നാര്‍നോല്‍ - ച്യവനപ്രാശ നഗരം

ഏതേത് കാലഘട്ടത്തിലും ചരിത്രത്തിന്റെ ബഹുമുഖ മണ്ഡലങ്ങളില്‍ നാര്‍നോല്‍ അതിന്റെ സജീവ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. വേദങ്ങളില്‍ തുടങ്ങി ഇന്ത്യാചരിത്രത്തിന്റെ നാള്‍വഴികള്‍ പിന്നിട്ട് വര്‍ത്തമാന കാലത്തിലും ഒട്ടും പ്രഭ മങ്ങാതെ അത് നിലകൊള്ളുന്നു. മനോഹരമായ കവിതകള്‍ ആലപിച്ച് ദര്‍ബാറിനകത്ത് മായിക പ്രപഞ്ചം പണിത ഫൈസിയും അമൃതവര്‍ഷിണി രാഗത്തില്‍ ഗാനമാലപിച്ച് മഴവര്‍ഷിപ്പിച്ച താന്‍സെനും അടങ്ങുന്ന അക്ബറിന്റെ കൊട്ടാരത്തിലെ നവരത്നങ്ങളില്‍  ചക്രവര്‍ത്തിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന ബീര്‍ബലിന്റെയും, സര്‍വ്വായുധസജ്ജരും യുദ്ധനിപുണരുമായിരുന്ന മുഗളന്മാരെ വിറപ്പിച്ച ഷേര്‍ഷ സൂരിയുടെയും ജന്മം കൊണ്ട് അനുഗ്രഹീതമായ ഭൂമിയാണിതെന്ന് നാര്‍നോല്‍ ഊറ്റംകൊള്ളുന്നു.

ചരിത്ര, പുരാണ പഴങ്കഥകള്‍ക്ക് പുറമെ പച്ചമരുന്നുകള്‍ കൊണ്ടുണ്ടാക്കിയ ച്യവനപ്രാശം എന്ന ജനസമ്മതിയാര്‍ജ്ജിച്ച ആയുര്‍വേദക്കൂട്ടിന്റെ കൂടി ജന്മഭൂമിയാണിത്.

നാര്‍നോലിനകത്തും ചുറ്റുപാടുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

അണഞ്ഞുപോയ ഒരഗ്നിപര്‍വ്വതമെന്ന പേരില്‍ ദോശിമല ഏറ്റവുമധികം സഞ്ചാരികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. സജീവമായിരുന്ന കാലത്ത് പുറത്തേക്ക് പ്രവഹിച്ച ലാവ തണുത്തുറഞ്ഞ് പാറക്കല്ലുകളുടെ രൂപത്തില്‍ ഇന്നും ഇവിടെ കാണാം. മഹാഭാരത വേദത്തിലെ ച്യവനമഹര്‍ഷിയുടെ ആശ്രമം നിലകൊണ്ടിരുന്ന സ്ഥലം എന്നതും പ്രസിദ്ധിയുടെ മറ്റൊരു കാരണമാണ്.

നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു കുന്നിന്‍ചെരുവിലായി നിലകൊള്ളുന്ന  ഛാമുണ്ഡദേവി ക്ഷേത്രവും ആയിരക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്നു. നീണ്ട മുഗള്‍ ഭരണകാലത്തെ അവഗണനയുടെ ഫലമായി ജീര്‍ണ്ണാവസ്ഥയിലായിരുന്ന ഈ ക്ഷേത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം നാട്ടുകാര്‍ ചേര്‍ന്ന് പുനരുദ്ധരിച്ചു.

നഗരത്തിന്റെ ചൂണ്ടുപലക എന്ന് വിളിക്കപ്പെടുന്ന ചോര്‍ഗുമ്പയും നാര്‍നോലില്‍ എത്തുന്നവര്‍ മറക്കാതെ സന്ദര്‍ശിക്കേണ്ടതാണ്. നഗരത്തിലെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ഒരു പാറയുടെ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇടക്കാലത്ത് കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും ഒളിത്താവളമായ് മാറിയതിനാലാണ് ഈ പേര് വന്നുവീണത്.

ഗുമ്പഡ് എന്നാല്‍ കുബ്ബ അഥവാ താഴികക്കുടം എന്നാണര്‍ത്ഥം. ഇബ്രാഹിം ഖാന്റെ കല്ലറയായ സുരജല്‍ മഹല്‍ , നാലുവശവും വെള്ളത്താല്‍ വലയം ചെയ്ത മനോഹരമായ സൌധമാണ്. ഒരു ഉദ്യാനത്തിലേക്കും കല്ലറയിലേക്കുമുള്ള പ്രധാന കവാടമാണ് ട്രിപോളിയ. മൂന്ന് കവാടങ്ങള്‍ വേറെയുണ്ട് ഈ ഉദ്യാനത്തിന്. റായി ബല്‍ മുകുന്ദദാസ് പണിത ചട്ട റായി ബല്‍ മുകുന്ദദാസ് എന്ന രാജകീയമായ കൊട്ടാരം എന്നിവയെല്ലാം നാര്‍നോല്‍ പട്ടണത്തിലെ ചരിത്രത്തിന്റെ ചൂണ്ടുപലകകളാണ്.

നാര്‍നോലിലെ കാലാവസ്ഥ

മൂന്ന് കാലാവസ്ഥാ ഭേദങ്ങള്‍ക്കാണ് നാര്‍നോല്‍ വേദിയാകാറുള്ളത്, വേനലും വര്‍ഷവും ശൈത്യവും.

നാര്‍നോലില്‍ എത്തുന്ന വിധം

വ്യോമ, റെയില്‍ , റോഡുകള്‍ വഴി പ്രമുഖ പട്ടണങ്ങളുമായി നാര്‍നോല്‍ ബന്ധിക്കപ്പെട്ടിട്ടുണ്ട്.

Please Wait while comments are loading...