ മനോഹരമായ ഒരിടമാണ കൈലാസഗിരി ബേട്ട. പുരാണ വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന കൈലാസഗിരി ബേട്ടയ്ക്ക് ബകാസുര ബേട്ട എന്ന പേരുമുണ്ട്. ബാംഗ്ലൂരിൽ നിന്ന് 70 കിമി അകലെയുള്ള ഇവിടം ചിക്കബെല്ലാപൂർ ജില്ലയിൽ കൈവാര എന്ന സ്ഥലത്താണ്. പാറക്കെട്ടുകൾ കയറി മുകളിലേക്കുള്ള യാത്രയാണ് ഇവിടെയുള്ളത്. അതിരാവിലെ വന്ന് സൂര്യോദയം ആസ്വദിച്ച് പോകാനാണ് ആളുകൾ ഇവിടെ എത്തുന്നത്. കുന്നിൻമുകളിലേക്ക് കുറച്ച് ദൂരം നടക്കുവാനുണ്ട്. തനിച്ചുള്ള യാത്രകൾ പരമാവധി ഒഴിവാക്കാം.
മഞ്ചനബല്ലെ ഡാം
ബാംഗ്ലൂരിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മഞ്ചനബല്ലെ ഡാം വാരാന്ത്യ യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. കുറച്ച് ദൂരമേയുള്ളൂ എന്നതിനാൽ പെട്ടന്നുള്ള യാത്രകൾക്കും പറ്റിയ സ്ഥലമാണ്. ശാന്തമാ, പ്രകൃതി മനോഹരമായ ഇടമാണിത്. പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെയും മഞ്ചനബല്ലെ ഡാം കണ്ടുവരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












