ബെംഗളുരുവിലെ ആദ്യത്തെ ഡബിള്‍ ഡെക്കർ ഫ്ലൈ ഓവർ സെൻട്രൽ സിൽക്ക് ബോർഡ് ജംങ്ഷനിൽ തുറന്നു. ഓരോ ദിവസവും വർധിച്ചു വരുന്ന ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ പൂർത്തിയാക്കിയ സിൽക്ക് ബോർഡ് ഡബിള്‍ ഡെക്കർ മേൽപ്പാലം സിൽക്ക് ബോർഡ് ജംഗ്ഷന് ചുറ്റുമുള്ള ഗതാഗതം ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെയും വൈകിട്ടുമുള്ള ഓഫീസ് സമയങ്ങളില് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഇവിടുത്തെ പതിവ് കാഴ്ചയാണ്.
റോഡിനും മെട്രോ റെയിലിനും വേണ്ടി സംയോജിപ്പിച്ചിരിക്കുന്ന രീതിയിലാണ് സിൽക്ക് ബോർഡ് ഡബിള്‍ ഡെക്കർ ഫ്ലൈ ഓവർ പൂർത്തിയാക്കിയിരിക്കുന്നത്. അഞ്ച് റാംപുകളാണ് ഇതിനുള്ളത്. ഇതിൽ മൂന്നെണ്ണത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കി.
നിലവിൽ കെ ആർ പുരയിലേക്കും ഇലക്ട്രോണിക്സ് സിറ്റിയിലേക്കും നയിക്കുന്ന ലോവർ ഡെക്ക് ആണ് ഇപ്പോൾ പരീക്ഷണ കാലയളവിലേക്കായി ഗതാഗതത്തിന് തുറന്നിരിക്കുന്നത്. 2025 ജൂൺ മാസത്തോടെ എച്ച്എസ്ആർ ലേഔട്ട് മുതൽ ബിടിഎം ലേഔട്ട് വരെയുള്ള സിഎസ്ബിയിലെ (സെൻട്രല്‍ സിൽക്ക് ബോർഡ്) റാമ്പുകൾ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാഗിഗുഡ്ഡ, ബിടിഎം ലേഔട്ട് എന്നിവിടങ്ങളിൽ നിന്ന് കെആർ പുരയിലേക്കും ഇലക്ട്രോണിക്സ് സിറ്റിയിലേക്കും പോകുന്നവർക്കും ബന്നാർഘട്ട റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും ആണ് നിലവിൽ ഭാഗികമായി തുറന്ന ഡബിള്‍ ഡെക്കർ ഫ്ലൈ ഓവർ പ്രയോജനപ്പെടുന്നത്. ഇനിയുള്ള 1.3 കിലോമീറ്റർ റാമ്പുകളുടെ നിർമാണം 2025 ജൂണിൽ പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ പ്രതീക്ഷിക്കുന്നത്.
സിഗ്നൽ ഒഴിവാക്കാം, സമയം ലാഭിക്കാം
കുരുക്കിൽ കിടക്കാതെ യാത്ര പൂർത്തിയാക്കുവാനും സെൻട്രൽ സിൽക്ക് ബോർഡിലെ സിഗ്നൽ ഒഴിവാക്കുവാനും യാത്രയിൽ 15-20 മിനിറ്റ് ലാഭിക്കാനും ഈ മേൽപ്പാലം വഴിയുള്ള യാത്ര സഹായിക്കും. നിലവിൽ എല്ലാത്തരം വാഹനങ്ങളെയും ഫ്ലൈ ഓവർ വഴി കടത്തിവുമെങ്കിലും നിർമ്മാണ സാമഗ്രികൾ കടത്തുന്ന ഭാരമേറിയ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പരമാവധി 40 കിലോമീറ്റർ വേഗതയിലാണ് ഇതിൽ സഞ്ചരിക്കുവാൻ സാധിക്കുക.
സിൽക്ക് ബോർഡിലെ റാമ്പുകൾ തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് എച്ച്എസ്ആർ ലേഔട്ട് ഭാഗത്തേക്ക് മാറാൻ സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നിലവിൽ ഉദ്ഗാടനം നടത്താതെ മേല്പ്പാലം ഗതാഗതത്തിനായി തുറന്ന് നല്കിയിരിക്കുകയാണ്. മേൽപ്പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീടുള്ള ഘട്ടത്തിലായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നേരത്തെ പറഞ്ഞു. പുതിയ മെട്രോ ലൈനുകൾ നിർദ്ദേശിക്കുന്ന നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ഡബിൾ ഡെക്കർ നിർമ്മിക്കുന്നതിന്‌റെ സാധ്യതകൾ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിൽക്ക് ബോർഡ് ഡബിള്‍ ഡെക്കർ ഫ്ലൈഓവർ പ്രത്യേകതകൾ
1. റോഡും മെട്രോയും ഒരുമിച്ച്
സിൽക്ക് ബോർഡ് ഡബിള്‍ ഡെക്കർ ഫ്ലൈഓവറിന്‍റെ ഏറ്റവും വലിയ പ്രത്യേകത റോഡിനും മെട്രോയ്ക്കുമാി നിർമ്മിച്ചിരിക്കുന്നു എന്നതാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോഡ്-മെട്രോ മേൽപ്പാലം ആണിത്. മേൽപ്പാലത്തിന് ഭൂമിയിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിൽ നാലുവരിപ്പാതയുണ്ട്. ഭൂമിയിൽ നിന്ന് 16 മീറ്റർ ഉയരത്തിലാണ് മെട്രോ ഇടനാഴി വരുന്നത്. ഈ മേൽപ്പാലത്തിൻ്റെ മുകളിലെ ഡെക്കിലൂടെ മെട്രോയും താഴത്തെ ഡെക്കിലൂടെ വാഹനങ്ങളുമാണ് ഓടുക.
നേരത്തെ സൂചിപ്പിച്ചതുപോലെ അഞ്ച് റാമ്പുകളാണ് ഇതിനുള്ളത്.
2. ദൂരം
റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് സിൽക്ക് ബോർഡ് ജംഗ്ഷനിൽ അവസാനിക്കുന്ന ഈ ഫ്ലൈ ഓവറിന് 3.36 കിലോമീറ്റർ ദൂരമാണുള്ളത്. മേൽപ്പാലത്തിലൂടെ ഓടുന്ന യെല്ലോ ലൈൻ മെട്രോ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ലെങ്കിലും, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഈ വർഷം ഡിസംബറോടെ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
3. തിരക്ക് കുറയ്ക്കുന്ന പ്രധാന റൂട്ടുകൾ
ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് അനുസരിച്ച് റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനെ ഹൊസൂർ റോഡുമായി ബന്ധിപ്പിക്കുന്ന റാമ്പ് എ, എച്ച്എസ്ആർ ലേഔട്ടിനെ ബന്ധിപ്പിക്കുന്ന റാംപ് ബി, ബിടിഎം ലേഔട്ടിൽ നിന്ന് ഹൊസൂർ റോഡിലേക്കും എച്ച്എസ്ആർ ലേഔട്ടിലേക്കും ചേരുന്ന റാമ്പ് എ എന്നീ മൂന്ന് റാമ്പുകൾ ഈ നിർണായക സ്ഥലങ്ങളിലെ തിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇപ്പോൾ കുപ്രസിദ്ധമായ സിൽക്ക് ബോർഡ് ജംഗ്ഷൻ ഒഴിവാക്കി പോകുന്നസ് സമയം ലാഭിക്കാന് സഹായിക്കുന്നു.
4. ഔട്ടർ റിംഗ് റോഡ് തിരക്ക് കുറയ്ക്കുന്നു
ബെംഗളുരുവിൽ കനത്ത ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രധാന ഇടങ്ങളിലൊന്നായ ഔട്ടർ റിങ് റോഡിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ മേല്‍പ്പാലം സഹായിക്കുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹൊസൂർ റോഡ്, ബിടിഎം ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട്, റാഗിഗുഡ്ഡ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ പുതിയ റൂട്ടിൽ 30-40 മിനിറ്റ് യാത്രാ സമയം ലാഭിക്കാം.
ഈ റൂട്ടിലെ സ്ഥിരം യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച സൗകര്യങ്ങളിലൊന്നാണ് ഈ ഡബിൾ ഡെക്കർ മേൽപ്പാലം. ഇതുവഴി കടന്നു പോകുന്നവർക്ക് കൂടുതൽ കാര്യക്ഷമവും സമയം കുറഞ്ഞതുമായ യാത്രാമാർഗ്ഗം ഇത് വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












