വിമാനത്തിൽ കയറിയാൽ കയ്യിലെ ഫോൺ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റുന്നത് കാലങ്ങളായി എല്ലാ യാത്രികരും ചെയ്തുപോരുന്ന ഒന്നാണ്. യാത്ര ആരംഭിക്കുന്നതിനു മുൻപായി ഫ്ലൈറ്റ് അറ്റൻഡന്‍റ് നിര്‍ദ്ദേശം തരുമ്പോൾ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്യുമെങ്കിലും എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് പലർക്കും അറിഞ്ഞുകൂടാ.
അതേ സമയം നിങ്ങൾക്ക് ഫ്ലൈറ്റിൽ വൈ-ഫൈ ലഭ്യമാണെങ്കിൽ അത് ഉയോഗിക്കുകയും ചെയ്യാം.
എന്നാൽ ഏതെങ്കിലും കാരണവശാൽ നിങ്ങൾ ഫോണിൽ എയർപ്ലേൻ മോഡ് (ഫ്ലൈറ്റ് മോഡ്) ഓൺ ചെയ്യാൻ മറന്നു പോയാൽ എന്തു സംഭവിക്കുമെന്ന് അറിയാമോ?

എന്താണ് ഫോണിലെ എയർപ്ലേൻ മോഡ്?
ലളിതമായി പറഞ്ഞാൽ ഫോണിലേക്കുള്ള നെറ്റ്വർക്ക് സേവനങ്ങൾ ഓഫ് ചെയ്യുകയാണ് എയർപ്ലെയ്ൻ മോഡ് ഓൺ ചെയ്യുക വഴി സംഭവിക്കുന്നത്. എയർപ്ലെയ്ൻ മോഡ് ഓൺ ചെയ്താൽ ഫോണിൽ സിഗ്നൽ കാണിക്കുന്ന സ്ഥലത്ത് അതിനു പകരം ഫ്ലൈറ്റിന്‍റെ ചിഹ്നം വരുമ്പോൾ ഫോണിൽ ഫ്ലൈറ്റ് മോഡ് ആക്റ്റിവേറ്റ് ആയെന്നു മനസ്സിലാക്കാം.
എയർപ്ലെയ്ൻ മോഡ് ഓൺ ചെയ്താൽ?
നിങ്ങൾ എയർപ്ലെയിൻ മോഡ് ഓണാക്കുമ്പോൾ നിങ്ങളുടെ ഫോൺ ഉപകരണം സെല്ലുലാർ സിഗ്നലുകൾ കൈമാറുന്നത് നിൽക്കുന്നു. അതായത്, നെറ്റ്വർക്കിന് നിന്ന് കോളുകളോ ടെക്‌സ്‌റ്റുകളോ ഒന്നും നിങ്ങൾക്ക് സ്വീകരിക്കുവാനാകില്ല. എന്നാൽ നിങ്ങൾക്ക് വൈഫൈ നെറ്റ് വർക്ക് ലഭ്യമാണെങ്കിൽ ഫോണിൽ വൈ-ഫൈ ഓൺ ചെയ്ത് നിങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നത് തുടരാം.
എഫ്എഎ പറയുന്നത്
സെല്ലുലാർ സിഗ്നലുകൾക്ക് നിലത്തെ സെൽ ടവറുകളെ മറികടക്കാൻ കഴിയുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പറയുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇത് സേവനത്തെ തടസ്സപ്പെടുത്തും. അതുകൊണ്ട് തന്നെ വിമാനയാത്രയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് എഫ്എഎയ്ക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഫ്ലൈറ്റില്‍ വൈഫൈ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

2017 ൽ അലയൻസ് ട്രാവൽ ഇൻഷുറൻസ് നടത്തിയ സർവേയിൽ വിമാനയാത്രികരിൽ 17. 2 ശതമാനം ആളുകളും യാത്രയിൽ തങ്ങളുടെ ഫോൺ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റാറില്ലെന്നു കണക്കുകൾ സൂചിപ്പിക്കുന്നതായി ട്രാവൽ ആൻഡ് ലെഷർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സെൽ ഫോണുകളും വിമാനങ്ങളും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ച് കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ലാത്തതിനാൽ വിമാനയാത്രയിൽ ഫ്ലൈറ്റ് മോഡിലേക്ക് ഫോൺ മാറ്റിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് പറയാന്‍ സാധിച്ചിട്ടില്ല,
എന്നാൽ പേഴ്സണൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിമാനത്തിലെ ഇലക്ട്രിക്കൽ, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്തും എന്നാണ് കരുതപ്പെടുന്നത്. അതായത് നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്നലുകൾ ഒരു വിമാനത്തിന്റെ ആശയവിനിമയ സംവിധാനങ്ങളെ തടസ്സപ്പെടുത്തുവാനുള്ള സാധ്യത നിലനിൽക്കുന്നവെന്ന് അർത്ഥം. ഇത് സംഭവിക്കുക എന്നത് അസാധ്യമാമെങ്കിൽ കൂടിയും വളരെ നേരിയൊരു സാധ്യത തള്ളിക്കളയുന്നില്ല.
''നിങ്ങളുടെ കയ്യിലെ സെൽഫോൺ ഓഫാക്കിയില്ലെങ്കിൽ അത് വിമാനത്തിലെ നാവിഗേഷൻ ഉപകരണങ്ങളുടെ പ്രവർത്തനത്തിൽ ഇടപെടാൻ സാധ്യതയുണ്ട്," ലാസ് വെഗാസിലെ നെവാഡ സർവകലാശാലയിലെ പ്രൊഫസറും മുൻ എയർലൈൻ പൈലറ്റുമായ ഡാൻ ബബ് ട്രാവൽ + ലെഷറിനോട് പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഫെഡറൽ റെഗുലേഷൻസ് കോഡ് അനുസരിച്ച് വിമാനങ്ങള്‍ സഞ്ചരിക്കുമ്പോൾ ഇത്തരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പാടില്ല. വിമാനങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതോ കൈവശം കൊണ്ടുപോകാവുന്നതോ ആയ സെല്ലുലാർ ഫോണുകൾ, വിമാനങ്ങൾ വായുവിലൂടെ സഞ്ചരിക്കുമ്പോൾ പ്രവർത്തിപ്പിക്കുവാന്‍ പാടില്ലെന്നാണ് നിയമം. വിമാനം പറന്നുയരുന്നതിനു മുൻപേ വിമാനത്തിലെ എല്ലാ സെല്ലുലാർ ടെലിഫോണുകളും ഓഫാക്കിയിരിക്കണം. ഈ നിയമം അനുസരിക്കാത്ത പക്ഷം പിഴ ലഭിക്കുവാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്.
ഇന്ന് മിക്ക വാണിജ്യ വിമാനസർവീസുകളും യാത്രക്കാരെ വിമാനത്തിനുള്ളിൽ അവരുടെ ഫോൺ ഉപയോഗിച്ച് കോൾ ചെയ്യുവാനോ മെസേജ് അയക്കുവാനോ ഒന്നും അനുവദിക്കുന്നില്ല. ഇത് മൊബൈൽ ഫോണിൽ നിന്നും പുറത്തു വരുന്ന റേഡിയോ ഫ്രീക്വൻസി വിമാനത്തിന്റെ ഇലക്ട്രോണിക് സിസ്റ്റത്തെ ബാധിച്ചേക്കാം എന്ന ഭീതിയിലാണിത്. കാലമിത്ര മാറി, ഫോണും സങ്കേതിക വിദ്യയും ഇത്രയേറെ വളർന്നുവെങ്കിലും ഫ്ലൈറ്റ് മോഡ് ഉപയോഗിക്കണം എന്ന നിബന്ധന ഇന്നും നിലനിൽക്കുന്നു. എന്നിരുന്നാലും എയർലൈനുകൾക്കനുസരിച്ച് നിയമങ്ങളിൽ ചെറിയ മാറ്റം കണ്ടേക്കാം.

PC:Pascal Meier/Unsplash
5ജിയും വിമാനവും
ഇപ്പോൾ 5 ജി ബാൻഡ് വിഡ്ത്തുള്ള മൊബൈൽ ഫോണുകൾ വിപണിയിലെത്തിയിട്ടുണ്ട്. ഇത് ചിലപ്പോൾ വിമാനത്തിലെ റേഡിയോ ആൾട്ടിമീറ്ററിനെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്'' ഡാന് ബബ്ബ് പറയുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് ഫ്ലെയർ ചെയ്യേണ്ടതോ വിമാനത്തിന്റെ നോസ് വീൽ ഉയർത്തുന്നതോ ആവശ്യമുള്ളപ്പോൾ പൈലറ്റുമാർ ആശ്രയിക്കുന്ന ഉപകരണമാണിത്. യുഎസ് സെൽ കാരിയർ ഉപയോഗിക്കുന്ന ബാൻഡ്‌വിഡ്ത്ത് റേഡിയോ ആൾട്ടിമീറ്റർ ഉപയോഗിക്കുന്ന അതേ ബാൻഡ്‌വിഡ്‌ത്തിന് വളരെ അടുത്താണ്, ഇത് ഇടപെടലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു.
ദൃശ്യപരത കുറഞ്ഞ ലാന്‍ഡിങ്ങുകളിൽ ആണ് പൈലറ്റുമാർ റേഡിയോ ആൾട്ടിമീറ്ററിന്റെ സഹായം പ്രയോജനപ്പെടുത്തുന്നത്. എയർബസിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 20 വർഷത്തിനിടയിലെ വിമാനപകടങ്ങളിൽ 60 ശതമാനവും ഫ്ലൈറ്റ് ലാൻഡിംഗ് ഘട്ടത്തിലാണ് സംഭവിച്ചത്. ഇത്തരം കാരണങ്ങളാൽ ഫോൺ 'എയർപ്ലെയ്ൻ മോഡിൽ' ഇടുകയോ ഓഫാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ അത് അനുസരിക്കുവാൻ യാത്രക്കാർക്ക് ബാധ്യതയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












