ഭൂട്ടാൻ യാത്ര വ്യത്യസ്തമായ ലോകത്തേയ്ക്കുള്ള ഒരു സഞ്ചാരമാണ്. ജീവിതരീതികളിലും ആചാരങ്ങളിലും കാലാവസ്ഥയിലും കാഴ്ചകളിലും എന്നിങ്ങനെ കണ്ണിലുടക്കുന്ന എന്തിലും കൗതുകമുണർത്തുന്നയിടം. എന്നാൽ ഇവിടേക്കുള്ള യാത്ര പൊതുവേ ചെലവു കൂടുതലുള്ളതാണ്. അതുകൊണ്ടുതന്നെ ബജറ്റ് യാത്രികരുടെ ലിസ്റ്റിൽ പലപ്പോഴും ഭൂട്ടാൻ കടന്നുവരാറില്ല. എന്നാൽ ബജറ്റ് യാത്രകർക്കും കൂടി ഭൂട്ടാനിലേക്ക് വരുവാനും സഞ്ചരിക്കുവാനും കഴിയുന്ന വിധത്തിൽ ഭൂട്ടാനിലെ യാത്രാ നിബന്ധനകൾ മാറുകയാണ്.
ഇപ്പോഴിതാ, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യം വിനോദസഞ്ചാരികൾക്ക് നികുതികളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ന്‍റെ അവസാനം വരെ രാജ്യം സന്ദര്‍ശിക്കുന്ന സഞ്ചാരികൾക്കാണ് ഭൂട്ടാൻ നികുതിയിളവുകൾ ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നല്കുവാൻ ഉദ്ദേശിക്കുന്നത്. രാജ്യത്ത് എത്ര ദിവസമാണോ അധികമായി നിൽക്കുന്നത്, അതിനനുസരിച്ച് ഇളവുകൾ നല്കന്ന രീതിയിലാണിത് പ്രവർത്തിക്കുക.

കുറഞ്ഞത് അഞ്ച് രാത്രി ഭൂട്ടാനിൽ ചെലവഴിക്കുന്നവർക്ക് ഭൂട്ടാന്റെ ദൈനംദിന ടൂറിസം ഫീസിൽ ഇളവ് ലഭിക്കും. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ കൂടുതൽ ദിവസം ഭൂട്ടാനില് ചിലവഴിക്കുന്നതിനനുസരിച്ച് നിങ്ങളുടെ ഭൂട്ടാൻ സന്ദർശനം ചെലവ് കുറഞ്ഞ ഒന്നായി മാറും. ഭൂട്ടാന്‍റെ ഔദ്യോഗിക ടൂറിസം വെബ്സൈറ്റ് ആയ Tourism Council of Bhutan ന്‍റെ https://www.tourism.gov.bt/ ൽ ആണ് വിശദ വിവരങ്ങളുള്ളത്. ജൂൺ 1 മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വന്നു.
ഇതുപോലെ, സഞ്ചാരികൾ ആദ്യ നാല് ദിവസത്തെ സസ്റ്റെയ്നബിൾ ഡെവലപ്മെന്‍റ് ഫണ്ട് (എസ്ഡിഎഫ്) അടയ്ക്കുകയാണെങ്കിൽ അധികമായി നാല് ദിവസം ഫീസ് നല്കാതെ രാജ്യത്ത് നിൽക്കാം. ഏഴ് ദിവസത്തെ എസ് ഡി എഫ് അടയ്ക്കുകയാണെങ്കിൽ അധികമായി ഏഴ് ദിവസം, 12 ദിവസത്തെ സ്റ്റെയ്നബിൾ ഡെവലപ്മെന്‍റ് ഫണ്ട് നല്കുന്നവർക്ക് തുടർന്നുള്ള 18 ദിവസം പ്രത്യേക ഫീസ് നല്കാതെ രാജ്യത്ത് തുടരുവാൻ സാധിക്കും. എന്നാൽ ഭൂട്ടാന്റെ എസ്ഡിഎഫ് നിരക്കിൽ മാറ്റമില്ല. ഒരു രാത്രി രാജ്യത്ത് ചെലവഴിക്കാൻ ഒരു യാത്രക്കാരന് $200 ആണ് നല്കേണ്ടത്.
രാജ്യത്തെത്തുന്ന സഞ്ചാരികളെ കൂടുതൽ ദിവസം തങ്ങുവാൻ പ്രേരിപ്പിക്കുകയാണ് പുതിയ മാറ്റങ്ങൾ വഴി ഭൂട്ടാൻ ലക്ഷ്യമിടുന്നത്. അതോടൊപ്പം ഇവിടുത്തെ ഭൂട്ടാനിലെ ഇമിഗ്രേഷൻ വകുപ്പ് വ്യത്യസ്ത പാക്കേജുകൾ വഴി രാജ്യത്തെത്തുന്നവർക്ക് പുതിയ സ്കീമിൽ എത്ര രൂപ വരെ ലാഭിക്കുവാനൻ കഴിയുമെന്ന് കണക്കുകൂട്ടാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റും വികസിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇത് ഒരു ആഴ്‌ചയിൽ താമസിക്കുന്ന വിനോദസഞ്ചാരികൾക്ക് 600 ഡോളറും ഒരു മാസം താമസിക്കുന്നവർക്ക് ഏകദേശം $3,600 ഡോളറും യാത്രയിൽ ലാഭിക്കാം.
ഇതിനോടകം ഭൂട്ടാൻ സന്ദർശനം പ്ലാൻ ചെയ്ത് വിസ ലഭിച്ചവർക്ക് പുതിയ മാറ്റങ്ങളുടെ പ്രയോജനം ലഭിക്കുവാൻ വിസ റദ്ദാക്കി പുതിയതിന് അപേക്ഷിക്കുകും അതുവഴി ആനുകൂല്യങ്ങൾ സ്വന്തമാക്കുകയും ചെയ്യാം.
എന്താണ് ഭൂട്ടാന്‍റെ സുസ്ഥിര വികസന ഫണ്ട്?
ഭൂട്ടാൻ സുസ്ഥിര വികസന ഫണ്ട് അഥവാ സസ്റ്റെയ്നബിൾ ഡെവലപ്മെന്‍റ് ഫണ്ട് രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് നടപ്പാക്കിയത്. കൊവിഡിന് ശേഷം രാജ്യം സന്ദർശികർക്കായി തുറന്നതു മുതലാണ് പുതിയ നയം ആരംഭിച്ചത്. രാജ്യത്ത് ചെലവിടുന്ന ഓരോ രാത്രിക്കും ഒരു സഞ്ചാരി ഫീസ് ഇനത്തിൽ മാത്രം 200 ഡോളർ നല്കുകയെന്നതാണ് ഇത്. ഇതിനു പുറമേയാണ് ഭക്ഷണം, താമസം, യാത്രാ തുടങ്ങിയ കാര്യങ്ങൾക്കുള്ള പണം ചെലവഴിക്കേണ്ടത്.

എന്നാൽ ഇന്ത്യയിൽ നിന്നും മാലദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ളവരെ പ്രാദേശിക സഞ്ചാരികളായി കണക്കാക്കി 15 ഡോളറാണ് ഒരു രാത്രി ഭൂട്ടാനിൽ ചെലവഴിക്കുന്നതിന്നല്കേണ്ടത്. മാത്രമല്ല, ഭൂട്ടാൻ അതിർത്തിയിലെ ടൗണുകളിലേക്ക് പകൽ സന്ദർശനം നടത്തുന്നതിന് ഫീസ് നല്കേണ്ടതുമില്ല, 6 വയസ്സിനു താഴെയുള്ളവരെ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 6-12 പ്രായക്കാർ 600 രൂപ ഫീസ് അടയ്‌ക്കേണ്ടിവരും
ഭൂട്ടാൻ സന്ദർശിക്കുവാൻ പറ്റിയ സമയം
ഭൂട്ടാന്‍ സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളാണ്. താഴ്വരകൾ പൂത്തു നിൽക്കുന്ന ഈ സമയം ആഘോഷങ്ങളുടെയും മികച്ച കാലാസ്ഥയുടെയും സമയം കൂടിയാണ്. എന്നാൽ ചെലവ് കുറഞ്ഞ ഭൂട്ടാൻ യാത്രയാണ് ലക്ഷ്യമെങ്കിൽ മഴക്കാലമായ ജൂൺ- ഓഗസ്റ്റ് സമയത്ത് പോകാം. ഒരു ആഴ്ച മുതൽ പത്ത് ദിവസം വരെ ചിലവഴിച്ചാല് ഇവിടുത്തെ പ്രധാന കാഴ്ചകൾ കണ്ടുതീർക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











