മൂന്നാർ എല്ലായ്പ്പോഴും മനോഹരിയാണ്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ധൈര്യമായി കടന്നുവരാൻ പറ്റിയ നാട്. എന്നാൽ മൂന്നാർ കാണേണ്ടത് തണുപ്പുകാലത്താണ്. കോടമഞ്ഞിൽ ഉദിച്ചുയരുന്ന സൂര്യനും തേയിലത്തോട്ടങ്ങൾക്കിടയിൽ നിന്നുള്ള കാഴ്ചകളും അതിമനോഹരമായ പ്രഭാതങ്ങളും തണുപ്പുനിറഞ്ഞ വൈകുന്നേരങ്ങളും ഒക്കെയായി മൂന്നാർ സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. അതേ, മൂന്നാർ ശൈത്യകാലത്തിലെത്തിയിരിക്കുകയാണ്.
മഴ മാറി ശൈത്യകാലത്തിലേക്ക് മൂന്നാർ പ്രവേശിച്ചിരിക്കുകയാണ്. സഞ്ചാരികൾക്ക് ഒരു ബാഗും പാക്ക് ചെയ്തു ഇങ്ങോട്ടേയ്ക്ക് വരാൻ ഇനി ഒന്നും ആലോചിക്കേണ്ടതില്ല. പകൽ അല്പം ചൂടുണ്ടെങ്കിലും രാത്രിയിൽ കിടുകിടി വിറപ്പിക്കുന്ന തണുപ്പാണ്. പുലർച്ചെയിൽ എണീക്കാൻ മടി തോന്നിപ്പിക്കുന്ന വിധത്തിലാണ് തണുപ്പ് അനുഭവപ്പെടുന്നത്. ഡിസംബർ മാസത്തിലെ അവധിയില് എങ്ങോട്ട് പോകണമെന്ന് ചോദിച്ചാൽ ഇനി മറ്റൊരുത്തരം തിരയേണ്ടതില്ല.
File Image
ഡിസംബർ ആദ്യ വാരത്തിലെ മഴ മാറിയ ശേഷമാണ് മൂന്നാർ തണുപ്പിലേക്ക് കടന്നത്. തോട്ടം മേഖലകളിലാണ് കൂടുതലും തണുപ്പ് ഇപ്പോൾ അനുഭവപ്പെടുന്നത്, ലാക്കാട്, ചെണ്ടുവര,ചിറ്റുവര, തെന്മല, ലക്ഷ്മി തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം രാവിലെ 7 ഡിഗ്രി വരെ താപനില താഴ്ന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. മൂന്നാർ ടൗൺ, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം 9 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു. വരം ദിവസങ്ങളിൽ പ്രത്യേകിച്ച് ക്രിസ്മസിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ താപനില വീണ്ടും താഴാനുള്ള സാധ്യതയുണ്ട്.
അതിരാവിലെയും രാത്രിയിലുമാണ് മൂന്നാറിലും പരിസരങ്ങളിലും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. വൈകുന്നേരമാകുന്നതോടെ മിക്കയിടങ്ങളിലും കോടമഞ്ഞ് ഇറങ്ങുകയും ചെയ്യും. ഡിസംബർ ആദ്യ വാരം 13 ഡിഗ്രി മുതൽ 16 ഡിഗ്രി തണുപ്പ് അതിരാവിലെ രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് പത്തിനു താഴേക്ക് താപനില താഴ്ന്നത്. മൂന്നാറിലെ തണുപ്പ് ആസ്വദിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ സീസണിൽ തന്നെ ഇവിടേക്ക് യാത്ര പ്ലാൻ ചെയ്യാം.
എന്നാൽ പകൽ സമയത്തെ താപനില ഇവിടെ ഉയർന്നുതന്നെ നിൽക്കുകയാണ്. മറ്റുപ്രദേശങ്ങളുടെയത്രയും ഇല്ലെങ്കിലും രാത്രികാലത്തെ അപേക്ഷിച്ച് ചൂട് കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളില് മൂന്നാറിൽ പകൽ 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയത്.
സഞ്ചാരികളേ, മൂന്നാറിലേക്ക് സ്വാഗതം
കേരളത്തിൽ തണുപ്പുകാലം ആസ്വദിക്കാൻ പറ്റിയ ഏറ്റവു മികച്ച സ്ഥലങ്ങളിലൊന്നാണ് മൂന്നാർ. തണുപ്പ് അതിനൊത്ത ആംബിയൻസിൽ ആസ്വദിക്കാൻ മറുനാട്ടിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമെല്ലാം ആളുകൾ എത്തുന്നു. മഞ്ഞും തണുപ്പും ആണ് മൂന്നാറിനെ ഈ സീസൻിൽ പ്രിയപ്പെട്ടതാക്കുന്ന കാര്യങ്ങൾ. സഞ്ചരികൾക്ക് സുഖമായി മൂന്നാറും പരിസരവും എക്സ്പ്ലോർ ചെയ്യുവാൻ സാധിക്കുന്ന സമയമാണിത്.
ക്രിസ്തുമസ് അവധി ആരംഭിക്കുന്നതോടെ മൂന്നാറിൽ തിരക്കും ആരംഭിക്കും. ഹോം സ്റ്റേകൾ, റിസോർട്ടുകൾ തുടങ്ങിയ ഉത്സാഹത്തോടെ ആളുകളെ സ്വീകരിക്കുവാൻ കാത്തിരിക്കുകയാണ്. ചില ദിവസങ്ങളിൽ കഠിനമായ തണുപ്പ് അനുഭവപ്പെടുമെങ്കിലും ഇവിടുത്തെ യാത്രയും മറ്റ് അനുഭവങ്ങളും തണുപ്പ് ഒരു വിഷയമല്ലാതാക്കി മാറ്റും. പലയിടങ്ങളിലും ഓഫ്റോഡ്, ക്യാംപിങ്. ട്രെക്കിങ് തുടങ്ങിയവയടക്കം പാക്കേജുകളും ഒരുക്കിയിട്ടുണ്ട്
ഡിസംബർ, ജനുവരി മാസങ്ങളിൽ മൂന്നാറിൽ വരുമ്പോൾ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളെടുക്കാൻ മറക്കരുത്. ജാക്കറ്റ്, തൊപ്പി, സോക്സ്, ആവശ്യമെങ്കിൽ കട്ടിയുള്ള പുതപ്പ് തുടങ്ങിയവ എടുക്കാം. മൂന്നാർ യാത്രയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഡിസംബർ ഇവിടെ പൊതുവേ തിരക്കേറിയ സമയമാണ്. താമസസൗകര്യങ്ങൾ മിക്കവയും നേരത്തെ തന്നെ ബുക്കിങ് പൂർത്തിയാക്കും. അതിനാൽ ക്രിസ്മസ്, പുതുവർഷാഘോഷങ്ങൾക്കു വരുമ്പോൾ താമസസൗകര്യങ്ങൾ മൂൻകൂട്ടി ഉറപ്പാക്കി വരിക
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













