ലോക വിനോദസഞ്ചാര ദിനം 2024 (World Tourism Day 2024): അങ്ങനെ മറ്റൊരു ലോക വിനോദസഞ്ചാര ദിനം കൂടി വന്നിരിക്കുകയാണ്. നമ്മളെ വീണ്ടും വീണ്ടും യാത്ര ചെയ്യുവാനും യാത്രകളിൽ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുവാനും അതാസ്വദിക്കാനും ഒക്കെ ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണിത്. എന്നാൽ പലപ്പോഴും നമുക്കുള്ള സംശയം എവിടെ യാത്ര പോകണം എന്നതാണ്. ആദ്യമായി യാത്ര പോകുന്നവരാണെങ്കിലും ഇഷ്ടം പോലെ പോയിവന്നരാണെങ്കിലും അടുത്ത ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോള് ഇത്തരം ചില സംശയങ്ങൾ വരാറുണ്ട്.
ഇന്ത്യയ്ക്കുള്ളിലാണ് നിങ്ങളുടെ യാത്രയെങ്കിൽ കണ്ടുതീർക്കാനുള്ള ഇടങ്ങളുടെ ലിസ്റ്റ് പറഞ്ഞാൽ തീരില്ല. സ്ഥിരം ആളുകൾ പോകുന്ന, എല്ലാവരും പറഞ്ഞു കേൾക്കുന്ന ഇടങ്ങൾ മാറ്റി നിർത്തി ഇത്തവണ ഒരു യാത്ര പ്ലാൻ ചെയ്താലോ.. ഈ ലോക ടൂറിസം ദിനത്തിൽ നിങ്ങളുടെ യാത്രാ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കുവാൻ പറ്റിയ ഇന്ത്യയിലെ അധികം എക്സ്പ്ലോർ ചെയ്യാത്ത ഇടങ്ങൾ പരിചയപ്പെടാം.

1. ഗുരെസ് വാലി കാശ്മീര്‍
കാശ്മീർ പലരുടെയും ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇടമാണെങ്കിലും ഗുരസ് വാലി അറിയുന്നവർ കുറവാണ്. കാശ്മീരിന്‍റെ പച്ചപ്പും മറ്റൊരു മുഖവും കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ഗുരെസ് വാലി തിരഞ്ഞെടുക്കാം. കാശ്മീരിലെ ഓഫ്ബീറ്റ് ഇടങ്ങളിലൊന്നായ ഗുരസ് വാലി എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും അല്പം ഉൾപ്രദേശത്തോട് ചേർന്നു കിടക്കുന്നതുമാണ്. ഹിമാലയത്തിന്‍റെ മനംമയക്കുന്ന കാഴ്ചകളാണ് ഇവിടെ ആസ്വദിക്കാനുള്ളത്. വുലാർ തടാകം, ഹബ്ബ ഖാത്തൂൺ കൊടുമുടി, റസ്ദാൻ ചുരം എന്നിവയാണ് ഇവിടുത്തെ ചില ആകർഷണങ്ങൾ.
2. സന്ദക്ഫു, പശ്ചിമബംഗാൾ
പശ്ചിമ ബംഗാളില്‍ ഡാർജലിങ്ങിൽ സ്ഥിതി ചെയ്യുന്ന സന്ദക്ഫു ഇന്ത്യയിലെ ഏറ്റവും മികച്ച ഓഫ്ബീറ്റ് സ്ഥലങ്ങളിലൊന്നാണ് സന്ദക്ഫു. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഓഫ്ബീറ്റ് ഇടങ്ങള്‍ തേടിപ്പോകാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം തിരഞ്ഞെടുക്കാന് പറ്റിയ സ്ഥലമാണിത്. സിംഗലീല പർവ്വതത്തിന്‍റെ ഏറ്റവും ഉയർന്ന ഭാഗമായ ഇവിടേക്ക് ട്രെക്കിങ് ചെയ്യാനാണ് സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത്. പശ്ചിമ ബംഗാളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കൂടിയാണ് സന്ദക്ഫു. ഇവിടെ നിന്നാൽ എവറസ്റ്റ്, കാഞ്ചന്‍ജംഗ, ലോത്സെ, മകാലു എന്നീ പര്‍വതങ്ങളുടെ കാഴ്ചകള്‍ കാണാം.
3. കാഷിദ്, മഹാരാഷ്ട്ര
ബീച്ചുകളില് പോകാൻ ഇഷ്ടമില്ലാത്തവർ ആരുമില്ല. അത് മനോഹരവും വൃത്തിയുള്ളതും ആണെങ്കിൽ ഉറപ്പായും ഒന്നു പോയി നോക്കും. അങ്ങനെയുള്ളവർക്ക് പറ്റിയ ഇടമാണ് മഹാരാഷ്ട്രയിലെ കാഷിദ് ബീച്ച്. കൊങ്കൺ പ്രദേശത്തെ ഏറ്റവും ഭംഗിയുള്ള ഇടങ്ങളിലൊന്നായ കാഷിദ് ക്ലിഫുകളുടെ സാന്നിധ്യം കൊണ്ടും സഞ്ചാരികൾക്കിടയിൽ പേരുകേട്ടിരിക്കുന്നു. കടലിലെ സാഹസിക വിനോദങ്ങൾക്ക് പറ്റിയ ഇടമാണെങ്കിലും മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. മുരുദ് ജൻജിറ ഫോർട്ട്, ഫൻസാദ് വന്യജീവി സങ്കേതം, രേവദണ്ഡ ബീച്ച് ഫോർട്ട്, കൊർലായ് ഫോർട്ട് എന്നിവ തീർച്ചയായും സന്ദർശിക്കേണ്ട ചില സ്ഥലങ്ങളാണ്.
4. ചോപ്ത, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിൽ പലരും സന്ദർശിക്കാൻ വിട്ടുപോകുന്ന ഇടങ്ങളിലൊന്നാണ് ചോപ്ത. ട്രെക്കിംഗും ക്യാമ്പിംഗും പോലുള്ള വിനോദങ്ങൾ ആസ്വദിക്കുന്നവരാണ് ഇവിടേക്ക് എത്തേണ്ടത്. പ്രകൃതിയോട് ചേർന്നുള്ള സഞ്ചാരം ആഗ്രഹിക്കുന്നവർക്കാണ് ഇവിടം കൂടുതൽ യോജിച്ചത്. ഹിമാലയത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് ചോപ്തയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്, പഞ്ച കേദാരങ്ങളിൽ ഒന്നായ, പരമശിവൻ്റെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമായ തുംഗനാഥ് ക്ഷേത്രം, ചന്ദ്രശില കൊടുമുടി എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ലക്ഷ്യസ്ഥാനം. ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.
5. ഹെമിസ്, ലേ
ലേ ജില്ലയുടെ ഭാമായ ഹെമിസ് നിങ്ങൾ ഓഫ്ബീറ്റ് ഇടങ്ങൾ തേടുന്ന സഞ്ചാരിയാണെങ്കിൽ ഹെമിസ് നിർബന്ധമായും തിരഞ്ഞെടുക്കാം, വടക്ക് കാരക്കോരം പർവതനിരകൾക്കും തെക്ക് ഹിമാലയത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ഓഫ് ബീറ്റ് ഡെസ്റ്റിനേഷനിൽ കാണാൻ ഒരുപാടുണ്ട്. ഹെമിസ് ദേശീയോദ്യാനം, ഹെമിസ് മൊണാസ്ട്രി എന്നിവ അതിൽ ചിലത് മാത്രമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













