ബെംഗളൂരു എന്നാൽ ഒരാശ്രയമാണ്. കയ്യിൽ കുറഞ്ഞ പണമേ ഉള്ളൂവെങ്കിലും പട്ടിണി കിടക്കാതെ ജീവിക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള നഗരം, തൊഴിൽ തേടി എത്തിയാൽ വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മികച്ച ജോലി കണ്ടെത്താൻ സാധിക്കുന്ന ഇടം. ജീവിക്കാനാണെങ്കിലും യാത്ര ചെയ്യാനാണെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്ന്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ബെംഗളൂരു ഇപ്പോൾ പഴയ ബെംഗളൂരു അല്ല.. കാര്യമെന്താണെന്നല്ലേ.
ജീവിതച്ചെലവ് തന്നെ... മുൻപൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള വിലക്കയറ്റത്തിലൂടെയാണ് നഗരം പോകുന്നത്. മെട്രോ നിരക്ക് വർധനവ്, ഓട്ടോ നിരക്ക്, ടോൾ നിരക്കിലെ വർധനവ് എന്നിവ ഇവിടെ എത്തുന്ന ആരെയും നേരിട്ട് ബാധിക്കുന്നതാണ്. ഇവിടെ ജീവിക്കുന്നവരെ സംബന്ധിച്ചെടുത്തോളം പാൽ വില വർധനവ്, ഗാർബേജ് ടാക്സ് എന്നിങ്ങനെ എന്നിങ്ങനെ മറ്റു വിലക്കയറ്റങ്ങളും ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ബെംഗളൂരുവിലെ ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

ബെംഗളൂരു മെട്രോ നിരക്ക് വർധനവ്
ബെംഗളൂരുവിൽ ജീവിക്കുന്നവർക്ക് ഏറ്റവും കനത്ത തിരിച്ചടി നല്കിയ ഒന്നാണ്
ബെംഗളൂരു മെട്രോ നിരക്ക് വർധനവ്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം വർധിപ്പിച്ച മെട്രോ നിരക്ക് വലിയ വിമർശനമാണ് നേരിട്ടത്. പിന്നീട് പുതുക്കിയ നിരക്കിൽ ചില വ്യത്യാസങ്ങൾ വരുത്തിയെങ്കിലും ബജറ്റിൽ ജീവിക്കുന്നവരുടെ ചെലവ് കൂട്ടുകയാണ് ഇത് ചെയ്തത്. ബെംഗളൂരു മെട്രോയുടെ ഏറ്റവും കൂടിയ നിരക്കായിരുന്ന 60 രൂപ ആണ് 90 രൂപയായി ഉയർത്തിയതാണ് പ്രധാന മാറ്റം. 25 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾ ഏറ്റവും കൂടിയ ടിക്കറ്റിന്‍റെ പരിധിയിൽ വരും. കുറഞ്ഞ നിരക്ക് പത്ത് രൂപ തന്നെയാണ്.
രണ്ട് കിലോമീറ്റർ ദൂരമാണ് മിനിമം ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക.
ബിഎംടിസി ബസ് നിരക്ക് വര്‍ധനവ്
സാധാരണക്കാരെ വലച്ച മറ്റൊരു നിരക്ക് വർധനവാണ് ബിഎംടിസി ബസുകളിലേക്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോര്‍ട്ട് കോർപ്പറേഷനു കീഴിലുള്ള ബസുകൾക്ക് 15 ശതമാനം നിരക്ക് വർധനവാണ് അധികൃതർ നടപ്പിലാക്കിയത്. കുറഞ്ഞ നിരക്കായ 5 രൂപ 6 രൂപയായും രണ്ടാം സ്റ്റേജിലെ 10 രൂപ 12 രൂപയുമായാണ് ഉയർത്തിയത്. ആദ്യ രണ്ട് കിലോമീറ്റർ ദൂരത്തിനാണ് ആറ് രൂപ. മുതിർന്ന പൗരന്മാർക്കിത് അഞ്ച് രൂപയും കുട്ടികൾക്ക് 3 രൂപയുമാണ് നിരക്ക്. ബെംഗളൂരു നിവാസികളെ മാത്രമല്ല, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള കേരള ആർടിസിയുടെ സംസ്ഥാനാന്തര സർവീസുകളെയും കർണ്ണാടകയുടെ നിരക്ക് വർധനവ് ബാധിച്ചിട്ടുണ്ട്.
ടോൾ നിരക്ക്
സംസ്ഥാന, ദേശീയ പാതകളിലൂടെയുള്ള യാത്രകൾക്ക് ഏപ്രിൽ 1 മുതൽ അധിക ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധനവ് നടപ്പിലാക്കിയത്. ബാംഗ്ലൂര്‍ യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്ന ബെംഗളൂരു വിമാനത്താവളം, മൈസൂർ - ബാംഗ്ലൂർ എക്സ്പ്രസ് വേ, സാറ്റലൈറ്റ് റിങ് റോഡ് തുടങ്ങിയവയ്ക്കൊപ്പം ഇതിലൂടെ കടന്നു പോകുന്ന ബെംഗളൂരു-തിരുപ്പതി ഹൈവേ, ബെംഗളൂരു-ഹൈദരാബാദ് ഹൈവേ തുടങ്ങിയ റൂട്ടുകളിലും ടോൾ വർധനവ് വന്നു. മൂന്ന് മുതൽ അഞ്ച് ശതമാനം വരെയാണ് ടോൾ കൂടിയിട്ടുള്ളത്.
ഡീസൽ വില്പന നികുതി
കർണ്ണാടകയിൽ ഡീസൽ വില്പന നികുതി ഉയർത്തിയത് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തില്ഡ വന്നു. ഇതും ബെംഗളൂരുവിലെ ജീവിതത്തെയും ജീവിതച്ചെലവിനെയും ബാധിക്കും. കർണാടക സർക്കാർ ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനമായി ഉയർത്തിയോടെ ലിറ്ററിന് 2 രൂപയുടെ വർദ്ധനവുണ്ടാകും, ഇത് വിൽപ്പന വില 91.02 രൂപയായി എത്തിക്കും.
ഗാർബേജ് ടാക്സ്
ബെംഗളൂരു നഗരത്തിലെ മാലിന്യ സംസ്കരണം മുൻനിർത്തി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) മാലിന്യ സെസ്" നടപ്പിലാക്കി. ഏപ്രിൽ 1 മുതൽ ബെംഗളൂരു നിവാസികൾ ഖരമാലിന്യ സംസ്കരണ ഉപയോക്തൃ ഫീസ് നൽകണം. മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായാണ് ഇത്. കെട്ടിടത്തിന്‍റെ ചതുരശ്ര അടി അനുസരിച്ചാണ് നിരക്ക് നൽകേണ്ടത്.
600 ചതുരശ്ര അടി വരെ: പ്രതിമാസം 10 രൂപ
600-1,000 ചതുരശ്ര അടി: പ്രതിമാസം 50 രൂപ
2,000-3,000 ചതുരശ്ര അടി: പ്രതിമാസം 150 രൂപ
3,000-4,000 ചതുരശ്ര അടി: പ്രതിമാസം 200 രൂപ
4,000 ചതുരശ്ര അടിക്ക് മുകളിൽ: പ്രതിമാസം 400 രൂപ എന്നിങ്ങനെയാണ് നിരക്ക്.
പാൽ , തൈര് വില വർധനവ്
കർണ്ണാടകയിൽ നന്ദിനി പാലിന്റെയും തൈരിന്റെയും വിലയിൽ ലിറ്ററിന് നാല് രൂപ വർദ്ധനവ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
വെള്ളത്തിന്‍റെ വില
ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് ബെംഗളൂരുവിൽ വെള്ളത്തിന്റെ വില ലിറ്ററിന് ഒരു പൈസ വർദ്ധിപ്പിച്ചു. ഏകദേശം പത്ത് വർഷത്തിനു ശേഷമുള്ള വെള്ളത്തിന്‍റെ വില വർധനവാണിത്. ഇതിന്റെ ഫലമായി, ഗാർഹിക ജല ബില്ലുകൾ പ്രതിമാസം 400 മുതൽ 500 രൂപ വരെ വർദ്ധിച്ചേക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













