കനത്ത ചൂടിൽ ഉരുകുകയാണ് ബാംഗ്ലൂർ നഗരം. രാവെന്നോ പകലെന്നോ ഈ ചൂടിന് വ്യത്യാസമില്ല. വര്‍ഷം മുഴുവൻ പ്രസന്നമായ കാലാവസ്ഥയായിരുന്ന, ഒരു ചൂടും ഏശാതെയിരുന്ന, ബാംഗ്ലൂരിന്റെ പ്രതാപകാലം ഒക്കെ ഒന്നൊന്നര മാസം കൊണ്ട് മാറി. ജലക്ഷാമവും കൊടുചൂടും എപ്പോൾ ഒന്നവസാനിക്കും എന്നുള്ള കാത്തിരിപ്പിലാണ് ബെംഗളുരു നിവാസികള്‍.
ഇപ്പോഴിതാ, ബാംഗ്ലൂരിന് മാത്രല്ല, കർണ്ണാടക മൊത്തത്തിൽ ആശ്വാസവുമായി കാലാവസ്ഥാ പ്രവചനം എത്തിയിരിക്കുകയാണ്. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (KSNDMC) പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിലാണ് സംസ്ഥാനത്ത് ഉടനീളം വരും ദിവസങ്ങളിൽ നേരിയതോ മിതമോ ആയ മഴ പെയ്യുമെന്ന പ്രവചനമുള്ളത്.

PC: PTI
ഏപ്രിൽ 1 ന് പുറപ്പെടുവിച്ച സാധ്യതാ പ്രവചനത്തിന് വിപരീതമായി, വ്യാഴാഴ്ച ഐഎംഡി (IMD)യുടെ ഏറ്റവും പുതിയ പ്രവചനത്തിൽ ബംഗളുരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സാധാരണ മുതൽ സാധാരണയിലും കൂടുതലുള്ള വേനൽമഴയാണ്.
2024 ഏപ്രിൽ 12 മുതൽ 14 വരെയും 17, 18 തിയതികളിലും കർണാടകയിൽ ഉടനീളം ഇടിമിന്നലോടുകൂടി വളരെ നേരിയതോ മിതമായതോ ആയ മഴ ഒറ്റപ്പെട്ട മഴ ലഭിക്കും. പതിവില്ലാത്ത വിധത്തിൽ ചൂട് അനുഭവപ്പെടുന്ന ബെംഗളുരുവിൽ ഏപ്രിൽ 17, 18 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം.
ഈ ദിവസങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത മഴ ആയിരിക്കില്ലെങ്കിലും നിലവിലെ ചൂടിൽ നിന്നും ഒരു മാറ്റം ലഭിക്കുവാൻ തക്ക മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, ഏപ്രിൽ 12, 13 എന്നീ തീയതികളിൽ 15 മില്ലീമീറ്ററിനും താഴെയുള്ള നേരിയ മഴ കർണ്ണാടകയിലെ മിക്ക ജില്ലകളിലും പ്രതീക്ഷിക്കുന്നതായും ഐഎംഡി പ്രവചിക്കുന്നു. ചിക്കമംഗളൂരു, കുടക്, മൈസൂരു, ഗഡഗ്, ബെലഗാവി എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ബെംഗളൂരു, ദക്ഷിണ കർണാടക ജില്ലകളിൽ ഏപ്രിൽ രണ്ടാം വാരത്തിൽ വേനൽമഴയ്ക്ക് സാക്ഷ്യം വഹിക്കാൻ തുടങ്ങും എന്നാണ് ഐഎംഡിയുടെ കണക്കുകൂട്ടലുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












