ക്ഷത്രീയ പരമ്പരയായ ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയാണ് ചമ്പാനര്‍ നഗരത്തിന്റെ സ്ഥാപകന്‍. തന്റെ മന്ത്രിയായ ചമ്പാരാജിന്റെ പേരില്‍ ഈ സ്ഥലത്തിന് നാമകരണവും ചെയ്തു. ഇവിടത്തെ ചുട്ടുപൊള്ളുന്ന പാറകള്‍ക്ക് ഛംപക് അഥവാ ചെമ്പകപ്പൂവിന്റെ ഇളം മഞ്ഞ നിറത്തോടുള്ള സാദൃശ്യമാണ് ഈ സ്ഥലനാമത്തിന് കാരണമെന്നും ആളുകള്‍ പറയുന്നുണ്ട്. ചൌഹാന് കുലത്തിലെ ഖിചി രജപുത്രരാണ് പാവാഗഡ് കോട്ട പണിതത്.
പിന്നീട് മഹമൂദ് ബെഗ്ദ എന്ന പ്രസിദ്ധ ഭരണാധികാരി ഇത് പിടിച്ചടക്കുകയും മഹമൂദാബാദ് എന്ന് പേരിട്ട് തന്റെ തലസ്ഥാന നഗരമാക്കി അവരോധിക്കുകയും ചെയ്തു. നഗരം പുനര്നിര്മ്മിക്കുവാനും മോടികൂട്ടുവാനും 23 വര്‍ഷത്തെ ഭരണകാലത്തിനിടയ്ക്ക് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. പിന്നീട് ഈ പ്രദേശം അധീനപ്പെടുത്തിയ മുഗള്‍ രാജാക്കന്മാര് തലസ്ഥാനം അഹമ്മദാബാദിലേക്ക് മാറ്റി. ഇതോടെ ചമ്പാനറിന്റെ പ്രതാപം അസ്തമിക്കുകയും അവഗണിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന സര്‍വ്വേ പ്രകാരം ചമ്പാനറിന് അതിന്റെ പൂര്‍വ്വ സ്ഥിതി തിരികെ ലഭിച്ചു.
ഈ നഗര നിര്‍മ്മാണത്തില്‍ പ്രതിഫലിക്കുന്ന ആസൂത്രണ മികവും കലാചാതുരിയും കണ്ട് മനസ്സിലാക്കാന്‍ ഒരുപാട് ആളുകള്‍ ചമ്പാനറില്‍ വന്നെത്താറുണ്ട്. സന്ദര്‍ശകര്‍ക്ക് കാണാന്‍ ഒരുപാട് കാഴ്ചകളുണ്ട് ഇവിടെ. മസ്ജിദുകള്‍, സിക്കന്ദര്‍ ഷായുടെ കല്ലറ, ഹലോല്‍ പട്ടണം, സഖര്‍ ഖാന് ദര്‍ഗ്ഗ, മകായ് കോത്താര്‍ എന്ന പഴയകാല ധാന്യപ്പുരകള്‍, മഹമൂദ് ബെഗ്ദയുടെ കോട്ട, ഹെലികാറ്റ് കിണര്‍, ബ്രിക് ടോംബ്, പാവാഗഡ് കോട്ട, പുരാതന ക്ഷേത്രങ്ങള്‍, പാവാഗഡ് കോട്ടയുടെ കവാടങ്ങള്‍, ജംബുഗോദ വന്യജീവി സങ്കേതം, കേവ്ദി പരിസ്ഥിതി വനം, ധന്‍പാരി പരിസ്ഥിതി വനം എന്നിവ ആ ശ്രേണിയിലെ ചിലത് മാത്രമാണ്.
2004 ല്‍ പൈതൃകസമ്പന്നമായ ചമ്പാനറിനെ ഒരു യുനെസ്കോ സൈറ്റായി പ്രഖ്യാപിക്കുകയുണ്ടായി. ഇവിടെ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള വഡോദരയില്‍ നിന്ന് ബസ്സുകളും മറ്റു വാഹനങ്ങളും ചമ്പാനറിലേക്ക് സുലഭമായ് ലഭിക്കും.