ഇടുക്കിയിലെ വന്യജീവി സങ്കേതങ്ങൾ
സന്ദർശകരെയും പ്രകൃതി സ്നേഹികളെയും അതിശയിപ്പിക്കുന്ന ഇടുക്കിയിൽ മൂന്ന് വന്യജീവി സങ്കേതങ്ങൾ ആണുള്ളത്. ഇടുക്കി വന്യജീവി സങ്കേതം, ചിന്നാര്‍ വന്യജീവി സങ്കേതം, കുറിഞ്ഞിമല വന്യജീവി സങ്കേതം എന്നിവയാണവ. കേരളത്തിൽ ആകെ 17 വന്യജീവി സങ്കേതങ്ങൾ ആണുള്ളത്. ഇതു കൂടാതെ പെരിയാർ വന്യജീവി സങ്കേതത്തെയും പട്ടികയിൽ ഉൾപ്പെടുത്താം. എന്നിരുന്നാലും കടുവാ സങ്കേതം എന്ന നിലയിലാണ് പെരിയാർ അറിയപ്പെടുന്നത്.
PC:Diana Parkhouse
ഇടുക്കി വന്യജീവിസങ്കേതം
തൊടുപുഴ, ഇടുക്കി താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഇടുക്കി വന്യജീവിസങ്കേതം 1976 ലാണ് രൂപീകരിക്കപ്പെടുന്നത്. ഇത് നിലവിൽ വരുവാനുണ്ടായ സാഹചര്യം പലർക്കും അറിയുന്ന ഒന്നല്ല. ഇടുക്കി ജലവൈദ്യുത പദ്ധതിക്കായി ഇവിടുത്തെ മഴക്കാടുകൾ മുറിച്ചുമാറ്റിയിരുന്നു. ഏകദേശം ഏഴ് ഹെക്ടർ സ്ഥലത്തെ മഴക്കാടുകൾ പൂർണ്ണമായും മുറിച്ചപ്പോൾ ഇവിടുത്തെ ജൈവവൈവിധ്യത്തിനും വന്യജീവികൾക്കുമെല്ലാം വലിയ നാശമാണുണ്ടായത്. തുടർന്ന് അതിനു സമീപത്തെ പ്രദേശം പ്രത്യേകമായി സംരക്ഷിക്കുവാൻ തീരുമാനിച്ചതിന്‍റെ ഫലമായാണ് 1976 ൽ ഇടുക്കി വന്യജീവിസങ്കേതം സ്ഥാപിക്കപ്പെട്ടത്. 105.364 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇടുക്കി വന്യജീവി സങ്കേതം വ്യാപിച്ചു കിടക്കുന്നത്.
PC:JANUPRASAD
ഇടുക്കി ജലസംഭരണിക്ക് ചുറ്റും
ഇടുക്കി വന്യജീവി സങ്കേതത്തിന്‌റെ പ്രധാനഭാഗങ്ങൾ ഇടുക്കി ജലസംഭരണിക്ക് ചുറ്റുമായാണുള്ളത്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ അണക്കെട്ടുകൾ വന്യജീവി സങ്കേതത്തിനുള്ളിലാണ്. ചെറുതോണി, പെരിയാര്‍ നദികളുടെ കരയിലാണ് ഇതുള്ളതെന്നും പറയാം. ഇടുക്കി അണക്കെട്ടാണ് ഇടുക്കി വന്യജീവി സങ്കേതത്തിന്റെ അതിര്. ഇടുക്കി ജലാശയത്തിലൂടെയുള്ള ബോട്ട് യാത്രയാണ് ഇവിടെ ആസ്വദിക്കുവാൻ പറ്റിയ കാര്യം.
കടുവ, കരടി, ആന, മാൻ തുടങ്ങി നിരവധി വന്യജീവികളെ ഇവിടെ കാണാം.
PC: Timothy A. Gonsalves.
ചിന്നാര്‍ വന്യജീവി സങ്കേതം
ഇടുക്കിയിലെ ഏറ്റവും മനോഹരവും വൈവിധ്യമാർന്നതുമായ വന്യജീവി സങ്കേതമാണ് ചിന്നാര്‍ വന്യജീവി സങ്കേതം. 1984 ലാണ് ഇത് നിലവിൽ വന്നത്. തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തോടും കൊടൈക്കനാൽ വന്യജീവി സങ്കേതത്തോടും അതിര്‍ത്തി പങ്കിട്ട് നിൽക്കുന്ന ചിന്നാർ പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ്. ചിന്നാറിന്‍റെ പ്രത്യേകത എന്നത് പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക വന്യജീവി സങ്കേതം എന്നതാണ്.
PC:Ranjithsiji
നക്ഷത്ര ആമകളും ചാമ്പൽ മലയണ്ണാനും
അപൂർവ്വ ഇനം ആവാസവ്യവസ്ഥയാണ് ചിന്നാറിലുള്ളത്. ചിന്നാർ, പാമ്പാർ നദികൾ ഇതിനുള്ളിലാണുള്ളത്. ചാമ്പൽ മലയണ്ണാന്റെ തനത് ആവാസ വ്യവസ്ഥ ചിന്നാറിൽ മാത്രമാണുള്ളത്. നക്ഷത്രയാമയും ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. വംശനാശഭീഷണ നേരിടുന്നവ കൂടിയാണിത്. ചതുപ്പ്, പുൽമേട്, വനം, മുൾക്കാട്, ചോലവനം എന്നിവയെല്ലാം ചേർന്ന ഭൂപ്രകൃതിയാണ് ഇവിടെയയുള്ളത്. നവംബർ-ഡിസംബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാന് ഏറ്റവും നല്ലത്. വർഷം മുഴുവൻ ഇവിടെ പ്രവേശനാനുമതിയുണ്ട്.
PC:Dhruvaraj S
കുറിഞ്ഞിമല സംരക്ഷണകേന്ദ്രം
നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി മാത്രം നിലവിൽ വന്ന സംരക്ഷണ കേന്ദ്രമാണ് കുറിഞ്ഞമല സാങ്ച്വറി. 3200 ഹെക്റ്റർ പ്രദേശത്താണ് ഇത് വന്നിരിക്കുന്നത്, ദേവികുളം താലൂക്കിലെ കൊട്ടകമ്പൂർ, വട്ടവട ഗ്രാമങ്ങൾ ആണ് ഇതിന്‌റെ പരിധിയിൽ വരുന്നത്.
ഇടുക്കി വന്യജീവി സങ്കേതം
PC:Suresh Krishna
പെരിയാര്‍ വന്യജീവി സങ്കേതം
ഇടുക്കിയിലെ ഏറ്റവും പ്രസിദ്ധമായ വന്യജീവി സങ്കേതമാണ് പെരിയാര്‍ വന്യജീവി സങ്കേതം. ഇന്ത്യയിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നും കൂടിയാണിത്. ഇടുക്കി പത്തനംതിട്ട ജില്ലകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ വളരെ കുറച്ചുഭാഗത്തു മാത്രമാണ് മനുഷ്യർക്കു പ്രവേശനമുള്ളക്. ബാക്കിയിടങ്ങളെല്ലാം കന്യാവനങ്ങളായി നിലനിൽക്കുന്നു.
PC:Manoj Karingamadathil