ഇടുക്കിയിലേക്ക് യാത്ര ഇനി ട്രെയിനിലാക്കിയാലോ? അതിനെപ്പോഴാ ഇടുക്കിയിൽ റെയിൽപാളം വന്നതെന്നല്ലേ? ഇടുക്കിയിൽ ട്രെയിന്‍ വന്നില്ലെങ്കിലും കേരള-തമിഴ്നാട് അതിർത്തി പട്ടണമായ ബോഡിനായ്ക്കന്നൂരിൽ ട്രെയിൻ സര്‍വീസ് വരികയാണ്. മധുര-തേനി-ബോഡിനായ്ക്കന്നൂർ റൂട്ടിൽ നടത്തുന്ന സർവീസിന് ഇന്നു മുതൽ തുടക്കമാകും. ഈ പാത ബ്രോഡ്ഗേജ് ആയി മാറിയതോടെയാണ് റെയിൽവേ സ്റ്റേഷൻ അനുവദിച്ചത്.
ചെന്നൈ മധുര, തേനി വഴിയുള്ള ട്രെയിൻ നമ്പർ 20602 എം ജി ആർ ചൈന്നെ സെൻട്രൽ - ബോഡി നായ്‌ക്കന്നൂർ ട്രെയിൻ സർവീസ് രാത്രി 8.30 ന് കേന്ദ്രമന്ത്രി ഡോ. എൽ മുരുകൻ ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യും. മധുര- തേനി- ബോഡി റൂട്ടിൽ 90 കിലോമീറ്റർ നീളത്തിലാണ് ബ്രോഡ് ഗേജ് പാത നിർമ്മിച്ചിരിക്കുന്നത്.

PC:https: India Rail Info
ജൂൺ 15 വ്യാഴാഴ്ച ഉദ്ഘാടന ദിവസം രാത്രി 8.30 ന് ട്രെയിൻ നമ്പർ 20602 മധുര - എം ജി ആർ ചെന്നൈ സെൻട്രൽ എക്‌സ്പ്രസ് ബോഡിനയ്‌ക്കന്നൂരിൽ നിന്നും ട്രെയിൻ നമ്പർ 06702 തേനി-മധുര അൺറിസേർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ രാത്രി 8.45-നും പുറപ്പെടുമെന്നുമാണ് വിവരം.
മധുരയിൽനിന്ന് രാവിലെ 8.20 ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തേനിയിൽ 9.42ന് എത്തിച്ചേരും. 10.30 ന് ബോഡിനായ്‌ക്കന്നൂരിൽ എത്തും. തുടർന്ന് വൈകിട്ട് 5.50 ന് ബോഡിനായ്ക്കന്നൂരിൽ നിന്ന് തിരികെ പുറപ്പെടുന്ന സർവീസ് രാത്രി 7.50ന് മധുരയിൽ എത്തിച്ചേരും. എല്ലാ ദിവസവും മധുര-ബോഡി റൂട്ടിൽ അൺറിസേർവഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.
ഇടുക്കിക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ബോഡി നായ്ക്കന്നൂരിലേക്ക് ട്രെയിൻ സർവീസം ആരംഭിക്കുന്നതോടെ ഇടുക്കി ജില്ലയിലെ ഏറ്റവും സമീപത്തുള്ള റെയിൽവേ സ്റ്റേഷനായി ഇത് മാറി. ഇടുക്കിയിലെ അതിർത്തിഗ്രാമങ്ങളിലൊന്നായ പൂപ്പാറയിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് ബോഡിനായ്ക്കന്നൂർ റെയില്‍വേ സ്റ്റേഷൻ. കട്ടപ്പനയിൽ നിന്ന് 60 കിലോമീറ്ററാണ് ദൂരം. അതേസമയം മറ്റൊരു സ്റ്റേഷനായ ഉദുമലൈപ്പേട്ട റെയില്‍വേ സ്റ്റേഷനിലേക്ക് മറയൂരിൽ നിന്ന് 47 കിലോമീറ്ററാണ് ദൂരം.
ബോഡിനായ്ക്കന്നൂർ ട്രെയിൻ- സമയക്രമം
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈയിൽനിന്നു ബോഡിനായ്ക്കനൂരിലേക്കും ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ബോഡിനായ്ക്കനൂരിൽനിന്നു ചെന്നൈയിലേക്കും സർവീസുകൾ ഉണ്ട്. ഉസിലം പെട്ടി, ആണ്ടിപെട്ടി, തേനി എന്നീ മൂന്നൂ സ്റ്റോപ്പുകളാണുള്ളത്. എല്ലാ ദിവസവും മധുര-ബോഡി റൂട്ടിൽ അൺറിസേർവഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും.
യാത്രകൾ ഇനി എളുപ്പം
തീർത്ഥാടകർക്കും കർഷകർക്കും വിനോദസഞ്ചാരികൾക്കും ഉൾപ്പെടെ ഏറ്റവും പ്രയോജനകരമായ ഒരു റെയിൽപാതയായിരിക്കുമിത്. ഇടുക്കിയോട് ചേർന്നു കിടക്കുന്ന ഇവിടെനിന്നും ചരക്കുനീക്കം സുഗമമാക്കുവാൻ ഇത് സഹായിക്കും. ഒപ്പം അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയിടങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർക്കും ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടും. മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തീർത്ഥാടന യാത്രകൾക്കും ഈ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













