ഒഡീഷയുടെ യഥാര്‍ത്ഥതലസ്ഥാനം എന്ന് കട്ടക്കിനെ വിളിക്കാം. തലസ്ഥാനമായ ഭുവനേശ്വരില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശം ഒഡീഷയുടെ സാംസ്ക്കാരിക,വാണിജ്യതലസ്ഥാനം തന്നെയാണ്. സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കമേറിയതുമായ ഈ ജില്ല മധ്യകാലഘട്ടത്തില്‍ അഭിനവ വാരണാസി കടക എന്നാണ് അറിയപ്പെട്ടിരുന്നത്.
മഹാനദിയുടേയും കത്ജോരി നദിയുടേയും തീരത്തുള്ള ഈ പ്രദേശം ഒഡീഷയിലെ നയനമനോഹരമായ വിനോദകേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.വിനോദയാത്രികര്‍ക്ക് കട്ടക്ക് പ്രിയകേന്ദ്രമാകാന്‍ കാരണങ്ങള്‍ പലതുമുണ്ട്. ഒഡീഷയുടെ സാംസ്ക്കാരിക കലവറ എന്നത് തന്നെ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.ഇന്നും നില നില്‍ക്കുന്ന പാരമ്പര്യ കലകളും തൊഴിലുകളും സഞ്ചാരികള്‍ ഒഡീഷയുടെ സംസ്ക്കാരിതയെ തൊട്ടറിയാന്‍ അവസരം നല്‍കുന്നു.
വിനോദസഞ്ചാരകേന്ദ്രങ്ങള്‍
തീര്‍ത്ഥകേന്ദ്രങ്ങളും സ്മാരകങ്ങളും,ക്ഷേത്രങ്ങളും,കുന്നുകളും കോട്ടകളുമടക്കം നിരവധി വത്യസ്തമായ കാഴ്ച്ചകളാണ് കട്ടക്കിലുള്ളത്. അന്‍സുപ എന്ന മനോഹരമായ ശുദ്ധജലതടാകവും ദബലേശ്വര്‍ ബീച്ചും ദബലേശ്വര്‍ ക്ഷേത്രവും രത്നഗിരി ലളിതഗിരി, ഉദയഗിരി മലനിരകളുടെ സൌന്ദര്യവും സഞ്ചാരികളുടെ മനംമയക്കുമെന്ന് ഉറപ്പ്. ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രശസ്തമായ ചാര്‍ച്ചിക ക്ഷേത്രവും മാതാ ഭട്ടാരികയെ ആരാധിക്കുന്ന ഭട്ടാരിക ക്ഷേത്രവും എട്ട് ശിവക്ഷേത്രങ്ങളുള്ള ചൌദാറും കട്ടക്കിലേക്ക് ഭക്തരെആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ പരുരാതനകാലം മുതല്‍ക്കേ ബുദ്ധമതം പഠിപ്പിക്കുന്ന നരജ് എന്ന ബുദ്ധകേന്ദ്രവും ചാന്ദിദേവിയെ പ്രതിഷ്ഠിച്ച ചാന്ദി ക്ഷേത്രവും കട്ടക്കിലെപ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്.
സതകോസ്യ വന്യജീവി സംരക്ഷണകേന്ദ്രമാണ് കട്ടക്കിലെ മറ്റൊരു പ്രധാന കേന്ദ്രം. ഒറീസ്സയിലെ വന്യമൃഗങ്ങളെല്ലാം തന്നെ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.കായിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കട്ടക്കിലെ ബരാബതി സ്റ്റേഡിയം സന്ദര്‍ശിക്കാം. ഇതുകൂടാതെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകങ്ങളും നേതാജി മ്യൂസിയവും ഒഡീഷയുടെ സ്വാതന്ത്രസമരകാലത്തെ കഥകള്‍ വിളിച്ചോതുന്നു.
വര്‍ണ്ണങ്ങള്‍ നിറഞ്ഞ ആഘോഷങ്ങള്‍
കട്ടക്കിനെപ്പറ്റി പറയുമ്പോള്‍ ആഘോഷങ്ങളെ ഒഴിവാക്കാനാകില്ല. എല്ലാ ആഘോഷങ്ങളിലും വളരെ ഉല്ലാസത്തോടെയും ആവേശത്തോടെയും പങ്കെടുക്കുന്ന ജനതയാണ് കട്ടക്കിലേത്. കട്ടക്കിന്‍റെ സാസ്ക്കാരിക പെരുമയുടെ പ്രധാന കാരണം ഈ ആഘോഷങ്ങള്‍ തന്നെ.ദസറ, ഗണേശ ചതുര്‍ത്ഥി,കാളിപൂജ,വസന്തപഞ്ചമി,കാര്‍ത്തികേശ്വര്‍ പൂജ,ക്രിസ്തുമസ്,ഈദ്,ഹോളി,ദീപാവലി, രഥയാത്ര എന്നിങ്ങനെ വിവിധ മതസ്ഥരുടെ വത്യസ്തമായ ആഘോഷങ്ങളെല്ലാം കട്ടക്ക് ഒന്നിച്ച് ആഘോഷിക്കാറുണ്ട്.ഇതുകൂടാതെ ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വാണിജ്യ ഉത്സവമായ ബലിയാത്ര നടക്കുന്നത് കട്ടക്കില്‍ വച്ചാണ്.വര്‍ഷാവര്‍ഷം നവംബര്‍ മാസത്തിലാണ് ഈ ആഘോഷം നടക്കുന്നത്. പട്ടം പറത്തല്‍ ഉത്സവമാണ് കട്ടക്കിലെ മറ്റൊരു പ്രധാന ആഘോഷം.
കട്ടക്ക്ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ് . സില്‍ക്ക്,കോട്ടണ്‍,വസ്ത്രങ്ങളുടെ വലിയ ശേഖരം തന്നെ ഇവടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
കാലാവസ്ഥ
ഹരിയാനയിലെ മറ്റ് പ്രദേശങ്ങളെ പോലെ കട്ടക്കും ഉഷ്ണമേഖലാ പ്രദേശമാണ്. വേനലില്‍ കൊടുംചൂടും മഞ്ഞുകാലത്ത് കൊടും തണുപ്പും അനുഭവപ്പെടുന്ന പ്രദേശമാണിത്.



Click it and Unblock the Notifications